തിരുവനന്തപുരം : വിദേശവനിത ലിഗയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ പ്രതികളുടെ മൊഴികളിൽ വൈരുധ്യം. ഇരുവരും ലിഗയെ കൊലപ്പെടുത്തിയതായി സമ്മതിച്ചിരുന്നു എന്നാൽ ഒരാൾ പണത്തിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതക കാരണമായി മൊഴിനൽകിയത് എന്നാൽ മറ്റൊരാൾ പീഡനശ്രമത്തിനിടെയാണ് കൊലയെന്ന് സമ്മതിച്ചു . മൊഴികളിലെ വൈരുധ്യം പോലീസിനെ ആശങ്കയിലാക്കി.
മൊഴികളിലെ വൈരുധ്യം നീക്കിയ ശേഷം അറസ്റ്റുണ്ടാകും. അതേസമയം ലിഗയുടെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്കാരം നാളെ ശാന്തികവാടത്തില്‍ നടത്തി ചിതാഭസ്മം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം.
കോവളത്തെത്തിയ ലിഗയെ ഇവരുടെ സുഹൃത്ത് ബോട്ടിങ്ങിനെന്ന പേരിൽ കണ്ടൽക്കാട്ടിലേക്ക് കൊണ്ടുവന്നു. ഇയാൾ ഈ കാര്യം മറ്റ് രണ്ടുപേരെ അറിയിച്ചു.കാട്ടിലെത്തിയ ഇവർ ലിഗയ്ക്ക് സിഗരറ്റ് നൽകി. തുടർന്ന് കൂടുതൽ പണം ലിഗയിൽ നിന്ന് കൈക്കലാക്കാൻ ശ്രമിച്ചത് തർക്കത്തിനും കൊലയ്ക്കും കാരണമായെന്നാണ് ഒരാളുടെ മൊഴി.
കാട്ടിലെത്തിയ ലിഗയുമായി സൗഹൃദത്തിലായ ശേഷം പീഡനത്തിന് ശ്രമിച്ചെന്നും എതിർപ്പിനിടയിൽ കൊലപ്പെടുത്തിയെന്നും മറ്റൊരാൾ വിശദീകരിക്കുന്നു. ഈ വൈരുധ്യം നീക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇതിനൊപ്പം ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലവും കാട്ടിൽ നിന്ന് ശേഖരിച്ച തെളിവുകളുടെ ഫൊറൻസിക് ഫലവും ഇന്ന് വൈകീട്ടോടെ പുറത്തിറക്കും. ഇതും വിലയിരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് ആലോചന.
Post Your Comments