South IndiaWeekened GetawaysPilgrimageIndia Tourism Spots

ഗുരുവായൂര്‍ ; ഭക്തിയുടെ നിറവില്‍ ഒരു യാത്ര

ദക്ഷിണേന്ത്യയിലെ ഏറ്റവും പേരുകേട്ട തീര്‍ത്ഥാടന ക്ഷേത്രങ്ങളില്‍ ഒന്നാണ് ഗുരുവായൂര്‍ ക്ഷേത്രം. കേരളത്തില്‍ തൃശ്ശൂര്‍ നഗരത്തില്‍ നിന്ന് 26 കിലോമീറ്റര്‍ ദൂരം മാത്രമാണ് ഈ ക്ഷേത്രത്തിലെയ്ക്കുള്ളത്. വിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമായ ശ്രീകൃഷ്ണനാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ദേവഗുരുവായ ബൃഹസ്പതിയും വായുഭാഗവാനും ചേര്‍ന്നാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നിര്‍വ്വഹിച്ചതെന്നും അതിനാലാണ് ഈ സ്ഥലത്തിന് ഗുരുവായൂര്‍ എന്ന പേരുവന്നതും എന്ന് വിശ്വസിക്കപ്പെടുന്നു.

നിരവധി പ്രത്യേകതകളുളളതാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഗ്രഹം. പാതാളാഞ്ജനം എന്ന വിശിഷ്ടമായ കല്ലുകൊണ്ടാണ് ഈ വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. നാലു കൈകളില്‍ പാഞ്ചജന്യം, സുദര്‍ശനചക്രം, ഗദ, താമര എന്നിവ ധരിച്ച് മാറില്‍ ശ്രീവത്സവും കൗസ്തുഭവുമണിഞ്ഞ് മഞ്ഞപ്പട്ടും ധരിച്ച് കിഴക്കോട്ട് ദര്‍ശനമായാണ് ഗുരുവായൂരപ്പന്‍ നിലകൊള്ളുന്നത്. ഭൂലോക വൈകുണ്ഠം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ക്ഷേത്രം എന്നും ഭക്തജന തിരക്കില്‍ മുഖരിതമാണ്.

മനോഹരവും അപൂര്‍വ്വവുമായ നിരവധി കാഴ്ചകള്‍ കാണാനുണ്ട് ഗുരുവായൂരില്‍. ഇസ്‌കോണ്‍ സെന്റര്‍, മമ്മിയൂര്‍ ശ്രീ മഹാദേവ ക്ഷേത്രം എന്നിവയില്‍ ഇവയില്‍ പ്രധാനപ്പെട്ടത്. പാര്‍ത്ഥസാരഥീ ക്ഷേത്രം, ചാമുണ്‌ഡേശ്വരി ക്ഷേത്രം, ചൊവ്വല്ലൂര്‍ ശിവ ക്ഷേത്രം, ഹരികന്യക ക്ഷേത്രം, വെങ്കിടാചലപതി ക്ഷേത്രം തുടങ്ങിയവയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നും അകലെയല്ല. ക്ഷേത്രങ്ങള്‍ക്കുപുറമേ, നിര്‍മാണ ശൈലികൊണ്ട് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന പാലയൂര്‍ പള്ളിയും ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപത്തെ പ്രധാനപ്പെട്ട ആകര്‍ഷണമാണ്. പുന്നത്തൂര്‍ കോട്ടയ്ക്ക് സമീപമുള്ള ആനക്കൊട്ടിലും ചോവ്വല്ലൂര്‍ ബീച്ചും ദേവസ്വം മ്യൂസിയവും കാണികളെ ആകര്‍ഷിക്കുന്നു. മ്യൂറല്‍ പെയിന്റിംഗ് വിഭാഗത്തില്‍ കോഴ്‌സുകള്‍ നല്‍കുന്ന ഒരു ഇന്‍സ്റ്റിറ്റിയൂട്ടും ഇവിടെ സ്ഥിതിചെയ്യുന്നു.

