ജിദ്ദ : യോഗ ഒരു അനൂഭൂതിയാണ്. മനസും ശരീരവും ആത്മാവും ഒന്നിച്ചു ചേരുന്ന ആ അതുല്യ അനുഭവത്തെ നെഞ്ചോടു ചേര്‍ത്തു പിടിക്കുകയാണ് സൗദിയും. അടുത്തിടെയാണ് സൗദി വാണിജ്യ -നിക്ഷേപ മന്ത്രാലയം യോഗ പഠനത്തെയും പരിശീലനത്തെയും കായിക ഇനമായി അംഗീകരിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയാണ് സൗദിയില്‍ യോഗയ്ക്ക് പ്രചാരമേറിയത്. യോഗ എന്നത് ഹിന്ദു മതവിശ്വാസത്തിന്റെ ഭാഗമാണെന്ന തെറ്റിധാരണകള്‍ പണ്ട് സൗദിയിലെ ആളുകള്‍ക്കിടയിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആയിരക്കണക്കിന് സൗദി സ്വദേശികളാണ് ദിവസവും യോഗ പരിശീലനത്തിലേര്‍പ്പെടുന്നത്. ഇക്കൂട്ടത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണവും കൂടിവരികയാണ്.
സൗദിയിലെ ഡോക്ടര്‍മാരും ഇപ്പോള്‍ യോഗ നിര്‍ദ്ദേശിക്കുന്നുണ്ട്. അറബ് യോഗ ഫൗണ്ടേഷനു കീഴില്‍ നിരവധി സ്ഥാപനങ്ങളാണ് യോഗ പരിശീലിപ്പിക്കുന്നതിനായി സൗദിയിലുള്ളത്. യോഗ അധ്യാപകനാകാനുള്ള കോഴ്സും അറബ് യോഗ ഫൗണ്ടേഷന് നടത്തുന്നുണ്ട്. ഏകദേശം 500 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സാണ് ഇതിനായി നടത്തുന്നത്. ദിവസം ചെല്ലും തോറും അറബ് നാടുകളില്‍ യോഗയുടെ പ്രചരണം ഏറിവരികയാണെന്നും പ്രായമേറിയവരുള്പ്പടെ നിരവധി ആളുകളാണ് യോഗയെത്തേടിയെത്തുന്നതെന്നും സൗദിയിലെ യോഗ അധ്യാപകര്‍ പറയുന്നു.
Post Your Comments