മൂവാറ്റുപുഴ: ഭക്തന്മാര്‍ ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ഷര്‍ട്ട് ഒഴിവാക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ”മനുഷ്യ നന്മക്കായി നാം ചെയ്യുന്ന നല്ല പ്രവര്‍ത്തനത്തെയാണ് ദൈവം സ്വീകരിക്കുന്നത്. തന്ത്രിമാരില്‍ ഒരു വിഭാഗം ഭക്തരെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയാണ്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതേപടി നിലനിര്‍ത്താനാണ് ഇവര്‍ ശ്രമിക്കുന്നത്.
ഏത് ശാസ്ത്രത്തിന്റെ പിന്‍ബലത്തിലാണ് ഷര്‍ട്ട് ഊരി മാത്രമേ ക്ഷേത്രപ്രവേശനം നടത്താന്‍ പാടുള്ളൂവെന്ന് തന്ത്രിമാര്‍ പറയുന്നത്. കേരളത്തിലല്ലാതെ മറ്റെവിടെയാണ് ഈ രീതി നിലനില്‍ക്കുന്നത്.” -വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം മൂവാറ്റുപുഴ യൂനിയന് കീഴിലുള്ള ശ്രീകുമാര ഭജന ദേവസ്വത്തില്‍ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും സുബ്രഹ്മണ്യ സ്വാമിയുടെ പുനഃപ്രതിഷ്ഠയും നടത്തിയ ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് സമര്‍പ്പിച്ചശേഷം നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.എന്‍.ഡി.പി യോഗത്തിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇത് നടപ്പാക്കും. താന്‍ പ്രസിഡന്‍റായ കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ഭക്തന്മാര്‍ ദര്‍ശനം നടത്തുന്നത് ഷര്‍ട്ട് ധരിച്ചാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സമ്മേളനാനന്തരം വെള്ളാപ്പള്ളി നടേശനോടൊപ്പം നൂറുകണക്കിന് ഭക്തരും ഷര്‍ട്ട് ധരിച്ച് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. മറ്റ് ക്ഷേത്രങ്ങള്‍ക്കും ഇൗ മാതൃക തുടരാമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments