ന്യൂഡല്‍ഹി: രാജ്യത്ത് 2,486 എ.ടി.എമ്മുകള്‍ക്ക് താഴ് വീണു. ചിലവുചുരുക്കലിന്റെ ഭാഗമായി രാജ്യത്ത് പത്ത് മാസത്തിനിടെ പൂട്ടിയത് 2500ഓളം എടിഎമ്മുകളാണ്. 2017 മെയിലെ കണക്കു പ്രകാരം ബാങ്കുകള്‍ക്കൊട്ടാകെ 1,10,116 എടിഎമ്മുകളാണുണ്ടായിരുന്നത്. ഫെബ്രുവരി 2018 ആയതോടെ ഇത് 1,07,630 ആയി കുറഞ്ഞു. അതായത്, താഴുവീണത് 2,486 എടിഎമ്മുകള്‍ക്ക്.
ബാങ്കുകളോട് ചേര്‍ന്നുള്ള എടിഎമ്മുകളുടെ കണക്കാണിത്. ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ബാങ്കുകള്‍ ശാഖകളുടെ എണ്ണവും കുറച്ചിരുന്നു. ഇതിന്റെ ഭാഗമായി കൂടിയാണ് എടിഎമ്മുകള്‍ പൂട്ടിയത്. ഈ കാലയളവില്‍ ബാങ്ക് ഓഫ് ഇന്ത്യ ശാഖകളോട് ചേര്‍ന്നുള്ള 108 എടിഎമ്മുകളും മറ്റിടങ്ങളിലുള്ള 100 എടിഎമ്മുകളുമാണ് പൂട്ടിയത്.
എസ്ബിഐയുടെ ശാഖകളോടു ചേര്‍ന്ന എടിഎമ്മുകളുടെ എണ്ണം 29,150ല്‍ നിന്ന് 26,505 എണ്ണമായാണ് കുറച്ചത്. കാനറാ ബാങ്ക് ശാഖകളോടു ചേര്‍ന്നുള്ള 189ഉം പുറത്തുള്ള 808 എടിഎമ്മുകളും പൂട്ടി. സെന്‍ട്രല്‍ ബാങ്ക് 27 ഓണ്‍സൈറ്റ് എടിഎമ്മുകളും 317 ഓഫ്സെറ്റ് എടിഎമ്മുകളുമാണ് അടച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്ക് യഥാക്രമം 655ഉം 467ഉം എടിഎമ്മുകള്‍ അടച്ചതായി ആര്‍ബിഐ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ഒരു എടിഎമ്മിന്റെ പരിപാലന ചിലവ് പ്രതിമാസം അറുപതിനായിരത്തോളം രൂപയാണ്. പുറമെ സെക്യൂരിറ്റി ജീവനക്കാരന്റെ ശമ്പളവും. ആവര്‍ത്തന ചെലവുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി എടിഎം സെന്ററിലെ സുരക്ഷാ ഗാര്‍ഡിനെയും മിക്ക ബാങ്കുകളും ഒഴിവാക്കിയിട്ടുണ്ട്.
Leave a Comment