തിരുവനന്തപുരം: അമ്മയുടെ പ്രായം വരുന്ന ആ സ്ത്രീയുടെ പ്രവൃത്തികള്‍ കണ്ടാല്‍ ആര്‍ക്കും ഭയമാകും, മനോനില തെറ്റി ചിരിച്ചുകൊണ്ടും കരഞ്ഞുകൊണ്ടും നടുറോഡിലൂടെ ആ സ്ത്രീ നടക്കുന്നത് ഏവരും നോക്കി നിന്നു. എന്താണ് സംഭവിക്കുന്നത് എന്ന് ആര്‍ക്കും മനസിലായില്ല. കെഎസ്ആര്‍ടിസി ബസിന്റെ മുമ്പില്‍ യാതൊരു ഭയവുമില്ലാതെ അവര്‍ നിന്നു. എന്നാല്‍ ആരും ഇവരെ പിടിച്ചുമാറ്റുവാനോ മറ്റെന്തെങ്കിലും സഹായം ചെയ്യുവാനോ മുന്നോട്ട് വന്നില്ല.
ഇത് കണ്ടു നിന്ന ഒരു ട്രോഫിക് പോലീസ് ഉദ്യോഗസ്ഥനാണ് ഇവരെ അപകടത്തില്‍ നിന്നും രക്ഷിച്ചത്. തിരുവനന്തപുരം തമ്പാനൂരിന് സമീപം, മോഡല്‍ സ്‌കൂള്‍ ജംഗ്ഷനിലാണ് സംഭവം. പ്രവീണ്‍ ആര്‍ എന്നായിരുന്നു ധീരനായ ആ പോലീസ് ഉദ്യോഗസ്ഥന്റെ പേര്. സംഭവത്തെ തുടര്‍ന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഏവരുടെയും മനസില്‍ തെട്ടത്.
പ്രവീണിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
മനോനിലതെറ്റിയ അമ്മയും; കൃത്യനിര്‍വ്വഹണ ചാരിതാര്‍ഥ്യത്തോടെ, അഭിമാനത്തോടെ ഞാനും….
അല്‍പ്പം വാക്കുകള്‍ ഞാനിവിടെ കുറിക്കട്ടെ…
സുഹൃത്തുക്കളെ….
ഇന്നത്തെ എന്റെ സുദിനം എനിക്കൊരു നാവ്യാനുഭൂതി സമ്മാനിച്ചിരിക്കുന്നു. ഇന്നത്തെ കൃത്യനിര്‍വഹണത്തില്‍ ഉണ്ടായ ഒരു അനുഭവം ഞാന്‍ ഇവിടെ പങ്കുവയ്ക്കുന്നു. .
തമ്പാനൂരിന് സമീപം, മോഡല്‍ സ്‌കൂള്‍ ജംഗ്ഷനില്‍ ട്രാഫിക് ഡ്യൂട്ടി നോക്കി വരവേ ഏകദേശം 12 മണിയോട് കൂടി 50 വയസ്സിനുമേല്‍ പ്രായമുള്ള മനോനില തെറ്റിയ ഒരു അമ്മ റോഡിനു ഒത്ത നടുക്ക് നില്‍ക്കുന്നു, മാത്രമല്ല അതു വഴി പോയ കാല്‍നടയാത്രക്കാരെയും, വാഹനങ്ങളെയും തടയുകയും, വലിയ കല്ലു പെറുക്കി എറിയുകയും ചെയ്യുന്നത് കണ്ടു. തടയാന്‍ ചെന്ന എന്നെയും എറിയാന്‍ ശ്രമിച്ചു. ബസ്സിന് മുന്നില്‍ കയറിനിന്ന് പൂര്‍ണമായും ഗതാഗത തടസ്സം ഉണ്ടാക്കി. ഞാന്‍ നന്നെ പരിശ്രമിച്ചിട്ടും അവര്‍ മാറാന്‍ കൂട്ടാക്കിയില്ല. എന്റെ അമ്മയുടെ പ്രായം എങ്കിലും ഇന്നത്തെ ‘സദാചാര സമൂഹത്തിനു മുന്നില്‍’ ആ അമ്മയോട് ബലപ്രയോഗത്തിനും എനിക്ക് ആകില്ല എന്നത് പറയാതെ വയ്യ. ദൗര്‍ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍, അതു വഴി പോയ കാല്‍നടയാത്രക്കാര്‍, മറ്റു ബസ് യാത്രക്കാര്‍, ഓട്ടോ, കാര്‍ യാത്രക്കാര്‍ എല്ലാവരും ഡ്യൂട്ടിയിലുള്ള, യൂണിഫോം ഇട്ട ഒരു ഉദ്യോഗസ്ഥന്റെ നിസ്സഹായാവസ്ഥ കണ്ടു പുച്ഛിച്ചു ചിരിക്കുന്നുണ്ടായിരുന്നു. അതില്‍ ഒരാള്‍ പോലും എന്നെ സഹായിക്കാനുള്ള മനോഭാവം കാണിച്ചില്ല. ഞാന്‍ തനിയെ ഒരു മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് ആ അമ്മയെ അവിടെ നിന്നും അനുനയിപ്പിച്ചു പിന്തിരിപ്പിക്കാന്‍ ആയതു. ഭാഗ്യം എന്നു പറയാട്ടെ ആ അമ്മയ്‌ക്കോ, അതുവഴി പോയ യാത്രക്കാര്‍ക്കോ ആര്‍ക്കും തന്നെ ഒരു പരിക്കും പറ്റാതെ നോക്കാന്‍ എനിക്ക് സാധിച്ചു എന്നത് ദൈവഹിതം മാത്രം. അതു തന്നെയാണ് എന്റെ ഉത്തരവാദിത്വവും, കര്‍ത്തവ്യവും എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.
പക്ഷേ……
ഈ കാര്യം ഇവിടെ എഴുതി മഹാനാവാന്‍ ഞാന്‍ ആളല്ല, എന്നിരുന്നാലും ഈ സംഭവത്തില്‍ നാം ഏവരും വിസ്മരിക്കുന്ന, കാണാതെ പോവുന്ന ഒരു വസ്തുതയിലേക്ക് ഞാന്‍ എന്റെ ചിന്തകളെ നയിക്കട്ടെ…..
ഇന്നിവിടെ സംഭവിച്ച ഈ കാര്യത്തിന്റെ മറുപുറം ചിന്തിക്കാം നമുക്ക്….
ആ അമ്മയുടെ മനസിന്റെ നിയന്ത്രണത്തില്‍ അസുരഭാവം വന്നു, ആ അമ്മയുടെ പ്രവര്‍ത്തിയില്‍ ആ അമ്മയ്‌ക്കോ, മറ്റു കാല്‍നട, വാഹന യാത്രക്കാര്‍ക്കോ, തിരക്കേറിയ റോഡിലൂടെ ഓടുന്ന വാഹനങ്ങള്‍ക്കോ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഇന്ന് ഈ വരികള്‍ കുറിക്കുന്ന എന്റെ അവസ്ഥ പോലും മറിച്ചാകുമായിരുന്നു എന്ന സത്യം വിശദീകരിക്കാതെ വയ്യ….
