രാജസ്ഥാന്റെ സാംസ്‌കാരിക തനിമ കണ്ടെത്താനാഗ്രഹിക്കുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ് ബാഗോര്‍ കി ഹവേലി. നിറമുള്ള ചില്ലുകളാല്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കൊട്ടാരം മേവാര്‍ രാജവംശത്തിന്റെ പ്രൗഢിയും പ്രതാപവും വിളിച്ചു പറയുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട രജ്പുത് രാജസ്ഥാനിലെ പിച്ചോള എന്ന കൃത്രിമ തടാകത്തിനു സമീപമാണ് സ്ഥിതി ചെയ്യുന്നത്.
18-ാം നൂറ്റാണ്ടില്‍ മേവാര്‍ രാജവംശത്തിലെ പ്രധാന മന്ത്രിയായിരുന്ന ആമിര്‍ ചന്ദ് ബദ്വയാണ് പിച്ചോള തടാകത്തിനു സമീപം സ്ഥിതി ചെയ്യുന്ന ബാഗോര്‍ കി ഹവേലി നിര്‍മ്മിച്ചത്. 1751 മുതല്‍ 1778 വരെ മേവാറിന്റെ പ്രദാന മന്ത്രിയായിരുന്നു ആമിര്‍ ചന്ദ് ബദ്വ. അദ്ദേഹത്തിന്റെ മരണശേഷം ഇവിടം മേവാര്‍ സംസ്ഥാനത്തിന്റെ അധീനതയിലായി മാറി. പിന്നീട് അധികാരത്തില്‍ വന്ന ബാഗോര്‍ മഹാരാജാവ് മഹാറാണാ ശക്തിസിംഗ് ഇവിടം തന്റെ രാജകീയ ഭവനമായി ഉപയോഗിക്കുകയും ബാഗോറിന്റെ കൊട്ടാരം അഥവാ ബാഗോര്‍ കി ഹവേലി എന്ന പേരില്‍ അറിയപ്പെടാനും തുടങ്ങി. അദ്ദേഹമാണ് ഒരു മൂന്നു നില കെട്ടിടം കൂടി ഇതിനോട് ചേര്‍ത്ത് നിര്‍മ്മിച്ചത്.
വിവിധ നിറങ്ങളിലുള്ള ചില്ലുകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന അലങ്കാരങ്ങളാണ് ബാഗോര്‍ കി ഹവേലിയെ മനോഹരമാക്കുന്നത്. ക്വീന്‍സ് ചേംബര്‍ എന്നറിയപ്പെടുന്ന ഇതിലെ സ്ഥലമാണ് ഇവിടെ കണ്ടിരിക്കേണ്ട ഏറ്റവും മനോഹരമായ നിര്‍മ്മിതി.
ഗ്ലാസുകൊണ്ടു നിര്‍മ്മിച്ച മയിലിന്റെ രൂപമാണ് സഞ്ചാരികളെ ഏറ്റവും അധികം ആകര്‍ഷിക്കുന്നത്.
നൂറുകണക്കിന് മുറികളുള്ള ബാഗോര്‍ കി ഹവേലി സ്വാതന്ത്ര്യത്തിനു മുന്‍പു വരെ മേവാര്‍ രാജവംശത്തിന്റെ സ്വകാര്യ സ്വത്തായിരുന്നു. പിന്നീട് ഇത് വെസ്റ്റ് സോണ്‍ കള്‍ച്ചറല്‍ സെന്ററിനു കൈമാറുകയും ഇത് ഒരു മ്യൂസിയമാക്കി മാറ്റുകയും ചെയ്തു. ഇതിന്റെ ഭംഗി കാണാന്‍ വേണ്ടി മാത്രമാണ് ഇത്രയും ദൂരം സഞ്ചരിച്ച് സഞ്ചാരികള്‍ ഇവിടെ എത്തിച്ചേരുന്നത്.
Post Your Comments