Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsInternational

ലോകത്തിലെ ഏറ്റവും സുരക്ഷിതവും പേടിപ്പെടുത്തുന്നതുമായ സ്ഥലത്ത് അതീവ സുരക്ഷയോടെ കിം

സോള്‍ : ലോകത്തെ ഏറ്റവും സുരക്ഷിതവും പേടിപ്പെടുത്തുന്നതുമായ സ്ഥലത്ത് അതീവ സുരക്ഷയോടെ കിം. ഉത്തര കൊറിയന്‍ വിഷയം പരാമര്‍ശിക്കവേ ഒരിക്കല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ പറഞ്ഞു, ‘ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന പ്രദേശമാണ് ഉത്തര-ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയിലെ സൈനിക മുക്ത മേഖല എന്നറിയപ്പെടുന്നയിടം’. സൈനികര്‍ ഇല്ലെന്നാണു പറയുന്നതെങ്കിലും ഇത്രയേറെ സുരക്ഷയുള്ള വേറൊരിടം ലോകത്തില്‍ അപൂര്‍വമാണ്. ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളില്‍ നിന്ന് 50 കി.മീ. മാറി 250 കിലോമീറ്ററോളം നീളത്തിലാണ് ഈ അതിര്‍ത്തി. നാലു കിലോമീറ്ററാണു പ്രദേശത്തിന്റെ വീതി. വൈദ്യുതവേലി കെട്ടിയും ചവിട്ടിയാല്‍ പൊട്ടിത്തെറിക്കുന്ന കുഴിബോംബുകള്‍ പാകിയും ടാങ്കുകളെ പ്രതിരോധിക്കുന്ന കവചങ്ങള്‍ തീര്‍ത്തുമാണ് അതിര്‍ത്തിയില്‍ ഇരുകൊറിയകളും സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

അതിര്‍ത്തിയോടു ചേര്‍ന്നുള്ള ദക്ഷിണ കൊറിയയിലെ പന്‍മുന്‍ജോങ്ങിലേക്കാണു ചരിത്രം കുറിച്ചുള്ള കിമ്മിന്റെ ഇത്തവണത്തെ സന്ദര്‍ശനം. ഇരുകൊറിയകളും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന സംഘര്‍ഷം കുപ്രസിദ്ധം. അതിനാല്‍ത്തന്നെ കിമ്മിന്റെ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറായിരുന്നില്ല ഉത്തരകൊറിയ. കിമ്മിനൊപ്പം അകമ്പടി സേവിച്ചിരിക്കുന്ന അംഗരക്ഷകരെ തിരഞ്ഞെടുത്തതു പോലും മികവിന്റെ അടിസ്ഥാനത്തിലാണ്. ഉയരം, ഫിറ്റ്‌നസ്, ഉന്നം പിടിക്കാനുള്ള ശേഷി, കായികാഭ്യാസങ്ങളിലെ മികവ് എന്നിവയ്‌ക്കൊപ്പം ആകാരസൗഷ്ഠവം ഉള്‍പ്പെടെ പരിഗണിച്ചാണ് അംഗരക്ഷകരുടെ തിരഞ്ഞെടുപ്പ്. സൈനിക മുക്ത മേഖലയിലേക്ക് എത്തുമ്പോഴും ദക്ഷിണകൊറിയയിലേക്കു കടക്കുമ്പോഴും കിമ്മിനും അദ്ദേഹത്തിന്റെ കാറിനു ചുറ്റിലുമായി ഈ അംഗരക്ഷകരുടെ ഒരു സംഘം തന്നെയുണ്ടായിരുന്നു.

കൈത്തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളൊന്നും പുറമെ കണ്ടില്ലെങ്കിലും അംഗരക്ഷകരുടെ പോക്കറ്റുകളില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നതിന്റെ സൂചനകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. കൈത്തോക്കു മാത്രമേ കൈവശം വയ്ക്കാന്‍ അനുവാദമുള്ളൂവെങ്കിലും മേഖലയില്‍ ഇരു വിഭാഗം സൈന്യവും അതീവരഹസ്യമായി തീവ്രശേഷിയുള്ള ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ നിമിഷങ്ങള്‍ക്കകം ഇവ പ്രവര്‍ത്തനസജ്ജമാകും. കിം പങ്കെടുക്കുന്ന ചടങ്ങുകളിലേക്ക് എത്തുന്ന വിദേശികള്‍ക്കെല്ലാം കനത്ത സുരക്ഷാപരിശോധനയാണു നേരിടേണ്ടി വരാറുള്ളത്. മണിക്കൂറുകള്‍ നീളുന്ന പരിശോധനയ്ക്കു പിന്നാലെ അവരുടെ കയ്യിലുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും ഫോണുകളുമെല്ലാം വാങ്ങിവയ്ക്കും.

