ന്യൂഡല്‍ഹി : ഇന്ത്യയിലെ ഐ.എസിന്റെ സാമ്പത്തിക സ്രോതസ്സിന്റെ ഉറവിടത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐ.എസിലെ പ്രധാനിയായ വനിതയുടെ വെളിപ്പെടുത്തല്‍. രാജ്യാന്തര ഭീകര സംഘടനയിലേക്കു മലയാളി യുവാക്കളെ അടക്കം റിക്രൂട്ട് ചെയ്ത വനിതയെ ചോദ്യം ചെയ്തതില്‍നിന്നാണ് നിര്‍ണായകമായ വിവരങ്ങള്‍ പുറത്തുവന്നത്. യുവാക്കളെ റിക്രൂട്ട് ചെയ്തു വിദേശത്തേക്കു കടത്തിയ കേസുമായി ബന്ധപ്പെട്ടു ഫിലിപ്പീന്‍സ് സ്വദേശിനി കരേന്‍ അയിഷ ഹാമിദിനെയാണ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ചോദ്യം ചെയ്തത്. ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റി(ഐഎസ്)ന്റെ സാന്നിധ്യമുണ്ടെന്നും കരേന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഐഎയുടെ മൂന്നു ചാര്‍ജ്ഷീറ്റുകളില്‍ കരേന്റെ പേരുള്‍പ്പെടുത്തിയിട്ടുണ്ട്.
വിവിധ ഫേസ്ബുക്, വാട്‌സാപ്, ടെലഗ്രാം ചാനലുകളിലൂടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നു യുവാക്കളെ ഐഎസിലേക്ക് ആകര്‍ഷിച്ചിരുന്നതു കരേന്‍ ആയിരുന്നുവെന്ന് എന്‍ഐഎ വക്താവ് അറിയിച്ചതായി ദേശീയമാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു. ഇന്ത്യയിലെ ഐഎസ് പ്രവര്‍ത്തനത്തിനു പണം ലഭിക്കുന്നതെങ്ങനെയെന്നും കരേന്‍ വിശദമാക്കിയിട്ടുണ്ട്. ഐഎസ് റിക്രൂട്ട്‌മെന്റിനു സഹായിക്കുന്നതിനായി ഗള്‍ഫില്‍ കഴിയുന്ന ചില ഇന്ത്യക്കാരാണു പണം കൈമാറുന്നത്. ഇക്കാര്യങ്ങളും അന്വേഷിക്കും – ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഇരുപതിലധികം ഇന്ത്യക്കാരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട്. എണ്ണക്കമ്പനി എക്‌സിക്യൂട്ടീവ് ആയ ഷിറാജുദ്ദീനെ ചോദ്യം ചെയ്തതില്‍നിന്നാണു കരേനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥയ്ക്കു ലഭിച്ചത്. ഷിറാജുദ്ദീനെ പരിചയമുണ്ടെന്നും സമൂഹമാധ്യമം വഴി ചാറ്റ് ചെയ്യാറുണ്ടായിരുന്നുവെന്നും കരേന്‍ സമ്മതിച്ചിട്ടുണ്ട്. തന്റെ നവജാത ശിശുവിനൊപ്പം ജിഹാദിനായി സിറിയയിലേക്കു കടക്കാന്‍ ഷിറാജുദ്ദീന്‍ തയാറായിരുന്നുവെന്നും അവര്‍ പറഞ്ഞു. ജമ്മു കശ്മീരില്‍നിന്നുള്ള നാലു യുവാക്കളെയും ഡാമന്‍ ദിയുവില്‍നിന്ന് ഒരാളെയും ഹൈദരാബാദില്‍നിന്നു രണ്ടുപേരെയും കാണ്‍പൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍നിന്ന് ഓരോരുത്തരെയും ജിഹാദിലേക്ക് ആകര്‍ഷിക്കാന്‍ അവര്‍ക്കു സാധിച്ചിരുന്നുവെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിലെ കൂട്ടാളികളെയും സാമ്പത്തിക സഹായം നല്‍കുന്ന ഇന്ത്യക്കാരെയും കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ചോദ്യം ചെയ്യലിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം മനിലയില്‍ ഫിലിപ്പീന്‍സ് നാഷനല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആണു കരേന്‍ അയിഷ ഹാമിദിനെ അറസ്റ്റു ചെയ്തത്. ഫിലിപ്പീന്‍സ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയുടെ തലവന്‍ മുഹമ്മദ് ജാഫര്‍ മക്വീദിന്റെ ഭാര്യയാണിവര്‍. ഇന്ത്യയില്‍നിന്നു ഫേസ്ബുക്, ടെലഗ്രാം, വാട്‌സാപ് പോലുള്ള സാധ്യതകള്‍ ഉപയോഗിച്ചു യുവാക്കളെ ഐഎസിലേക്ക് ആകര്‍ഷിക്കുന്നതിനു പിന്നില്‍ ഇവരാണെന്ന് അന്വേഷണ ഏജന്‍സികള്‍ നേരത്തേ കണ്ടെത്തിയിരുന്നു.
Post Your Comments