Latest NewsNewsIndia

മിശ്രവിവാഹം പ്രോത്സാഹിപ്പിയ്ക്കാന്‍ പുതിയ നിയമം

മുംബൈ: മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പുതിയ നിയമം വരുന്നു. മിശ്ര വിവാഹങ്ങള്‍ക്കായി പ്രത്യേക നിയമം കൊണ്ടുവരാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. വ്യത്യസ്ത ജാതികളിലും മതങ്ങളിലും ഉള്‍പ്പെട്ടവര്‍ വിവാഹം കഴിക്കുമ്പോള്‍ അവര്‍ക്കുനേരെ ആക്രമണങ്ങളുണ്ടാകുന്നത് തടയുക എന്നത് ലക്ഷ്യമിട്ടാണ് നിയമം കൊണ്ടുവരാന്‍ ആലോചിക്കുന്നത്. സംസ്ഥാനത്ത് ജാതിമാറി വിവാഹം കഴിക്കുന്നവരെ ദുരഭിമാനക്കൊലയ്ക്ക് ഇരകളാക്കുന്ന സംഭവങ്ങള്‍ കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമം കൊണ്ടുവരാനൊരുങ്ങുന്നത്.

വ്യത്യസ്ത ജാതികളിലും മത വിശ്വാസം പുലര്‍ത്തുന്നവരും തമ്മില്‍ വിവാഹം കഴിക്കുമ്പോള്‍ ദുരഭിമാനക്കൊല, സമുഹത്തില്‍ ഒറ്റപ്പെടുത്തുക, തുടങ്ങിയ പ്രതിസന്ധികളെ അവര്‍ക്ക് നേരിടേണ്ടി വരുന്നുവെന്നും ഇത് തടയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മഹാരാഷ്ട്ര സാമൂഹിക നീതി വകുപ്പ് മന്ത്രി രാജ്കുമാര്‍ ബാദല്‍ പിടിഐയോട് പറഞ്ഞു.

നിയമത്തില്‍ ഇത്തരം ദമ്പതികള്‍ക്ക് എന്ത് തരത്തിലുള്ള സുരക്ഷയാണ് നല്‍കേണ്ടത് എന്ന് വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് റിപ്പോര്‍ട്ട് പ്രകാരം ദുരഭിമാനക്കൊലയില്‍ രാജ്യത്ത് നാലാം സ്ഥാനമാണ് മഹാരാഷ്ട്രയ്ക്കുള്ളത്. 2016 മാത്രം എട്ട്പേരാണ് ദുരഭിമാനക്കൊലയ്ക്ക് ഇരയായത്. ജാതിമാറി വിവാഹം കഴിച്ചവര്‍ക്ക് നേരേ 69 ആക്രമണങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദമ്പതികളിലൊരാള്‍ പിന്നോക്ക ജാതിയില്‍ പെട്ടതാണെങ്കില്‍ ഇവര്‍ക്ക ജനിക്കുന്ന കുട്ടിക്ക് സംവരണാനുകൂല്യം നിലവിലെ നിയമപ്രകാരം ലഭിക്കില്ലെന്നും ഇതിന് മാറ്റം വരുത്തുമെന്നും രാജ്കുമാര്‍ ബാദല്‍ പറയുന്നു. മാതാപിക്കാളിലൊരാള്‍ക്ക് അര്‍ഹതപ്പെട്ട സംവരണാനുകൂല്യം കുട്ടികള്‍ക്കും ലഭിക്കാനുള്ള സാഹചര്യമൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മിശ്രവിവാഹതിരായവരുടെ കുട്ടികള്‍ക്ക് ഫീസുകളില്‍ ഇളവുള്‍പ്പെടെയുള്ള സൗജന്യങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

മിശ്രവിവാഹം കഴിക്കാനാഗ്രഹിക്കുന്നവര്‍ക്ക് രാജ്യത്ത് പ്രത്യേക വിവാഹ നിയമം നിലവിലുണ്ട്. എന്നാല്‍ ഇതില്‍ പല കാര്യങ്ങളിലും അവ്യക്തതയുണ്ട്. ഇതി പരിഹരിക്കാനാണ് പുതിയ നിയമം കൊണ്ടുവരുന്നത്. പുതിയ നിയമത്തെക്കുറിച്ച് മുസ്ലീങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ശരിയത്തിന് വിരുദ്ധമായതൊന്നും സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button