ArticleLatest News

ആചാരങ്ങള്‍ തകര്‍ത്തെറിയുന്ന ഒളിയമ്പുകള്‍, കാറ്റ് വിതച്ചു കൊയ്യുന്ന കൊടുംങ്കാറ്റായി മാറാതിരിക്കട്ടെ- അഞ്ജു പാര്‍വതി പ്രഭീഷ്

 

കാലാകാലങ്ങളായി സമൂഹത്തിനൊപ്പം നിലനിന്നുപോരുന്ന,നമ്മുടെ പൈതൃകത്തിന്റെയും സംസ്‌കൃതിയുടെയും ഭാഗമായി നിലക്കൊളളുന്ന പല ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെയും ഉത്സവാഘോഷങ്ങളെയും താറടിച്ചുകാണിക്കുകയും അതുവഴി ഒരു മതവിഭാഗത്തെയും അവരുടെ വിശ്വാസത്തെയും മാത്രം ലാക്കാക്കി അപകീര്‍ത്തികരമായ വാദഗതികള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന പ്രവണത കുറച്ചുനാളുകളായി നമ്മുടെ കൊച്ചുകേരളത്തില്‍ വ്യാപകമായി വരുന്നുണ്ട്. അതിന്റെ തുടക്കം ശബരിമലയിലെ സ്ത്രീവിരുദ്ധതയില്‍ നിന്നുമായിരുന്നുവെങ്കില്‍ ഇന്നത് എത്തിനില്‍ക്കുന്നത് ഒരു ജനതയുടെ ചങ്കിടിപ്പായ തൃശൂര്‍പൂരത്തിലെ പുരുഷാരത്തിലൂന്നിയ ലൈംഗികാതിക്രമത്തിലാണ്. ഒരാളുടെ അഭിപ്രായത്തിനെയോ അനുഭവത്തിനെയോ പിന്തുണയ്ക്കാന്‍ ഒരു മതവിഭാഗവും രാഷ്ട്രീയമുന്നണിയും ഒന്നിക്കുമ്പോള്‍ ഓര്‍ക്കുക അത് ലക്ഷ്യം വയ്ക്കുന്നത് വ്യക്തമായ ഒരു ഹിഡന്‍ അജണ്ടയാണ്. ഹൈന്ദവ മതത്തെയും ആചാരങ്ങളെയും മാത്രം ലക്ഷ്യം വച്ചുളള ഈ ഒളിയമ്പ് പ്രയോഗത്തെ പ്രതിരോധിക്കേണ്ടത് ഹൈന്ദവര്‍ മാത്രമല്ല മതമൈത്രിക്കൊപ്പം നില്ക്കുന്ന ഇതരമതസ്ഥരും കൂടിയാണ്.

