ദുബായ് : പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് പണം അയയ്ക്കാന്‍ ഇത് നല്ല സമയമാണെന്ന് റിപ്പോര്‍ട്ട്. രൂപയുടെ മൂല്യം താഴേക്കു പോയതോടെ, ഗള്‍ഫ് പ്രവാസികള്‍ക്കു നാട്ടിലേക്കു പണം അയയ്ക്കാന്‍ ഉണര്‍വ്. ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നതില്‍ 10% വര്‍ധനയുണ്ടെന്ന് മണി എക്‌സ്‌ചേഞ്ച് കേന്ദ്രങ്ങള്‍ പറയുന്നു. ഏറെ മാസങ്ങള്‍ക്കുശേഷമാണു രൂപയുടെ വിനിമയ നിരക്ക് ഒരു യുഎഇ ദിര്‍ഹത്തിനും ഖത്തര്‍ റിയാലിനും 18 രൂപയ്ക്കു മുകളിലേക്ക് ഉയര്‍ന്നത്.
കുവൈത്ത് ദിനാറിന് 221 രൂപയും ബഹ്‌റൈന്‍ ദിനാറിനു 176.68 രൂപയുമാണു നിരക്ക്. മാസാദ്യമായതും നാട്ടിലേക്ക് പണം അയയ്ക്കുന്നതു വര്‍ധിപ്പിച്ചു. എണ്ണ വില ഉയരുന്നതും അമേരിക്കന്‍ ഫെഡറല്‍ നിരക്ക് വര്‍ധിപ്പിക്കുന്നതും രൂപ കൂടുതല്‍ ദുര്‍ബലമാകാന്‍ ഇടയാക്കുമെന്നാണു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഡോളര്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നതോടെ, രൂപയുടെ മൂല്യം ഇനിയും കുറയാനാണു സാധ്യതയെന്നും അവര്‍ പറയുന്നു. എങ്കില്‍ എക്‌സ്‌ചേഞ്ച് നിരക്കും വീണ്ടും ഉയരാന്‍ സാധ്യതയുണ്ട്. നിരക്ക് വര്‍ധിച്ചതോടെ ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നതില്‍ എട്ടു മുതല്‍ പത്തുശതമാനംവരെ വര്‍ധനയുണ്ടായിട്ടുണ്ടെന്നു യുഎഇ എക്‌സ്‌ചേഞ്ച് സിഇഒ പ്രമോദ് മങ്ങാട്ട് പറഞ്ഞു.
13 മാസത്തിനിടെ ഏറ്റവും വലിയ ഇടിവാണ് രൂപയ്ക്കുണ്ടായത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇടപെടുന്നില്ലെങ്കില്‍ രൂപയുടെ മൂല്യം ഇനിയും കുറയാനാണു സാധ്യതയെന്നും അഭിപ്രായപ്പെട്ടു. ഡോളറുമായുള്ള വിനിമയത്തില്‍ വെള്ളിയാഴ്ച രൂപ 66.87ല്‍ എത്തിയിരുന്നു. 23 പൈസയുടെ ഇടിവ്. രാജ്യാന്തര വിപണിയിലെ എണ്ണ വിലക്കയറ്റം രൂപയെ സ്വാധീനിച്ചിരുന്നു. കഴിഞ്ഞ നാലാഴ്ചയായി രൂപ തിരിച്ചടി നേരിട്ടു വരികയാണ്.
ഇന്ത്യ ഒന്നാം സ്ഥാനത്ത്
ലോകബാങ്ക് റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം 6900 കോടി ഡോളറാണ് പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത്. ഇക്കാര്യത്തില്‍ ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. 6400 കോടി ഡോളറാണ് വിദേശത്തു താമസിക്കുന്ന ചൈനക്കാര്‍ സ്വദേശത്തേക്ക് അയച്ചത്. ഫിലിപ്പീന്‍സുകാര്‍ 3300 കോടി ഡോളറും. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ ഉള്‍പ്പെടെ വിദേശികള്‍ 16,430 കോടി ദിര്‍ഹമാണ് സ്വദേശങ്ങളിലേക്ക് അയച്ചത്.
Post Your Comments