തിരുവനന്തപുരം : സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിവാദത്തിൽ കൊണ്ടെത്തിച്ച ഒരു സംഭവമായിരുന്നു പാർട്ടിയുടെ ജനജാഗ്രത യാത്രയ്ക്കിടെ ആഡംബര മിനി കൂപ്പർ കാറിൽ യാത്രചെയ്തത് . പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കായി സർക്കാർ പ്രഖ്യാപിച്ച മാപ്പാക്കൽ പദ്ധതിയുടെ മറവിൽ കേരളത്തിൽ നിന്ന് ഈ ആഡംബര കാർ കടത്തി.
കരിപ്പൂർ സ്വർണ കടത്തു കേസിലെ പ്രതിയും കൊടുവള്ളി നഗരസഭാ അംഗവുമായ കാരാട്ട് ഫൈസലിന്റേതായിരുന്നു കാർ. നികുതി വെട്ടിക്കാനായി മിനി കൂപ്പർ പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്തു കേരളത്തിൽ ഉപയോഗിച്ചെന്നായിരുന്നു ആരോപണം.
നികുതി വെട്ടിപ്പിനെ പേരിൽ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് എടുത്ത ക്രൈംബ്രാഞ്ചും മോട്ടോർ വാഹന വകുപ്പും തുടക്കം മുതൽ കാരാട്ട് ഫൈസലിന്റെ കാര്യത്തിൽ മെല്ലെപ്പോക്കിലായിരുന്നു. കോടിയേരിയുടെ യാത്ര വിവാദമായതോടെ പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്ത രേഖകൾ ഹാജരാക്കാൻ കൊടുവള്ളി ജോയിന്റ് ആർടിഒ ജനുവരിയിൽ കാരാട്ട് ഫൈസലിനു നോട്ടിസ് നൽകി.
ആദ്യം മറുപടി നൽകാതിരുന്ന ഫൈസൽ പിന്നീട് ഓഫിസിലെത്തി കൂടുതൽ സമയം ആവശ്യപ്പെട്ടു. രണ്ടു ദിവസം ജോയിന്റ് ആർടിഒ സമയം നൽകിയിട്ടും മറുപടി നൽകിയില്ല. തുടർന്ന് ഈ കേസിലും അന്വേഷണം വേണമെന്നാവശ്യപ്പെട്ടു ജോയിന്റ് ആർടിഒ ക്രൈംബ്രാഞ്ച് മേധാവിക്കും കോഴിക്കോടു ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കും കത്തു നൽകി. എന്നാൽ കേസ് അന്വേഷണം വഴിമുട്ടി. തുടർന്ന് കാർ അനധികൃതമായി കേരളത്തിൽ ഓടിച്ചതിന് ഏഴു ലക്ഷം രൂപ പിഴ അടയ്ക്കണമെന്നു ജോയിന്റ് ആർടിഒ ഫൈസലിന് നോട്ടീസ് നൽകിയിരുന്നു.
Read more: ഒരു കൊടും ക്രൂരതകൂടി കേരളാ പോലീസിന്റെ തൊപ്പിയിൽ തൂവലായി
എന്നാൽ താൻ സ്ഥിരമായി ഈ കാർ കേരളത്തിൽ ഓടിച്ചിട്ടില്ലെന്നും കുറച്ചു പ്രാവശ്യം മാത്രം ഓടിച്ചതിനു പിഴ അടയ്ക്കാൻ കഴിയില്ലെന്നുമായിരുന്നു ഫൈസലിന്റെ മറുപടി. അതിനു ശേഷം മോട്ടോർ വാഹന വകുപ്പ് ഈ കാർ കേരളത്തിൽ കണ്ടിട്ടില്ല. അവരുടെ രഹസ്യാന്വേഷണത്തിൽ മിനി കൂപ്പർ പുതുച്ചേരി ആർടി ഓഫിസിൽ നിന്നു എൻഒസി വാങ്ങി വിറ്റതായാണ് അറിഞ്ഞത്. അതിനാൽ പിഴ അടയ്ക്കാത്തതിന്റെ പേരിൽ കാരാട്ട് ഫൈസലിനെതിരെ റവന്യു റിക്കവറി നടപടി ആരംഭിച്ചതായി മോട്ടോർ വാഹന വകുപ്പ് ഉന്നതർ വ്യക്തമാക്കി.
Post Your Comments