പെണ്‍കുട്ടികള്‍ വേണ്ടെന്നും കുട്ടികളെ ഉപേക്ഷിക്കുന്നതുമായ ശീലം ഇന്ത്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ജനിച്ചു വീഴുന്ന പെണ്‍കുട്ടികളെ കുപ്പത്തൊട്ടിയിലും തെരുവുകളിലും കുറ്റിക്കാടുകളിലും ഉപേക്ഷിക്കുന്ന പ്രദേശങ്ങള്‍ ഇപ്പോഴുമുണ്ട്. യാതൊരു ദയയും ഇല്ലാത്ത ഇത്തരം പ്രവൃത്തികള്‍ക്ക് എന്നാവും അറുതി വരുക. ഇത് വെറും ഒറ്റപ്പെട്ട സംഭവമല്ല നൂറുകണക്കിന് പെണ്‍കുഞ്ഞുങ്ങളാണ് ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്നത്.
ഉത്തരേന്ത്യയിലാണ് ഇത്തരം കാഴ്ചകള്‍ കാണുന്നത്. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള ഒരു ചിത്രമാണ് ഏവരുടെയും ചങ്ക് തകര്‍ക്കുന്നത്. ഇന്‍ഡോര്‍ നഗരത്തിലുള്ള രാജേ ന്ദ്രനഗറിലെ വഴിയരുകിലുള്ള കുറ്റിക്കാട്ടില്‍ ആരോ പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. പ്ലാസ്റ്റിക് മൂടിക്കെട്ടിയിരുന്നതിനാല്‍ കുഞ്ഞിനു ശ്വാസം എടുക്കാന്‍ വരെ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് തന്നെ കരച്ചിലിന്റെ ശബ്ദം പുറത്ത് വന്നതുമില്ല.
നിരവധി ആള്‍ക്കാര്‍ അതിലൂടെ യാത്ര ചെയ്യുന്നുണ്ടെങ്കിലും ആരും അത് ശ്രദ്ധിച്ചില്ല. എന്നാല്‍ ഒടുവില്‍ അതുവഴിയെത്തിയ ഒരാള്‍ കുറ്റിക്കാട്ടിലെ ആ പൊതിക്കെട്ട് അനങ്ങുന്നത് ശ്രദ്ധിക്കുകയായിരുന്നു. അടുത്തുചെന്നപ്പോള്‍ കുഞ്ഞിന്റ കരച്ചില്‍ ചെറുതായി കേള്‍ക്കാമായിരുന്നു. പൊതി തുറന്നപ്പോള്‍ ജനിച്ചുവീണ് അധികം നേരമാകാത്ത ഒരു കുരുന്ന്. രാവിലെ 8.20 നായിരുന്നു സംഭവം.
അയാള്‍ ഉടന്‍തന്നെ ആംബുലന്‍സിനും പോലീസിലും വിവരമറിയിച്ചു. ഉടന്‍ തന്നെ പോലീസും ആംബുലന്‍സും എത്തി. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. ഒരുപക്ഷേ അല്‍പസമയം കൂടി കഴിഞ്ഞിരുന്നെങ്കില്‍ ആ കുരുന്നിന് ജീവന്‍ നഷ്ടമായേനെ. ഓക്‌സിജന്‍ നല്‍കിയാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. പതിവ് പോലെ പോലീസ് കുട്ടിയുടെ അജ്ഞാതരായ മാതാപിതാക്കള്‍ക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തു.
ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം കുഞ്ഞിനെ ഇന്‍ഡോറിലെ ശിശു സംരക്ഷണ കേന്ദ്രത്തിലാക്കും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇന്‍ഡോര്‍ നഗരത്തില്‍ മാത്രം മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട 38 കുഞ്ഞുങ്ങളാണ് ഈ അനാഥാലയങ്ങളില്‍ എത്തപ്പെട്ടത്. അതില്‍ 5 കുട്ടികള്‍ മരണമടഞ്ഞു.
പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്നത് അപശകുനം എന്ന് കരുതുന്ന വലിയൊരു ജനവിഭാഗം ഇപ്പോഴും ഉത്തരേന്ത്യയിലുണ്ടെന്നാണ് വിവരം. ഇതില്‍ മുന്നോക്ക പിന്നോക്ക വെത്യാസവുമില്ല. പെണ്‍കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീകള്‍ക്കുമുണ്ട് പലവിധ പീഡനങ്ങള്‍. നവജാത ശിശുക്കളുടെ ദുരൂഹമായ മരണനിരക്കിനും കൃത്യമായി കണക്കില്ല.” ബേട്ടി ബച്ചാവോ , ബേട്ടി പടാവോ ‘ തുടങ്ങിയ രീതിയിലുള്ള ബോധവല്‍ക്കരണങ്ങള്‍ അവിടെ നടക്കുന്നുണ്ടെങ്കിലും ഒന്നും ഫലവത്താകുന്നില്ലെന്നാണ് വിവരം.
Post Your Comments