തിരുവനന്തപുരത്തുകാരിയായ എനിക്ക് നേരിട്ട് അറിയാം ആറ്റുകാല്‍ പൊങ്കാലയെന്ന സ്ത്രീകളുടെ പൂരത്തെ… തൃശൂര്‍ക്കാര്‍ക്ക് പൂര മൊരു സ്വകാര്യ അഹങ്കാരമെങ്കില്‍ ഞങ്ങള്‍ തിരുവനന്തപുരത്തുകാര്‍ക്ക് ,പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് പൊങ്കാലയൊരു സ്വകാര്യ വികാരമാണ്. ആ വികാരസാഗരത്തിന്റെ വേലിയേറ്റത്തെ തടയിടാനായി അവതരിച്ചത് രാഷ്ട്രീയ-മതചിന്തകളെ സമര്‍ത്ഥമായി ഉളളില്‍ ഒളിപ്പിച്ച് പകരം പാരിസ്ഥിതിക സാമൂഹൃമേലങ്കി പുറമേയ്ക്കണിഞ്ഞ ചില സീസണല്‍ പരിസ്ഥിതിസ്‌നേഹികളും സാമൂഹ്യപ്രവര്‍ത്തകരുമാണ്. അവര്‍ക്ക് പൊങ്കാലയെന്നാല്‍ പരിസ്ഥിതി മലിനീകരണത്തിന്റെയും തദ് ദേശവാസികളുടെ ഒരു ദിവസത്തെ ബുദ്ധിമുട്ടിന്റെയും വേവുന്ന അരിമണികള്‍ മാത്രമായിരുന്നു.എന്നാല്‍ 365 ദിവസവും സമരച്ചൂടില്‍ തിളച്ചുമറിയുന്ന രാഷ്ട്രീയപ്രതിഷേധങ്ങളുടെ പൊങ്കാലക്കലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കിയ തിരുവനന്തപുരംവാസികള്‍ അര്‍ഹിച്ച പുച്ഛത്തോടെയും അവജ്ഞയോടെയും എരിയിച്ചുകളഞ്ഞു ഈ വാദങ്ങളെയെന്നു അടിവരയിട്ടു സാക്ഷ്യപ്പെടുത്തുന്നു ഈ വര്‍ഷത്തെ റെക്കോര്‍ഡ് പൊങ്കാല.. ഇവിടുത്തെ പ്രശസ്തമായ അമ്പലങ്ങളിലെ പത്തുദിവസത്തെ ഉത്സവത്തിരക്കില്‍ ലിംഗഭേദമില്ലാതെ ഭക്തജനതിരക്ക് അനുഭവപ്പെടാറുണ്ട്. ഒരിടത്തും ഉദ്ധരിച്ച ലിംഗങ്ങളുടെ ആക്രമണം ആരും പറഞ്ഞുകേട്ടിട്ടില്ല.

തൃശൂര്‍ പൂരത്തിനു പോയിട്ടില്ലെങ്കിലും തൃശൂരിന്റെ മരുമകളായ നാലുവര്‍ഷത്തിനിടയ്ക്ക് ചെറുതും വലുതുമായ ഒരുപാട് പൂരങ്ങള്‍ കാണാന്‍ പൂരപ്പറമ്പില്‍ പോയിട്ടുണ്ട്.ഏകദേശം നാല്പതോളം ആനകള്‍ നെറ്റിപ്പട്ടഭൂഷാദികളോടെ തലയെടുപ്പുമായി നിരന്നു നില്ക്കുന്ന ആയിരംകണ്ണി പൂരം എടുത്തു പറയേണ്ടതുതന്നെ. കാരണം ആയിരക്കണക്കിനു ആളുകള്‍ തടിച്ചുകൂടുന്ന ആയിരംകണ്ണി പൂരത്തിലെ പൂരപ്പറമ്പ് വളരെ ചെറുതാണ്.എന്നിരുന്നാല്‍പ്പോലും തിങ്ങിനിറഞ്ഞ പുരുഷാരത്തില്‍ നിന്നും മോശമായ ഒരനുഭവം ഉണ്ടായില്ല. പൂരമൊരു അനുഭവം തന്നെയാണ്.മേളപ്പെരുക്കങ്ങള്‍ക്കൊപ്പം ,കാലങ്ങള്‍ കൊട്ടിക്കയറുന്നതിനൊപ്പം അന്തരീക്ഷത്തില്‍ താളം പിടിക്കുന്ന ആയിരമായിരം കൈകള്‍.. നിറങ്ങള്‍ വര്‍ണ്ണമഴ പൊഴിക്കുന്ന കാവടികള്‍.. ഒപ്പം നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്‍. അവയ്ക്കു മുകളില്‍ നിറങ്ങളുടെ ഉത്സവമേളമായ കുടമാറ്റം. ആലവട്ടവും വെഞ്ചാമരവും നൃത്തം ചെയ്യുന്ന പൂരപ്പറമ്പ് ഈ നിറമേളങ്ങള്‍ക്കിടയില്‍ ഒരാളായി നമ്മളും അലിഞ്ഞില്ലാതാവുന്ന പോലുളള അനുഭവം. ഈ അനുഭവമാസ്വദിക്കാനാണ് ഭൂരിപക്ഷവും പൂരപ്പറമ്പിലെത്തുന്നത്.അല്ലാതെ ലൈംഗികാതിക്രമങ്ങള്‍ക്കായിട്ടല്ല.. ഇന്ന് സമൂഹത്തിന്റെ ഒരു തുറയിലും സ്ത്രീ സുരക്ഷിതയല്ല.ആശ്രമത്തിലാകട്ടെ പളളിമേടയിലാകട്ടെ,മദ്രസയിലാകട്ടെ എവിടെയും ലൈംഗികാതിക്രമമുണ്ട്.പൂരത്തിലെ പുരുഷാരം ലൈംഗികാതിക്രമത്തിനു മുതിരുന്നുവെങ്കില്‍ ചന്ദനക്കുട നേര്‍ച്ചയ്ക്കിടയിലെ പുരുഷാരങ്ങളും അങ്ങനെ തന്നെയാവില്ലേ? കാരണം പുരുഷാരമെന്നതിനു മത രാഷ്ട്രീയ വേര്‍തിരിവ് ഇല്ലല്ലോ?? പക്ഷേ അങ്ങനെയല്ല രാഷ്ട്രീയ മത സമവാക്യങ്ങളിലൂന്നി പടച്ചുവിടുന്ന ആരോപണങ്ങള്‍.. മദ്രസയിലെ പീഡനങ്ങള്‍ ചര്‍ച്ചയാവാത്തതുപോലെ തന്നെ തൃശൂര്‍ പൂരത്തിലെ ഉദ്ധരിക്കപ്പെട്ട ലിംഗങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുന്നിടത്താണ് അപകടകരമായ വേര്‍തിരിവ് പ്രകടമാകുന്നത്.

