തിരുവനന്തപുരം : വിദേശ വനിതയുടെ കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതികളായ ഉമേഷും ഉദയനും വിദേശവനിതയ്ക്ക് കഞ്ചാവ് നല്‍കി മയക്കിയശേഷം, രണ്ട് പ്രാവശ്യം അവരെ ലൈംഗികമായി ഉപയോഗിച്ചുവെന്നും അതിന് ശേഷമാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നും റിമാന്‍ഡില്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ചെരിപ്പും, അടിവസ്ത്രവും കാടിന് സമീപം ഉപേക്ഷിച്ചതായും, ഇത് കാണിച്ചു തരാമെന്ന് പ്രതികള്‍ സമ്മതിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം വിദേശവനിതയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഉമേഷ്, ഉദയന്‍ എന്നീ രണ്ട് പ്രതികളെയും ഈ മാസം 17 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
വിദേശ വനിതയെ എങ്ങനെ കൊന്നു. എവിടെ വച്ച് കൊലപ്പെടുത്തി എന്നിങ്ങനെയുള്ള നിര്‍ണ്ണായക വിവരങ്ങളാണ് അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉള്ളത്. വിദേശ വനിതയുടെ കൊലപാതകത്തില്‍ ഒന്നാം പ്രതി ഉമേഷ് രണ്ടാം പ്രതി ഉദയകുമാര്‍ എന്നിവര്‍ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രതികളായ ഉമേഷ് വിദേശവനിതയെ കഞ്ചാവ് നല്‍കാമെന്ന് പറന്ന് പ്രലോഭിപ്പിച്ചാണ് കണ്ടല്‍ക്കാട്ടിലേക്ക് കൊണ്ടുവന്നത്. കഞ്ചാവ് നല്‍കി മയക്കിയശേഷം ഉമേഷും ഉദയനും വിദേശവനിതയെ രണ്ട് തവണ ലൈംഗികമായി ഉപയോഗിച്ചു.
പ്രതികള്‍ വിദേശവനിതയുടെ അടിവസ്ത്രം ഉള്‍പ്പെടെയുള്ളവ കീറിയെറിഞ്ഞു. ബോധം വന്ന വിദേശ വനിതയെ വീണ്ടും ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോഴാണ് മൂവരും തമ്മില്‍ പിടിവലി ഉണ്ടായതെന്നും തുടര്‍ന്ന് ഉദയന്‍ വിദേശ വനിതയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മരണം ഉറപ്പാക്കിയശേഷം പ്രതികള്‍ വിദേശവനിതയുടെ മൃതദേഹം കണ്ടല്‍ക്കാട്ടിലെ വള്ളിയില്‍ കെട്ടിതൂക്കിയിട്ടുവെന്നും പ്രതികള്‍ സമ്മതിച്ചതായും റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഉമേഷിനെതിരെ ബലാല്‍സംഗം ഉള്‍പ്പെടെ 16 ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.
ഉദയനെതിരെ 6 ക്രിമിനല്‍ കേസുകളാണ് പല സ്റ്റേഷനുകളിലായുള്ളത്. വിദേശ വനിതയെ കൊലപ്പെടുത്തിയ കാട്ടില്‍ ഇവര്‍ സ്ത്രീകളെയും കുട്ടികളേയും വരെ എത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട് എന്നാണ് വിവരം. ഇരുവരും ലൈംഗിക വൈകൃതത്തിന് അടിമകളാണെന്ന് പോലീസ് പറയുന്നു.നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതികളെ 14 ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
ഏപ്രില്‍ 25ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചതായി പ്രതികളില്‍ ഒരാളായ ഉമേഷ് മജിസ്ട്രേറ്റിന് നേരിട്ട് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്ക് ആവശ്യമെങ്കില്‍ വൈദ്യസഹായം നല്‍കണമെന്ന് കോടതി പോലീസിനോട് നിര്‍ദേശം നല്‍കി. >ഇതിനിടെ പ്രതികളുടെ ബന്ധുക്കള്‍ കോടതിയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചു.വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പ്രവേശനം നിഷേധിച്ച് അഭിഭാക്ഷകരും രംഗത്ത് എത്തിയിരുന്നു.കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ശനിയാഴ്ച മുതല്‍ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
Post Your Comments