ന്യൂഡൽഹി: ജസ്റ്റീസ് കെ.എം. ജോസഫിന്റെ നിയമനം സംബന്ധിച്ച് ചേർന്ന കൊളീജിയം തീരുമാനമാകാതെ പിരിഞ്ഞു ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന കൊളീജിയം ഒരു മണിക്കൂറോളം യോഗം ചേർന്നെങ്കിലും തീരുമാനമുണ്ടായില്ല. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്താനുള്ള ശുപാർശ കേന്ദ്ര സർക്കാർ മടക്കിയതു സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇന്ന് ചേർന്ന യോഗത്തിൽ ജസ്റ്റീസുമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗോഗോയി, മധൻ ബി. ലോകുർ, കുര്യൻ ജോസഫ് എന്നിവർ പങ്കെടുത്തു. കൂടാതെ സുപ്രീം കോടതിയിൽ പ്രാതിനിധ്യമില്ലെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടിയ കൊൽക്കത്ത, രാജസ്ഥാൻ, തെലുങ്കാന, ആന്ധ്രാപ്രദേശ് ഹൈക്കോടതികളിലെ ജഡ്ജിമാരെ സുപ്രീം കോടതി ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്യുന്നതു സംബന്ധിച്ചും കൊളീജിയം ചർച്ച ചെയ്തു
ജോസഫിന്റെ നിയമനം തള്ളി കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് സുപ്രീം കോടതിക്ക് അയച്ച വിശദീകരണത്തിലായിരുന്നു നാല് ഹൈക്കോടതികൾക്ക് മതിയായ പ്രാതിനിധ്യമില്ലെന്ന് അറിയിച്ചത്. കേരള ഹൈക്കോടതിക്ക് സുപ്രീം കോടതിയിൽ പ്രാതിനിധ്യമുണ്ടെന്നും അതിനാൽ വീണ്ടും ഒരാളെക്കൂടി നിയമിക്കേണ്ടതില്ലായെന്ന നിലപാടിലായിരുന്നു കേന്ദ്രം.
Post Your Comments