ഭൂമിയിലെ സ്വര്‍ഗ്ഗം എന്ന പേരില്‍ വിശേഷിപ്പിക്കപ്പെടുന്ന ഇടമാണ് കാശ്മീർ. മനോഹരമായ പ്രകൃതി ഭംഗികള്‍ കൊണ്ട് സഞ്ചാരികളെ എന്നും ആകര്‍ഷിക്കുന്ന കാശ്മീര്‍ മുഗൾ ചക്രവർത്തിമാരുടെ പ്രിയപ്പെട്ട വിശ്രമ സങ്കേതമായിരുന്നു. കണ്ണാടി എന്ന പോലെ ഒരിളക്കം പോലും തട്ടാതെ കിടക്കുന്ന മനോഹരിയായ ദാൽ തടാകവും അതിന്റെ ചുറ്റുമുള്ള മഞ്ഞ് മലകളുടെ കാഴ്ചകളും തരുന്ന പ്രശാന്തത സ്വർഗ്ഗ തുല്യമാണ്. ദാൽ തടാകം മനോഹരമാക്കുന്ന ശ്രീനഗറും സദാ മഞ്ഞ് മൂടിക്കിടക്കുന്ന ഗുൽമർഗും പഹല്ഗാമും കാശ്മീരിനെ സ്വർഗമാക്കുന്നു. ലഡാഖിലെ ഹിമാലയൻ ഭൂമികയിൽ തരിശായ താഴ്വരകളിൽ കൂടൊരുക്കിയ പോലെ തോന്നിക്കുന്ന പച്ചപ്പാർന്ന ഗ്രാമങ്ങളും അവിടുത്തെ ബുദ്ധ സംസ്കാരത്തോട് ചേർന്നു നിൽക്കുന്ന ജീവിതവും കാലാതീതമായ ബുദ്ധ മഠങ്ങളും മാസ്മരികമായ കാഴ്ചകളാണ്.
കശ്മീരിന്റെ കിരീടത്തിലെ രത്‌നം എന്നും ശ്രീനഗറിന്റെ രത്‌നം എന്നും അറിയപ്പെടുന്നതാണ് ദാല്‍ തടാകം.26 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന തടാകം ഹൗസ് ബോട്ട്, ഷികാര യാത്രകള്‍ക്ക് പ്രശസ്തമാണ്.
ഹിമാലയന്‍ മലനിരകളുടെ പശ്ചാത്തലം തടാകത്തിന് കൂടുതല്‍ സൗന്ദര്യം സമ്മാനിക്കുന്നു. പഞ്ചനക്ഷത്ര സൗകര്യമുള്ള കുറ്റൻ ഹൗസ് ബോട്ടുകൾ. ഒന്നും യന്ത്രം ഘടിപ്പിച്ചതല്ല, പങ്കായം കൊണ്ട് തുഴയുന്ന ചെറുവള്ളത്തിൽ കയറി ഹൗസ് ബോട്ടിനടുത്തെത്തി ആരുടെയെങ്കിലും കൈപിടിച്ച് തട്ടിൽ കയറി പിന്നെ ഇളകിയാടുന്ന ഗോവണിയിൽപിടിച്ചു കയറിവേണം ബോട്ടിനുള്ളിലെത്താൻ. ഒന്നു പിടഞ്ഞാൽ തണുത്തുറഞ്ഞ തടാകത്തിലേക്ക് വീഴും…. ഒരു സീസണിൽ പല തരം പൂക്കൾ വിരിയുമ്പോൾ ദാൽ തടാകം പുന്തോട്ടമായി മാറും. മഞ്ഞുകാലത്ത് ചീഞ്ഞഴുകി വെള്ളത്തിനടിയിൽ കിടക്കുന്ന ചെടികളാണ് വസന്തകാലത്ത് വെള്ളത്തിനു മുകളിൽ പൂക്കളും വിരിച്ച് പൂന്തോട്ടമൊരുക്കുന്നത്.
Post Your Comments