KeralaLatest NewsNews

വളർത്തുപൂച്ചയും പട്ടിയും കീരിയും അക്രമകാരികളായപ്പോൾ ; ആശുപത്രിയിലായത് പത്തുപേർ

കണ്ണൂർ : കണ്ണൂരിന് ഇന്നലെ കറുത്ത ഞായറായിരുന്നു. കാരണം മറ്റൊന്നുമല്ല വളർത്തുപൂച്ചയുടെയും നായയുടെയും കീരിയുടെയും ആക്രമണത്തിന് ഇരയായി ആശുപത്രിയിൽ എത്തിയത് പത്തുപേരാണ്‌.
ചെമ്പിലോട് കോമത്തുകുന്നുമ്മലിൽ ആറുപേർക്കാണു നായയുടെ കടിയേറ്റത്. ഏഴോം കണ്ണോത്ത് മൂന്നുപേരെ കീരി കടിച്ചു. കണ്ണാടിപ്പറമ്പിൽ വീട്ടമ്മയെ വളർത്തുപൂച്ചയാണു കടിച്ചത്.

ചെമ്പിലോട് കോമത്തുകുന്നുമ്മൽ നടുക്കോത്ത് സവിതയ്ക്കു വീടിന്റെ പരിസരത്തുനിന്നാണ് നായയുടെ കടിയേറ്റത്. തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്തെ മറ്റൊരാളും നായയുടെ കടിയേറ്റ് ചികിത്സ തേടിയിരുന്നു. ഞായറാഴ്ച രാവിലെ പാലുമായി അടുത്തുള്ള സൊസൈറ്റിയിലേക്കു പോകവേ സവിതയുടെ അമ്മ ജാനകിയെയും ഇതേ നായ കടിച്ചു. ജാനകിയമ്മയെ നായ കടിച്ചത് അറി‍ഞ്ഞ് വീട്ടിലെത്തിയ ഇവരുടെ ബന്ധു ഹേമന്ദിനും തിരികെപ്പോകുന്ന വഴി കടിയേറ്റു.

ജാനകിയമ്മയ്ക്കും സവിതയ്ക്കും കടിയേറ്റത് അറിഞ്ഞ് അയൽവാസിയായ കോമത്ത് ശരീഫയും ഇവരുടെ വീട്ടിലെത്തിയിരുന്നു. പിന്നീട് മക്കളെ കൂട്ടിക്കൊണ്ടുവരാനായി മദ്രസയിലേക്കു പോകുംവഴി ശരീഫയ്ക്കും കടിയേറ്റു. പാലു വാങ്ങാനായി സൊസൈറ്റിയിലേക്കു പോകുന്നതിനിടെയാണു കണ്ണമ്പേത്തു വസന്തനു കടിയേറ്റത്. സവിതയെയും ജാനകിയെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു.

കണ്ണാടിപ്പറമ്പ് മുണ്ടേരിക്കടവ് അളവൂർകുന്നത്തുതാഴെ ദേവിയെ വളർത്തുപൂച്ചയാണ് ആക്രമിച്ചത്. രാത്രി ഭക്ഷണ ശേഷം പാത്രങ്ങൾ കഴുകുന്നതിനിടെ അടുത്തെത്തിയ പൂച്ച കയ്യിൽ കടിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ദേവിക്ക് അണുബാധയുള്ളതിനാൽ കോഴിക്കോട് മെഡിക്കൽ കോളേ ജിലേക്ക് മാറണമെന്ന് നിർദേശം ലഭിച്ചു.

ഏഴോം കണ്ണോത്തെ കീരി വയോധികരെയാണ് തിരഞ്ഞുപിടിച്ച് ആക്രമിച്ചത്. വീടിനു പുറത്തുകൂടി നടക്കവേയാണ് പടിഞ്ഞാറെവീട്ടിൽ കല്യാണി(80)യുടെ രണ്ടു കാലുകളിലും കീരി കടിച്ചത്. അനക്കിഴക്കേ വീട്ടിൽ ജനാർദ്ദനനും (70), എ.കെ.നാരായണനും (87) ഇതേ കീരിയുടെ കടിയേറ്റു. ഇവരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button