KeralaLatest NewsNews

കല്യാണത്തിന് നാട്ടുകാരെ വിളിച്ചുവരുത്തി; വീട്ടിലെത്തിയ അതിഥികൾ കണ്ടത് !

കല്ല്യാണക്കുറി കൊടുത്ത് അതിഥികളെ ക്ഷണിച്ചു. കല്യാണത്തിനെത്തിയവർ അവിടെ നടന്ന കാഴ്ചകണ്ടു അമ്പരന്നു. കാരണം മറ്റൊന്നുമല്ല ഈ കല്യാണത്തിന് വരനും വധുവും രണ്ടു കോഴികളാണ്. കോഴികളുടെ വിവാഹം നടത്തി ഒരു ഗ്രാമം. ചത്തീസ്ഖണ്ഡിലെ ദണ്ഡേവാഡയിലുള്ള ഹിരാനര്‍ ഗ്രാമത്തിലാണ് സംഭവം അരങ്ങേറിയത്.

കഡക്‌നാദ് വിഭാഗത്തില്‍പ്പെട്ട ‘കാലിയ’ എന്ന പൂവനും ‘സുന്ദരി’ എന്ന പിടക്കോഴിയുമായിരുന്നു വധൂവരന്‍മാര്‍. ദണ്ഡേവാഡ ജില്ലാ പൗള്‍ട്രി അസോസിയേഷന്‍ പ്രസിഡണ്ട് ലര്‍ദു നാഗിന്റെ ഉടമസ്ഥയിലുള്ളതായിരുന്നു കല്ല്യാണ ചെറുക്കനായ ‘കാലിയ’. പ്രദേശത്തെ ആദിവാസി വിഭാഗത്തിലുള്ളവര്‍ വളര്‍ത്തുന്ന കോഴിയായിരുന്നു വധു.

ഈ രണ്ട് കോഴികളുടെയും ചിത്രം വെച്ച് കല്ല്യാണക്കുറിയും അടിച്ചാണ് ഇവര്‍ നാട്ടുകാരെ വിളിച്ചു വരുത്തിയത്.വംശനാശ ഭീഷണി നേരിടുന്ന കടക്‌നാദ് പിടക്കോഴികളുടെ അതിജീവനത്തിന് വേണ്ടിയാണ് തങ്ങള്‍ ഇത്തരമൊരു ആശയവുമായി മുന്നോട്ട് വന്നതെന്ന് ഗ്രാമവാസികള്‍ പറയുന്നു. പാട്ടും നൃത്തവും പൂജ വിധികളും അടക്കം മുഴുവന്‍ ആചാരങ്ങളും പാലിച്ചായിരുന്നു വിവാഹം. പഞ്ചായത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ഈ വ്യത്യസ്ഥമായ ആശയത്തിന് പിന്തുണയുമായി ചടങ്ങില്‍ സംബന്ധിച്ചു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ധാരാളമായി കാണപ്പെടുന്ന ഒരു കോഴി ജനുസ്സാണ് കടക്‌നാദ്. കൊഴുപ്പ് തീരെ കുറഞ്ഞതും എന്നാല്‍ കൂടുതല്‍ പ്രോട്ടിനുള്ളതുമാണ് ഇതിന്റെ ഇറച്ചി. അതുകൊണ്ട് തന്നെ കോഴി ഇറച്ചികളില്‍ ഏറ്റവും ഔഷധ ഗുണമുള്ള ഇറച്ചിയായി കടക്‌നാദ് കരുതപ്പെടുന്നു. എന്നാല്‍ ഈ വിഭാഗത്തിലെ പിടക്കോഴികളില്‍ ഇവിടങ്ങളില്‍ ഗണ്യമായ കുറവ് കണ്ടു വരുന്നുണ്ട്. ഇത് ഇവയുടെ വംശവര്‍ദ്ധനവിനെ ദോഷകരമായി ബാധിച്ചേക്കാം. ഇവിടങ്ങളിലെ ആദിവാസി വിഭാഗക്കാരുടെ പ്രധാന ഉപജീവന മാര്‍ഗ്ഗമാണ് കടക്‌നാദ് കോഴി വളര്‍ത്തല്‍. ഇതിനെ തുടര്‍ന്നാണ് ഇത്തരമൊരു ആശയവുമായി പ്രദേശവാസികള്‍ മുന്നോട്ട് വന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button