കുഞ്ഞുങ്ങള്‍ക്ക് കുത്തിയോട്ടം, തൈപ്പൂയക്കാവടി ഇത്യാദി നേര്‍ച്ച നടത്തിയ മാതാപിതാക്കളാരും തന്നെ അതിന്റെ പേരില്‍ പശ്ചാതപിച്ചു കണ്ടിട്ടില്ല.. തങ്ങളുടെ സ്വാതന്ത്ര്യത്തിനുമേല്‍ മാതാപിതാക്കള്‍ നടത്തിയ കടന്നുകയറ്റമായി മേല്‍പ്പറഞ്ഞ നേര്‍ച്ചകളെ കുട്ടികളും കണ്ടിട്ടില്ല.അവര്‍ക്കതൊരു പുത്തന്‍ അനുഭവമാണ്..എന്തുകൊണ്ട് കുത്തിയോട്ട – കാവടി നേര്‍ച്ചകള്‍ മാത്രം വിമര്‍ശിക്കപ്പെടുന്നു?? ഹൈന്ദവകുഞ്ഞുങ്ങളുടെ സ്വാതന്ത്ര്യത്തെയും വേദനയെയും കുറിച്ച് മാത്രം വ്യാകുലപ്പെടുന്നു?? സ്വന്തം ഇംഗിതമനുസരിച്ച് മാത്രംമക്കളെ അച്ചന്‍ പട്ടത്തിനു വിടാമെന്നും ദൈവത്തിന്റെ മണവാട്ടിയാക്കാമെന്നും നേരുന്ന ക്രൈസ്തവരുടെ നേര്‍ച്ച എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നില്ല?? ഇസ്ലാം മതത്തില്‍, ആണ്‍കുട്ടികളുടെ അനുവാദം വാങ്ങിക്കൊണ്ടാണോ സുന്നത്ത് കല്യാണം നടത്തുന്നത്? അത് ആഘോഷപൂര്‍വ്വം കുടുംബാംഗങ്ങള്‍ നടത്തുന്ന ഒരു ചടങ്ങല്ലേ? ഇതരമതങ്ങളുടെ ആചാരങ്ങളിലെ അനീതികളെ കണ്ടില്ലെന്നു നടിക്കുകയും ഹൈന്ദവരുടെ ആചാരാനഷ്ഠാനങ്ങളെ ഇഴകീറി വിമര്‍ശിക്കുകയും ചെയ്യുന്ന പ്രവണതയല്ലേ ശരിക്കുമുള്ള ഫാസിസം?

