ഉത്തരഖണ്ഡിലെ പ്രശസ്തമായ ഹിൽസ്റ്റേഷനുകളിൽ ഒന്നാണ് നൈനിറ്റാള്‍. ഇന്ത്യയുടെ തടാക ജില്ല എന്നാണ് നൈനിറ്റാളിന്റെ വിശേഷണം. ഹിമാലയത്തിന്റെ ഭാഗമായ കുമയൂൺ മലനിരകൾക്ക് ഇടയില്‍ സ്ഥിതി ചെയ്യുന്ന നൈനിറ്റാൾ സുന്ദരമായ തടാകങ്ങളും വെള്ളച്ചാട്ടങ്ങളും ക്ഷേത്രങ്ങളും കൊണ്ട് സഞ്ചാരികള്‍ക്ക് പ്രിയങ്കരമായി തീര്‍ന്നിരിക്കുകയാണ്. സഞ്ചാരികളുടെ പറുദീസയായ നൈനിറ്റാളിന്റെ ഏറ്റവും വലിയ സവിശേഷത അവിടത്തെ ശാന്ത സുരഭിലമായ പ്രകൃതിയും അന്തരീക്ഷവുമാണ്.
അത്രി, പുലസ്‌ത്യ, പുലഹ എന്നീ മഹര്‍ഷിമാര്‍ക്ക് യാത്രയ്‌ക്കിടെ കഠിനമായ ദാഹം അനുഭവപ്പെട്ടു. അവിടെയെല്ലാം പരതിയെങ്കിലും ഒരു തുള്ളി വെള്ളം പോലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇവര്‍ ഇവിടെ ഒരു കുഴി ഉണ്ടാക്കുകയും മാനസസരോവര്‍ തടാകത്തില്‍ നിന്ന് വെളളം കൊണ്ട് വന്ന് അതില്‍ നിറയ്‌ക്കുകയും ചെയ്‌തു. അങ്ങനെയാണ് പ്രശസ്‌തമായ നൈനിറ്റാള്‍ തടാകം ഉണ്ടായതെന്നാണ് വിശ്വാസം.
ബ്രിട്ടീഷ് വ്യാപാരിയായിരുന്ന പി. ബാരനാണ് നൈനിറ്റാളിനെ പ്രശസ്‌തിയിലേക്ക് കൈപിടിച്ചു നടത്തിയതെന്ന് പറയപ്പെടുന്നു. ഇദ്ദേഹം 1839ല്‍ ഇവിടെ ഒരു ബ്രിട്ടീഷ് കോളനി സ്ഥാപിച്ചു. നൈനിറ്റാളില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദുമത തീര്‍ത്ഥാടന കേന്ദ്രമാണ് ഹനുമാന്‍ഗര്‍ഹി. സമുദ്രനിരപ്പില്‍ നിന്ന് 1951 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂര്‍ത്തി ഹനുമാനാണ്. 1950ല്‍ നീം കരോലി ബാവയാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. കുന്നിന്റെ മറുവശത്ത് ശിതളാദേവി ക്ഷേത്രവും ലീലാ സാഹ് ബുപ്പുവിന്റെ ആശ്രമവും ഉണ്ട്. നൈനാദേവി ക്ഷേത്രമാണ് പ്രദേശത്തെ മറ്റൊരു പ്രധാന തീര്‍ത്ഥാടന കേന്ദ്രം. ഇന്ത്യയിലെ 51 ശക്തി പീഠങ്ങളില്‍ ഒന്നാണിത്.
Post Your Comments