കുംഭമാസത്തിലെ ഉത്സവമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷം. പത്ത് ദിവസം നീണ്ടുനില്‍ക്കുന്നതാണ്‌ ഈ ഉത്സവം. കാര്‍ഷിക വര്‍ഷാരംഭമായ വിഷുവിന് ഗുരുവായൂരപ്പനെ കണികാണാനായി ലക്ഷണക്കിന് ഭക്തര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നു. ഗുരുവായൂരപ്പന്റെ ജന്മദിനമായ ശ്രീകൃഷ്ണ ജന്മാഷ്ടമിക്ക് അഭൂതപൂര്‍വ്വമായ തിരക്കാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അനുഭവപ്പെടുന്നത്. മണ്ഡലകാലവും, കുചേല ജയന്തിയും, ചെമ്പൈ സംഗീതോത്സവവും ഏകാദശിയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. വര്‍ഷം മുഴുവന്‍ ചെന്നെത്താവുന്ന വളരെ മനോഹരമായ കാലാവസ്ഥയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍. അതുകൊണ്ടുതന്നെ ഇവിടെ പ്രത്യേകിച്ചൊരു സീസണോ തിരക്കൊഴിഞ്ഞ നേരമോ ഇല്ല.

റോഡ്‌ ഗതാഗതം:

കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ നിന്ന് റോഡ് മാര്‍ഗം ഗുരുവായൂരില്‍ എളുപ്പം എത്തനാകും. കെ.എസ്.ആര്‍.ടി.സിക്കൊപ്പം സ്വകാര്യബസുകളും വ്യാപകമായി സര്‍വീസ് നടത്തുന്നുണ്ട്. കൊച്ചി, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ബസ് സര്‍വ്വീസുണ്ട്.

റയില്‍വേ മാര്‍ഗ്ഗം

ഗുരുവായൂരില്‍ റെയില്‍വേ സ്റ്റേഷന്‍ ഉണ്ട്. എന്നാല്‍ ഇത് പ്രധാന റെയില്‍ പാതയില്‍ വരുന്ന ഒന്നല്ല. അമൃത തുടങ്ങിയ ചില ട്രെയിനുകള്‍ ഈ വഴിയാണ് സഞ്ചരിക്കുന്നത്. ഈ ട്രെയിന്‍ സൗകര്യം ഉപയോഗപ്പെടുത്തിയാല്‍ സ്റ്റേഷനില്‍ നിന്നും അടുത്താണ് ക്ഷേത്രം. അടുത്തു തന്നെ നിരവധി ഹോട്ടലുകളും ഉള്ളതിനാല്‍ താമസം പ്രശ്നമാകില്ല. മറ്റു വഴി ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ക്ക് തൃശ്ശൂരാണ് സമീപത്തെ പ്രധാന റെയില്‍വേ സ്റ്റേഷന്‍, ഇവിടേക്ക് 27 കിലോമീറ്റര്‍ ദൂരമുണ്ട്. പ്രമുഖ സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകള്‍ക്കെല്ലാം ഇവിടെ സ്‌റ്റോപ്പുണ്ട്.

വിമാനമാര്‍ഗ്ഗം

87 കിലോമീറ്റര്‍ അകലെയുള്ള നെടുമ്പാശേരിയാണ് ഏറ്റവും അടുത്ത എയര്‍പോര്‍ട്ട്. 100 കിലോമീറ്റര്‍ അകലത്തായി കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളവുമുണ്ട്. ഇവിടങ്ങളില്‍ നിന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കും വിമാന സര്‍വീസുകള്‍ ഉണ്ട്. വിമാനത്താവളത്തില്‍ നിന്നും ഗുരുവായുരുലേക്ക് ടാക്‌സിവാഹനങ്ങള്‍ ലഭ്യമാണ്.

താമസം

ദേവസ്വം കെട്ടിടങ്ങള്‍ മുതല്‍ ചെറുതും വലുതുമായ നിരവധി ഭജന മഠങ്ങളും ഹോട്ടലുകളും ക്ഷേത്ര സമീപത്ത് ഉള്ളതിനാല്‍ യാതൊരു വിധ ബുദ്ധിമുട്ടും അനുഭവപ്പെടുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button