പ്രൗഢിയോടെ നിലകൊള്ളുന്ന ഹിമാലയന്‍ മലനിരകളുടെ താഴ്വരയില്‍ ശാന്തസുന്ദരമായ ഒരു ഭൂമിയുണ്ട്. അവയാണ് സഞ്ചാരികളുടെ പറുദീസയായ മണാലി. വടക്കേ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് മണാലി. ഹിമാലയത്തോട് ചേര്‍ന്ന്കിടക്കുന്ന ഈ വിസ്മയഭൂമി കാണാന്‍ ലോകത്തിന്‍റെ പലകോണുകളില്‍ നിന്നായി എണ്ണിയാലൊടുങ്ങാത്തത്ര സഞ്ചാരികളാണ് ഓരോ വര്‍ഷവും ഇവിടേക്ക് പ്രവഹിക്കുന്നത്. പ്രകൃതി സൗന്ദര്യം നുകരാനും സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനുമാണ് സഞ്ചാരികള്‍ കൂടുതലും ഇവിടെ എത്താറുള്ളത്. ഇന്ത്യയിലെ പ്രശസ്തമായ ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ കൂടിയാണ് മണാലി.
മണാലിയില്‍ നിന്ന് 320 കിലോമീറ്റര്‍ അകലെയാണ് റെയില്‍വെ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്, അതിനാല്‍ റോഡ് മാര്‍ഗമാണ് മണാലിയിലേക്ക് യാത്ര ചെയ്യുന്നത് ഉചിതം. ഡല്‍ഹിയില്‍ നിന്ന് ഹിമചല്‍ പ്രദേശ് ടൂറിസം കോര്‍പ്പറേഷന്റെ ബസുകള്‍ മണാലിയിലേക്ക് പുറപ്പെടുന്നുണ്ട്. ഡല്‍ഹിയില്‍ നിന്ന് 15 മണിക്കൂര്‍ ബസില്‍ യാത്ര ചെയ്യണം മണാലിയില്‍ എത്തിച്ചേരാന്‍.ഡല്‍ഹിയില്‍ നിന്ന് മണാലിയിലേക്ക് രാത്രികാല ബസ് സര്‍വീസുകളാണ് കൂടുതലായും ഉള്ളത്. മാര്‍ച്ച് അവസാനം മുതല്‍ ഒക്ടോബര്‍ വരെയാണ് മണാലിയില്‍ യാത്ര ചെയ്യാന്‍ നല്ല സമയം. ഒക്ടോബര്‍ മുത രാത്രിയും രാവിലെയും കനത്ത തണുപ്പായിരിക്കും. ഡിസംബര്‍ മുതല്‍ ആരംഭിക്കുന്ന മഞ്ഞുവീഴ്ച യാത്ര ദുസ്സഹമാക്കും.
ഇവിടുത്തെ ഹഡിംബ ക്ഷേത്രത്തിലെ ഉത്സവമാണ് മണാലിയിലെ പ്രധാന ഉത്സവം. എല്ലാവര്‍ഷവും മെയ്മാസത്തില്‍ നടക്കാറുള്ള ഈ ഉത്സവത്തില്‍ പങ്കെടുത്താല്‍ മണാലിയുടെ പ്രാദേശിക സംസ്‌കാരം മനസിലാക്കാം. പ്രദേശിക കലാകാരന്മാരുടെ നാടന്‍കലാമേളകളും വൈവിധ്യപൂര്‍ണമായ ഘോഷയാത്രയും ഈ ഉത്സവത്തിന്റെ പ്രത്യേകതയാണ്. ഒക്ടോബര്‍ മാസത്തില്‍ നടക്കാറുള്ള കുളു ദസറയാണ് ഇവിടുത്തെ മറ്റൊരു ആഘോഷം.
സാഹസികപ്രിയരുടെ ഇഷ്ടസ്ഥലമാണ് മണാലി
സഹാസികപ്രിയര്‍ക്ക് നിരവധി ആക്റ്റിവിറ്റികളാണ് മണാലിയില്‍ ഉള്ളത്. വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, സ്‌കീയിംഗ്, മലകയറ്റം, ഹൈക്കിംഗ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങളാണ് മണാലിയില്‍ ഉള്ളത്. സാഹസിക വിനോദങ്ങള്‍ ഒരുക്കുന്ന നിരവധി ഗ്രൂപ്പുകള്‍ ഇവിടെയുണ്ട്.
മണാലിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ചുറ്റിയടിക്കാന്‍ നിരവധി സ്ഥലങ്ങളുണ്ട്. മണാലിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വഷിഷ്ട് എന്ന ചെറിയ ഗ്രാമത്തില്‍ ചെന്നാല്‍ മണാലി താഴ്വരയുടെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാം. ഇവിടെയുള്ള ചെറിയ അരുവിയില്‍ നിന്ന് പുറപ്പെടുന്ന ചൂട്‌വെള്ളത്തില്‍ കാല്‍ നനച്ച് ആഹ്ലാദിക്കുകയും ചെയ്യാം.
യാത്രയുടെ ദൂരം കുറച്ചുകൂടി കൂട്ടിയാല്‍ സോളാങ് താഴ്വരയില്‍ എത്തിച്ചേരാം. നിരവധി ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലൂടെയുള്ള ട്രെക്കിംഗ് പാതയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം.മണാലിയില്‍ നിന്ന് ഒരു ഡേ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ പോകാന്‍ പറ്റിയ സ്ഥലമാണ് റോഹ്താങ് പാസ്. മണാലിയില്‍ നിന്ന് ഇവിടേയ്ക്ക് ടാക്‌സി സര്‍വീസുകള്‍ ലഭ്യമാണ്.
കോരിത്തരിപ്പിക്കുന്ന തണുപ്പും മഞ്ഞും അതിസാഹസികമായ ട്രക്കിങും ,മനോഹരമായ സ്ഥലങ്ങളും സഞ്ചാരകരെ വീണ്ടും വീണ്ടും കുളു മണാലിയിലേക്ക് ആകർഷിക്കാറുണ്ട് .അതിനു തെളിവുതന്നെയാണ് കൊടും മഞ്ഞിലും സഞ്ചാരകരെകൊണ്ട് മണാലി നിറയുന്നത്.
Post Your Comments