തൃശൂർ : ബസ് ഓടുന്നതിനിടെ യാത്രക്കാരിക്ക് ബോധം നഷ്‌ടമായി. പാതിവഴിയിൽ യാത്ര ഉപേക്ഷിച്ച് യുവതിക്ക് ചികിത്സയൊരുക്കിയ കെഎസ്ആർടിസി ജീവനക്കാർ മാതൃകയാവുകയാണ്. ഒല്ലൂരിൽ ഇന്നലെ രാവിലെ ഒൻപതിനാണ് സംഭവം. വൈക്കം– തൃശൂർ റൂട്ടിലോടുന്ന ഫാസ്റ്റ് പാസഞ്ചറിലാണ് ആലുവയിൽ നിന്നു കയറിയ തസ്നീം (25) കുഴഞ്ഞുവീണത്.
ബസ് അപ്പോൾ തലോരിലെത്തിയിരുന്നു. സമീപത്തുണ്ടായിരുന്ന സ്ത്രീകൾ വെള്ളം തളിച്ചുവെങ്കിലും യുവതിക്ക് ബോധം തെളിഞ്ഞില്ല. ഇതോടെ ബസ് ഡ്രൈവർ കെ.ഒ. ബിജുവും കണ്ടക്ടർ വിൻസ് വർഗീസും മറ്റു യാത്രക്കാരുടെ സഹായത്തോടെ തസ്നീമിനെ ബസിൽ ഒല്ലൂരിലെ ഹോളിഫാമിലി മെഡിക്കൽ സെന്റർ ആശുപത്രിയിലെത്തിച്ചു.
പ്രാഥമിക ചികിൽസ നൽകിയയുടനെ യുവതിക്ക് ബോധം തെളിഞ്ഞു. നടന്ന കാര്യം അറിയിക്കാൻ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചപ്പോൾ യുവതിയുടെ ബന്ധുക്കളെത്തുന്നതുവരെ ആശുപത്രിയിൽ തങ്ങാൻ ജീവനക്കാർക്ക് നിർദേശം ലഭിക്കുകയായിരുന്നു. ബസിന്റെ യാത്ര അവസാനിക്കാൻ അഞ്ച് കിലോമീറ്റർ മാത്രമാണ് അവശേഷിച്ചിരുന്നത്. തുടർയാത്രയ്ക്ക് ധൃതിയുണ്ടായിരുന്നവരെ പിന്നിൽ വന്ന കെഎസ്ആർടിസി ബസിൽ കയറ്റി വിട്ടു. യുവതിയുടെ തൃശൂരിലുള്ള ബന്ധുക്കളെത്തിയ ശേഷമാണ് ജീവനക്കാരും മറ്റ് യാത്രക്കാരും യാത്ര തുടർന്നത്.
തൃശൂരിലെ സ്വകാര്യസ്ഥാപനത്തിൽ ജീവനക്കാരിയായ തസ്നീം ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം. വേണ്ട സമയത്ത് മാനുഷത്വം കാണിച്ച കെഎസ്ആർടിസി ജീവനക്കാർക്ക് നന്ദി അറിയിക്കാനും തസ്നീം മറന്നില്ല.
Post Your Comments