ജിദ്ദ : ജിദ്ദയില്‍ അഗ്നിബാധയെ തുടർന്ന് സൂപ്പര്‍മാര്‍ക്കറ്റും ബേക്കറിയും കത്തി നശിച്ചു. ഹയ്യ് അല്‍ഹംറയിലെ അറഫാത്ത് സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ഹമാദ സൂപ്പര്‍മാര്‍ക്കറ്റും ബേക്കറിയുമാണ് ഇന്നലെ വൈകുന്നേരം കത്തിനശിച്ചത്. സൂക്കിന്റെ എല്ലാഭാഗത്തേക്കും തീ പടര്‍ന്നതിനാല്‍ പുകപടലം ശക്തമായിരുന്നു. നഗരത്തിന്റെ വിദൂരമേഖലകളിലും വന്‍ മഴക്കാറ് പോലെ പുക ദൃശ്യമായി. ജിദ്ദയിലെ പഴയ സൂഖുകളിലൊന്നാണിത്. മലയാളികളടക്കം നിരവധി പേര് സൂപര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നുണ്ട്.
തൊഴിലാളികളുടെ താമസവും മാര്‍ക്കറ്റിനോട് ചേര്‍ന്നായിരുന്നതിനാല്‍ പലരും ഉടുതുണിയില് ഇറങ്ങി ഓടിയാണ് രക്ഷപ്പെട്ടത്. സൂപ്പര്‍മാര്‍ക്കറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍, ഫൂല് കട, ബേക്കറി, സ്റ്റുഡിയോ, മെഡിക്കല്‍ഷാപ്പ് എന്നിവയും അഗ്നിബാധയില്‍ കത്തി നശിച്ചതിലുള്പ്പെടും. പലരുടെയും പാസ്പോര്‍ട്ടുകളും കാശും മറ്റു വിലപിടിച്ച രേഖകളും അഗ്നിക്കിരയായതായാണ് റിപ്പോര്‍ട്ട്. സിവില്‍ ഡിഫന്‍സിന്റെ നിരവധി യൂണിറ്റുകള്‍ തീ അണക്കാന്‍ സ്ഥലത്തെത്തിയിരുന്നു. പൊലീസും റെഡ്ക്രസന്റും സ്ഥലത്തെത്തി.
Post Your Comments