സൈനിക യൂണിറ്റിന്റെ ഭാഗമായ ‘ഗാര്‍ഡ് കമാന്‍ഡി’നാണ് ഉത്തര കൊറിയന്‍ നേതൃത്വത്തിന്റെ സുരക്ഷാചുമതല. ഭരണത്തിന്റെ തലപ്പത്തിരിക്കുന്നവരുമായി ഏറ്റവും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന സൈനിക വിഭാഗമാണിവര്‍. രാജ്യത്തെ സൈനിക കേന്ദ്രങ്ങളും വിവിധ പ്ലാന്റുകളും ഫാമുകളുമെല്ലാം സന്ദര്‍ശിക്കാന്‍ കിം പോകുമ്പോള്‍ ആറു ‘തല’ത്തിലുള്ള സുരക്ഷയാണ് ഗാര്‍ഡ് കമാന്‍ഡുകള്‍ ഒരുക്കിയിരുന്നത്. ‘ലോകത്തിലെ ഏറ്റവും ശക്തമായ സുരക്ഷാകവചങ്ങളിലൊന്നാണത്. ഒരു ഉറുമ്പിനു പോലും അകത്തേക്കു കടക്കാനാകില്ല’-ഉത്തര കൊറിയന്‍ ഏകാധിപതിയായിരുന്ന കിം ജോങ് ഇല്ലിന്റെ അംഗരക്ഷകരുടെ കൂട്ടത്തിലുണ്ടായിരുന്ന റി യോങ് ഗുക്ക് 2013ല്‍ തന്റെ ഓര്‍മക്കുറിപ്പിലെഴുതി. ഉത്തര കൊറിയയില്‍ നിന്നു രക്ഷപ്പെട്ടോടിയ സൈനികരിലൊരാളാണ് റി യോങ്.

കിം ജോങ് ഉന്നിന്റെ സുരക്ഷയില്‍ ഇതിനേക്കാളും ശക്തമായ മാര്‍ഗങ്ങളാണു പിന്തുടരുന്നത്. ഉത്തര കൊറിയന്‍ സേന രൂപീകരിച്ചതിന്റെ എഴുപതാം വാര്‍ഷികം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ആഘോഷിച്ചപ്പോള്‍ നടത്തിയ സൈനിക പരേഡില്‍ മൂന്നു പുതിയ സൈനിക വിഭാഗം പലരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. കിമ്മിനു സുരക്ഷയൊരുക്കാന്‍ വേണ്ടി മാത്രമായി രൂപംകൊടുത്ത വിഭാഗങ്ങളായിരുന്നു അത്. ഉത്തര കൊറിയയില്‍ എല്ലായിപ്പോഴും യൂണിഫോം ധരിച്ച മിലിട്ടറി ജനറല്‍ കിമ്മിനൊപ്പമുണ്ടാകും, അയാളുടെ കയ്യിലൊരു തോക്കും! കിമ്മിന്റെ കുടുംബംഗങ്ങള്‍ക്കുമുണ്ട് ഇതേ സുരക്ഷ. അടുത്തിടെ കിമ്മിന്റെ സഹോദരി കിം യോ ജോങ് ശീതകാല ഒളിംപിക്‌സിനു ദക്ഷിണ കൊറിയയിലേക്കെത്തിയപ്പോള്‍ വന്‍ സുരക്ഷാസംഘമാണ് ഒപ്പമുണ്ടായിരുന്നത്.

ഉത്തര കൊറിയന്‍ അതിര്‍ത്തി കടന്നു ദക്ഷിണ കൊറിയയിലേക്കു രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്കു നേരെയും പലപ്പോഴും കനത്ത തിരിച്ചടിയാണുണ്ടാവുക. അടുത്തിടെ രക്ഷപ്പെടാന്‍ ശ്രമം നടത്തിയ ഉത്തര കൊറിയയുടെ ഒരു സൈനികനു നേരെയുണ്ടായ വെടിവയ്പ് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇത്രയേറെ മാരകമായി വെടിയുണ്ടകളേറ്റ ഒരു ശരീരം താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ആ സൈനികനെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞത്.

1984ലും അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്. ഉത്തര കൊറിയയില്‍ നിന്ന് ദക്ഷിണ കൊറിയയിലേക്ക് സൈനിക മുക്ത മേഖലയിലൂടെ കടക്കാന്‍ ഇരുപത്തിരണ്ടുകാരനായ സോവിയറ്റ് ടൂറിസ്റ്റ് ശ്രമിച്ചതാണു പ്രശ്‌നമായത്. പക്ഷേ എന്താണു സംഗതിയെന്നു മനസ്സിലാകും മുന്‍പ് ഇരുവിഭാഗവും വെടിവയ്പു തുടങ്ങിക്കഴിഞ്ഞിരുന്നു. അന്നു മൂന്ന് ഉത്തര കൊറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു, ദക്ഷിണ കൊറിയയുടെ ഭാഗത്തു നിന്ന് ഒരു സൈനികനും. എല്ലാറ്റിനും കാരണക്കാരനായ വാസിലി മടുസോക്ക് എന്ന സോവിയറ്റ് സ്വദേശിയാകട്ടെ ജീവനോടെ രക്ഷപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button