കല്‍പറ്റ: വയനാട്ടില്‍ ആദിവാസി യുവാവ് മരിച്ചത് വിഷക്കള്ള് കുടിച്ചെന്ന് സംശയം. തെക്കുംതറ മരമൂല കോളനിയില്‍ ഗോപി(40) ആണ് ഇന്നലെ മരിച്ചത്. കോട്ടന്തര കോളനി മുക്കിലെ കള്ളുഷാപ്പില്‍ നിന്നും മദ്യപിച്ച ശേഷമാണ് ഗോപി മരണപ്പെടുന്നത്. അതുകൊണ്ടുതന്നെ ഗോപി കുടിച്ചത് വിഷക്കള്ളാണോ എന്ന് സംശയമുയര്‍ന്നിരുന്നു. വായില്‍ നിന്നു നുരയും പതയും വന്ന് അവശനായ നിലയില്‍ വൈകിട്ട് മൂന്നോടെയാണ് ഗോപിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ രാത്രിയോടെ മരിക്കുകയായിരുന്നു. ഹൃദയാഘാതം മൂലമാണ് ഇയാള്‍ മരിച്ചതെന്നായിരുന്നു ആദ്യം വിലയിരുത്തിയത്.
Also Read : ബീയറും കള്ളും വൈനും മദ്യമല്ല- കേരളം
സംഭവത്തിന്റെ ചുരുളഴിയുന്നത് അതേ കള്ളുഷാപ്പില്‍ നിന്നും കള്ളു കുടിച്ച അഞ്ചു പേരെക്കൂടി അവശനിലയില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ്. പലയിടങ്ങളിലായി വീണു കിടക്കുകയായിരുന്ന മറ്റു മൂന്നു പേരെ രാത്രിയോടെയാണ് ആശുപത്രിയിലെത്തിച്ചത്. വീട്ടിയേരി കാലാകോളനി വര്‍ഗീസ്(60), മരമൂല കോളനി ബാലന്‍, വേരന്‍, മാണി, വിനു എന്നിവരാണ് ആശുപത്രിയിലുള്ളത്. ഇതില്‍ വര്‍ഗീസ് അതീവ ഗുരുതരാവസ്ഥയിലാണ്. കോട്ടാന്തറ മണിയന്‍കോട് കോളനി മുക്ക് കള്ളുഷാപ്പില്‍ നിന്ന് അഞ്ചു പേരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ഗോപിയുടെ പക്കല്‍ നിന്നു മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. ഷാപ്പ് നടത്തിപ്പുകാരായ രണ്ടുപേരെ കല്‍പറ്റ സിഐ അബ്ദുല്‍ ഷമീര്‍, എസ്ഐ കെ.എസ്.പ്രവീണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നു കസ്റ്റഡിയിലെടുത്തു. എക്സൈസ് സംഘം ഷാപ്പില്‍ നിന്നു കള്ളിന്റെ സാംപിള്‍ ശേഖരിച്ചു പരിശോധനയ്ക്കു കൊണ്ടു പോയിരിക്കുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്.
Post Your Comments