യാത്രകൾ ഇഷ്ടപെടാത്തവരുണ്ടോ ? യാത്രകൾ കേവലം വിനോദ സഞ്ചാരത്തിൽ ഒതുങ്ങുന്നതല്ല. തീം പാര്‍ക്കുകളിലും ബീച്ചുകളിലും നഗരങ്ങളിലും മാത്രം ചുറ്റിയടിച്ച് നടക്കുന്നതിനപ്പുറം ചില യാത്രകൾ ധാരാളം അനുഭവങ്ങൾ സമ്മാനിക്കാറുണ്ട്. ഇടയ്ക്കൊക്കെ പ്രകൃതിയിലേയ്ക്ക് മാത്രമായും യാത്രകള്‍ ചെയ്യണം. ഇനി മലയകറ്റം പോലുള്ള സാഹസങ്ങളില്‍ താല്പര്യമില്ലെന്നാണെങ്കില്, വേണ്ട കാടിനകത്തുകൂടി വെറുതേ സഞ്ചരിക്കുന്നതില്‍ പ്രശ്നമില്ലല്ലോ. പ്രശ്നമാകും എന്ന സംശയമുണ്ടെങ്കില്ത്തന്നെ അത് ആദ്യ കാടനുഭവത്തിലൂടെ മാറും, പിന്നെ കാടുകള്തേടി നടക്കും നമ്മള്, അതുതന്നെയാണ് കാട്ടുയാത്രകളുടെ പ്രത്യേകതയും.
വനങ്ങളില്‍ ജീവിച്ചിരുന്ന പൂര്‍വ്വികരുടെ പിന്‍ഗാമികളായ നമ്മള്‍ക്കുള്ളിലെ ആദിമചോദന പുറത്തുകൊണ്ടുവരാനുള്ള കഴിവുണ്ട് അവയ്ക്ക്, വിടപറഞ്ഞുപോരുമ്പോഴും എന്നിലേയ്ക്ക് നീ തിരിച്ചുവരുമെന്ന് ആത്മവിശ്വാസത്തോടെ ഓരോ കാടും നമ്മളോട് നിശബ്ദം പറയും. ഇത്തരമൊരു കാടനുഭവം തേടുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് ബന്ദിപ്പൂര്‍ കാട്.
പേര് കേള്‍ക്കുമ്പോള്‍ പണ്ടു നാടും കാടും വിറപ്പിച്ച വീരപ്പനെയാണ് ഓര്‍മ്മവരുകയെങ്കിലും ഇപ്പോള്‍ പേടിയ്ക്കാന്‍ ബന്ദിപ്പൂരില്‍ വീരപ്പനില്ലല്ലോ. പക്ഷേ തനി കാടന്മാരായ മറ്റുപലരുമുണ്ടിവിടെ. കടുവ, പുള്ളിപ്പുലി, കാട്ടുപോത്ത്, കാട്ടാന അങ്ങനെ ചെറുതും വലുതുമായി പലരും. ഇന്ത്യയിലെ ടൈഗര്‍ റിസര്‍വ്വ് ഫോറസ്റ്റുകളില്‍ ഒന്നാണ് ബന്ദിപ്പൂര്‍ കാട്. എഴുപതോളം കടുവകള്‍ ഈ കാട്ടിലുണ്ടെന്നാണ് സമീപകാല കണക്കെടുപ്പു ഫലങ്ങള്‍.
എങ്ങനെ ബന്ദിപ്പൂരിലെത്താം
മൈസൂരില്‍ നിന്നും ഇവിടേയ്ക്ക് 80കിലോമീറ്ററാണ് ദൂരം, ബാംഗ്ലൂരില്‍ നിന്നാവട്ടെ 220 കിലോമീറ്റര്‍ സഞ്ചരിയ്ക്കണം. കേരളത്തില്‍ നിന്നാണെങ്കിലും വയനാട് വഴിയും മറ്റും ഇവിടെയെത്തുക എളുപ്പമാണ്. (സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ടൈഗര്‍ റിസര്‍വ്വുകളില്‍ കാനനസവാരി നിരോധിച്ചിരിക്കുകയാണ്. നിരോധനം എന്ന് പിന്‍വലിക്കുമെന്നതേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല) ബന്ദിപ്പൂരിനെക്കുറിച്ച് ചിലത് കര്‍ണാടകത്തിലും തമിഴ്നാട്ടിലും കേരളത്തിലുമായിട്ടാണ് ബന്ദിപ്പൂര്‍ കാട് പരന്നുകിടക്കുന്നത്.
തമിഴ്നാട്ടിലെ മുതുമലൈയിലും കേരളത്തിലെ വയനാട്ടിലുമായിട്ടാണ് കാടിന്റെ കിടപ്പ്. സൈലന്റ് വാലി ഉള്‍പ്പെടുന്ന നീലഗിരി ബയോസ്ഫ്യര്‍ റിസര്‍വ്വിന്റെ ഭാഗംകൂടിയാണ് ബിന്ദിപ്പൂര്‍ കാട്. കബനി നദിയുടെ തീരത്തുകിടക്കുന്ന കാട്ടില്‍ കടുവകളെക്കൂടാതെ, പുള്ളിപ്പുലി, കാട്ടുപോത്ത്, പലതരം മാനുകള്‍, ആന, പന്നി, കുറുനരി തുടങ്ങി പല ജീവിവര്‍ഗങ്ങളുമുണ്ട്. അപൂര്‍വ്വയിനം പക്ഷികളും സസ്യങ്ങളുമുണ്ട് ഇവിടെ. മയില്‍ക്കൂട്ടങ്ങളെ ഇവിടെ ധാരാളമായി കാണാന്‍കഴിയും. കാടിനുള്ളില്‍ കബനിയില്‍ ഒഴുകിച്ചേരുന്ന ഒട്ടേറെ അരുവികളും ചെറു തോടുകളുമുണ്ട്.
ബന്ദിപ്പൂര്കാട്ടിലെ ടൂറിസം സാധ്യതകള്‍
കാട്ടിനകത്തുകൂടിയുള്ള സഫാരിയാണ് ഇവിടത്തെ പ്രധാന വിനോദം. അതിരാവിലെ കാടിനകത്തുകൂടി യാത്രചെയ്താല്‍ പലതരം മൃഗങ്ങളെയും നേരില്‍ക്കാണാം. സഫാരിയ്ക്കായി ജീപ്പുകളും ടൂര്‍ ബസുകളുമുണ്ട്. വനംവകുപ്പ് ഓഫീസില്‍ ഇവ ലഭിയ്ക്കാനുള്ള സൗകര്യങ്ങളുണ്ട്. സ്വന്തം വാഹനത്തില്‍ കാടുകാണാന്‍ പോയ്ക്കളയാം എന്ന് വിചാരിയ്ക്കരുത്. സംരക്ഷിതവനമാണ് ഒറ്റയ്ക്ക് പോയി കാടുകാണല്‍ ഇവിടെ നടക്കില്ല. തലേദിവസം തന്നെ വന്ന് ക്യാമ്പ് ചെയ്താല്‍ മാത്രമേ ഇവിടെ അതിരാവിലെ സഫാരിയ്ക്ക് പോകാന്‍ കഴിയൂ. ബന്ദിപ്പൂരിലും പരസരത്തുമായി താമസിക്കാന്‍ നല്ല സൗകര്യങ്ങളുള്ള റിസോര്‍ട്ടുകളും ഹോട്ടലുകളുമെല്ലാമുണ്ട്. കാടുകാണലിനൊപ്പം തന്നെ ഗോപാലസ്വാമി ബെട്ട, കബിനി ഡാം എന്നിവയും കാണാം.
Post Your Comments