നാടിന്റെ നന്മയ്ക്കും, സുരക്ഷയ്ക്കും, ജനത്തിന്റെ ജീവനും, സ്വത്തിനും, സമാധാന ജീവിതത്തിനും പോലീസ് വഹിക്കുന്ന പങ്കു ഒരിക്കലെങ്കിലും ആരും ഓര്‍ക്കാത്ത, അതല്ലെങ്കില്‍ ഓര്‍ക്കാന്‍ ശ്രമിക്കാത്ത ഒന്ന് തന്നെ. നിയമപാലകന്റെ കുടുംബവും, കുടുംബ ജീവിതവും എല്ലായ്പ്പോഴും സന്തുലനം ആയിരിക്കില്ല എന്നതാണ് സത്യം. ആഘോഷങ്ങളും, ഉത്സവങ്ങളും, രാവും, പകലും, ഞായറും, തിങ്കളും എന്ന വേര്‍തിരിവില്ലാതെ കൃത്യനിര്‍വ്വഹണം നടത്തുന്ന ഞാന്‍ അടക്കമുള്ള സേനയെ കുറിച്ചു, അവരുടെ കഷ്ടതകളും, വേദനകളും ആരോര്‍ക്കാന്‍ ഈ ആധുനിക കാലത്തു. വിരലിലെണ്ണാവുന്ന ചില പഴയതും, ആനുകാലികവുമായ സംഭവവികാസങ്ങളിലൂടെ, ആ ദൃഷ്ടിയോടെ ഒരു വലിയ നാടിന്റെ സേവകരെ വീക്ഷിക്കുന്ന ജനത്തെ കുറ്റം പറയുന്നില്ല, പക്ഷെ രാവെന്നും, പകലെന്നും ഇല്ലാതെ ജീവിക്കുന്ന ഞങ്ങളും നിങ്ങള്‍ ഏവരേയും പോലെ മനുഷ്യര്‍ ആണെന്ന പരിഗണന എങ്കിലും തന്നാല്‍ നന്നായിരുന്നു.
ഇന്നിവിടെ ആ അമ്മയെ അനുനയിപ്പിച്ചു അന്തരീക്ഷം ശാന്തമാക്കാന്‍ കഴിയാതെ വന്നിരുന്നിരുന്നെങ്കില്‍ പോലീസിന് നേരെയും, മറ്റു നിയമ വ്യവസ്ഥയ്ക്ക് എതിരെയും പുച്ഛത്തോടെ കടന്നുപോയ ആ ഓരോ കാല്‍നട, ബസ്, മറ്റു വാഹന യാത്രികരും പാഞ്ഞടുക്കുമായിരുന്നു, ചാനല്‍ ചര്‍ച്ചകള്‍, പോലീസിന്റെ വീഴ്ചകള്‍ എന്നുവേണ്ട ലോകത്തെ സകല തെറ്റിനു വരെ ഞാന്‍ അടക്കമുള്ള സേവകര്‍ ഇരയാകുമായിരുന്നു. ആ അമ്മയെ പിന്തിരിപ്പിക്കാന്‍ മനസ്സ് കൊണ്ട് പോലും ചിന്തിക്കാത്ത വലിയ ജനവിഭാഗം ചിന്തിക്കേണ്ടിയിരിക്കുന്നു നാടിന്റെ നന്മയ്ക്കു ഓരോരുത്തരും കടപ്പെട്ടിരിക്കുന്നു എന്ന വസ്തുത. ബസ്സിലും, കാറിലും , ഓട്ടോയിലും ഇരുന്നു ചിരിച്ചവര്‍ നിമിഷ നേരം കൊണ്ട് രൂപം മാറി എന്തൊക്കെ അവസ്ഥാന്തരങ്ങളിലൂടെ കടന്നു പോകുമായിരുന്നു….
ഇതുപോലെ ദിനംതോറും ഒരായിരം നന്മ ചെയ്യുന്ന പോലീസ് സേനയിലെ ഒരംഗമായ ഞാന്‍ അഭിമാനിക്കുന്നു നിങ്ങളെ ഏവരേയും സേവിക്കുന്നതിലും, സംരക്ഷിക്കുന്നതിലും. ഇത്തരം നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ഏകിയില്ലെങ്കിലും ഞങ്ങളില്‍ ഉള്ള നല്ലവരെ കൂടെ ദുഷ്ടതയുടെ പര്യങ്ങളായി കാണാതെ എങ്കിലും ഇരുന്നാല്‍ ഞങ്ങള്‍ ഏവരും കൃതര്‍ത്ഥരായി…
നന്ദി..
പ്രവീണ്‍. ആര്‍
സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷന്‍
തിരുവനന്തപുരം
Post Your Comments