തിരൂരങ്ങാടി: മദ്രസയിലേക്ക് പോയ ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചെമ്മാട്ടെ മദ്രസയിലേക്ക് പോകുന്നതിനിടെ പര്‍ദയിട്ട് സ്കൂട്ടറിലെത്തിയ സ്ത്രീ ബൈക്കില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.ചെമ്മാട് കൊടിഞ്ഞി റോഡ് ഭാഗത്തെ വിദ്യാര്‍ഥിനിയെയാണ് വ്യാഴാഴ്ച രാവിലെ 6.45ഓടെ തട്ടിക്കൊണ്ടുപോയി മുക്കാല്‍ പവന്റെ വള കവര്‍ന്നത്.
മദ്രസ വിട്ട് കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മദ്രസയില്‍ എത്തിയിട്ടില്ലെന്നറിഞ്ഞത്. ഇതോടെ രക്ഷിതാക്കള്‍ പരാതിയുമായി തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി. കുട്ടിക്കായി അന്വേഷണം നടക്കുന്നതിനിടയിൽ ഏകദേശം 10 മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തുനിന്ന് സഹദേവന്‍ എന്നയാള്‍ കുട്ടി നല്‍കിയ നമ്പറില്‍ പിതാവിനെ വിളിച്ചറിയിക്കുകയും മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ കുട്ടിയെ ഏല്‍പിക്കുകയും ചെയ്തു.
ഇതോടെ രക്ഷിതാക്കള്‍ കോഴിക്കോട്ടെത്തി കുട്ടിയെ ഏറ്റുവാങ്ങി. പിതാവിന്റെ ഫോണ്‍ നമ്പര്‍ കുട്ടിക്ക് അറിയാവുന്നതാണ് തുണയായത്. മദ്രസയിലേക്ക് പുറപ്പെട്ട വിദ്യാര്‍ഥിയോട് ഉമ്മ ആശുപത്രിയിലാണെന്നും അങ്ങോട്ട് പോകുകയാണെന്നും പറഞ്ഞ് ഒരു സ്ത്രീ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നെന്ന് പറയുന്നു. യാത്രക്കിടെ സ്കൂട്ടര്‍ നിര്‍ത്തി കുട്ടിയുടെ കൈയില്‍നിന്ന് വള മുറിച്ചെടുത്തു. തുടര്‍ന്ന് ബസില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് നിര്‍ത്തി പോയതായും കുട്ടിപറയുന്നു.
ഒറ്റക്ക് കരഞ്ഞുനില്‍ക്കുന്ന കുട്ടി സഹദേവന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ചെമ്മാടും പരിസരങ്ങളിലും മറ്റുമായി സ്ഥാപിച്ച സി.സി.ടി.വി കാമറകള്‍ പരിശോധിച്ചതില്‍ ഹെല്‍മറ്റ് ധരിച്ച് പര്‍ദയിട്ട സ്ത്രീ കുട്ടിയുമായി ബൈക്കില്‍ പോകുന്ന ദൃശ്യം കാണുന്നുണ്ട്. ഇവര്‍ കൊടിഞ്ഞിഭാഗത്തുനിന്നും വന്ന് കുട്ടിയുമായി വെഞ്ചാലി കോണ്‍ക്രീറ്റ്റോഡ് വഴി കടത്തിക്കൊണ്ടുപോയതെന്നും ദൃശ്യത്തില്‍ തെളിഞ്ഞിട്ടുണ്ട്. തിരൂരങ്ങാടി പോലീസ് സ്ത്രീക്കായി അന്വേഷണം ആരംഭിച്ചു.
Post Your Comments