KeralaLatest NewsNews

ഈ അധോലോകത്തേക്ക് നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു; ആശംസകള്‍ നേര്‍ന്ന് കളക്ടര്‍ ബ്രോ

ഇക്കൊല്ലം സിവില്‍ സര്‍വീസ് പരീക്ഷ പാസ്സായ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കളക്ടര്‍ ബ്രോ വിജയികള്‍ക്ക് ആശംസകള്‍ നേര്‍ന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ,

അപ്രിയമായ ശരികള്‍ ചെയ്യുമ്പോള്‍ ചൊറിയപ്പെടാനും, പ്രമുഖര്‍ക്ക് നോവുമ്പൊള്‍ ഒറ്റപ്പെടാനും, ഏതേലും ഒരു കൂട്ടര്‍ക്ക് ഇഷ്ടപ്പെടാതിരിക്കുമ്പൊ മുദ്ര കുത്തപ്പെടാനും, പ്രമാണിമാരെ ഗൗനിക്കാതിരിക്കുമ്പോള്‍ ഇടംകാലുകൊണ്ട് തൊഴിച്ച് സ്ഥലം മാറ്റപ്പെടാനും ഒരാപ്പീസര്‍ വേണം, പോരുന്നോ എന്റെ കൂടെ’ എന്ന് ലാലേട്ടന്‍ മോഡില്‍ UPSC ചോദിച്ചപ്പൊ ചാടി വീണ എല്ലാര്‍ക്കും സ്വാഗതം. ഇക്കൊല്ലം സിവില്‍ സര്‍വീസ് പരീക്ഷ പാസ്സായ എല്ലാര്‍ക്കും അഭിനന്ദനങ്ങള്‍.

മുന്‍പ് പലപ്പൊഴും പറഞ്ഞ പോലെ, ഇത് വെറും ജോലിയായി കാണാതെ നിങ്ങള്‍ക്കോരോരുത്തര്‍ക്കും ഇതൊരു വ്യക്തിഗത നിയോഗമായി കാണാനാകട്ടെ. ഇത് അപൂര്‍വ്വമായി കിട്ടുന്ന അവസരമാണെന്ന് ഓര്‍ക്കുക. 10 ലക്ഷം പേര്‍ ശ്രമിച്ചിട്ട് നിങ്ങള്‍ കുറച്ചു പേരാണ് തിരഞ്ഞടുക്കപ്പെട്ടതെന്ന് നന്നായി ഓര്‍ക്കുക. അതിന്റെ വില കെടുത്താതിരിക്കുക. ഈയൊരു ജോലി തരുന്ന അത്രയും വിശാലമായ കാന്‍വാസ് മറ്റൊരു ജോലിക്കും തരാനാവില്ല. അത് മനസ്സിലാക്കുക.

വ്യക്തിപരമായി അടുപ്പമുള്ള, പ്രിപ്പറേഷന്‍ സമയത്ത് കുറച്ചൊക്കെ സഹായിക്കാനായ ഒട്ടനവധിപ്പേര്‍ ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടതില്‍ വളരെ സന്തോഷമുണ്ട്. ഒരു കൊല്ലം നീണ്ടുനില്‍ക്കുന്ന മാരത്തോണ്‍ പരീക്ഷ നിശ്ചയദാര്‍ഢ്യത്തിന്റെയും ലക്ഷ്യബോധത്തിന്റെയും പരീക്ഷണം കൂടിയാണ്. പ്രതിബന്ധങ്ങള്‍ക്ക് നടുവിലും ശരിയും നന്മയും ചെയ്യാന്‍ ഈയൊരു മനക്കരുത്ത് തുടര്‍ന്നും വേണം. നിങ്ങളെ നിരുത്സാഹപ്പെടുത്താനും തെറ്റായ വഴി തെളിക്കാനും ആള്‍ക്കാര്‍ കാണും. നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ വഴികാട്ടി.

ഒന്നേ പറയാനുള്ളൂ, സിവില്‍ ആയിരിക്കണം, സിവില്‍ സര്‍വന്റായിരിക്കണം, സിവില്‍ ഇഞ്ചിനീരായിരിക്കണം. ഈ അധോലോകത്തേക്ക് നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button