Latest NewsKeralaNews

അമ്മ മരിച്ചതറിഞ്ഞ് വന്ന മകനും മരുമകനും വാഹനാപകടത്തില്‍ മരിച്ചു

മാവേലിക്കര/കായംകുളം: അമ്മയുടെ സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ വന്ന മകനും മരുമകനും വാഹനാപകടത്തില്‍ മരിച്ചു. കാപ്പില്‍ തട്ടാരയ്യത്ത്‌ വീട്ടില്‍ ശ്രീധരന്‍പിള്ള(62), തെക്കേക്കര പൊന്നേഴ ചൂനാട്ട്‌ മുണ്ടകത്തില്‍ വിജയകുമാരന്‍പിള്ള(63) എന്നിവരാണ് ചൊവ്വാഴ്‌ച പുലര്‍ച്ചെ 2.30 നു തമിഴ്‌നാട്ടിലെ ഈറോഡിൽ വെച്ച് വാഹനാപകടത്തിൽ മരിച്ചത്. തിങ്കളാഴ്‌ചയാണു ശ്രീധരന്‍പിള്ളയുടെ അമ്മ പാറുക്കുട്ടിയമ്മ(96) മരിച്ചത്‌.

സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ശ്രീധരന്‍പിള്ളയുടെ സഹോദരി വിജയമ്മ, ഭര്‍ത്താവ്‌ വിജയകുമാരന്‍പിള്ള, മകന്‍ വിനീഷ്‌ എന്നിവര്‍ തിങ്കളാഴ്‌ച വൈകിട്ട്‌ വിജയകുമാരന്‍പിള്ളയുടെ ജോലിസ്‌ഥലമായ മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നിന്നുമാണു നാട്ടിലേക്കു കാറില്‍ പുറപ്പെട്ടത്‌. ഹൈദരാബാദില്‍ നിന്നാണു ശ്രീധരന്‍പിള്ള ഒപ്പം കൂടിയത്‌. ട്രെയിലറിനു പിന്നിലേക്ക്‌ ഇവര്‍ സഞ്ചരിച്ചിരുന്ന എത്തിയോസ്‌ കാര്‍ ഇടിച്ചു കയറുകയായിരുന്നു.

വിജയകുമാരന്‍പിള്ള സംഭവ സ്‌ഥലത്തും ശ്രീധരന്‍പിള്ള ആശുപത്രിയിലുമാണു മരിച്ചത്‌. ഗുരുതരമായി പരുക്കേറ്റ വിജയമ്മ(58) ചികിത്സയിലാണ്‌. വിജയൻ പിള്ളയുടെ മകൻ വിനീഷ്, ഡ്രൈവർ തമ്പി എന്നിവര്‍ക്കും പരുക്കേറ്റു. ശ്രീധരന്‍പിള്ളയുടെ ഭാര്യ: സുശീല. മക്കള്‍: രമ്യ, ധന്യ. മരുമക്കള്‍: വിനീഷ്‌, രജിത്ത്‌. വിജയന്‍പിള്ളയുടെ മക്കള്‍: വിജിത്ത്‌, വിനീഷ്‌. മരുമകള്‍: സന്ധ്യ.

അപകടത്തെത്തുടര്‍ന്ന്‌ ചൊവ്വാഴ്‌ച നടത്താനിരുന്ന പാറുക്കുട്ടിയമ്മയുടെ സംസ്‌കാരം മാറ്റിവച്ചിരുന്നു. പാറുക്കുട്ടിയമ്മയുടെയും ശ്രീധരന്‍പിള്ളയുടെയും സംസ്‌കാരം ഇന്നു രാവിലെ 10 നു കാപ്പിലെ വീട്ടുവളപ്പിലും വിജയകുമാരന്‍പിള്ളയുടെ സംസ്‌കാരം നാളെ ഉച്ചയ്‌ക്ക്‌ 12 നു മുണ്ടകത്തില്‍ വീട്ടിലും നടക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button