അമ്പലങ്ങളില്‍ എഴുന്നളളിക്കുമ്പോള്‍ മാത്രം ആനകളോട് സ്‌നേഹം വരുന്ന സീസണല്‍ മൃഗസ്‌നേഹികളും ഇപ്പോള്‍ കേരളത്തില്‍ കണ്ടുവരുന്ന അപൂര്‍വ്വം മനുഷ്യജനുസ്സില്‍ ഉള്‍പ്പെടും… ഇതേ ആനകളെ ഇസ്ലാം പളളികളിലെ ചന്ദനക്കുടം നേര്‍ച്ചയ്ക്ക് കൊണ്ടുപോകുമ്പോള്‍ ദ സോ കോള്‍ഡ് മൃഗസ്‌നേഹികള്‍ക്ക് തിമിരം വരും. ഡൈനിങ്ങ് ടേബിളിലെ ആവിപൊന്തുന്ന പോര്‍ക്ക് വിന്താലുവും മട്ടന്‍ കുറുമയും ബീഫ് ഉലര്‍ത്തും ചിക്കന്‍ ടീക്കയും കാണുമ്പോള്‍ ഉടഞ്ഞുപോകുന്ന മൃഗസ്‌നേഹം പൊങ്ങിവരുന്നത് ഉത്സവസീസണില്‍ മാത്രം.അപ്പോള്‍ മാത്രം ബീഫ് ഫെസ്റ്റ് നടത്താന്‍ മുന്നില്‍ നിന്ന ടീച്ചറമ്മയും സാംസ്‌കാരിക കോമരങ്ങളും നെറ്റിപ്പട്ടം കെട്ടിയ ഗജരാജന്മാര്‍ക്ക് വേണ്ടി കണ്ണുനീര്‍ വാര്‍ക്കും… പോത്തും ആടും കോഴിയും വിഭവങ്ങളായി ഇഫ്ത്താര്‍ വിരുന്നിലും ഈസ്റ്റര്‍ വിരുന്നിലും നിറയുമ്പോള്‍ വരാത്ത മൃഗസ്‌നേഹം ആനയെ എഴുന്നളളിക്കുമ്പോള്‍ മാത്രം ഉണരുന്നുവെങ്കില്‍ അത് ഫാസിസമാകുന്നു. ഒരു വിഭാഗത്തോടു മാത്രം തോന്നുന്ന നീരസത്തെയും എതിര്‍പ്പിനെയും പിന്നെ എന്തു വിളിക്കണം?

ശബരിമലയില്‍ സ്ത്രീവിരുദ്ധത കാണുന്നവര്‍ എന്തുകൊണ്ട് ദര്‍ഗകളിലെ സ്ത്രീവിരുദ്ധത കാണുന്നില്ല?. ത്രിശൂലത്തെ അശ്ലീല ബിംബമായി വരയ്ക്കുന്നവള്‍ ചന്ദ്രക്കലയില്‍ അശ്ലീലം കാണില്ല. അവള്‍ അതില്‍ കൈവയ്ക്കില്ല.. ഹൈന്ദവ ദേവതമാരുടെ നഗ്‌നത കവിതയാക്കുന്നവര്‍ ഖദീജയെ കുറിച്ച് കവിതയെഴുതില്ല.. കേരളവര്‍മ്മയില്‍ ബീഫ് ഫെസ്റ്റ് നടത്തിയവര്‍ ഫറൂക്കില്‍ പോര്‍ക്ക് ഫെസ്റ്റ് നടത്തില്ല.. അവരങ്ങനെയാണ്.. അങ്ങനെ തന്നെയാണ്. മതേതരമെന്ന ആശയത്തെ മതം കൊണ്ട് വ്യഭിചരിക്കുന്ന അവര്‍ ഇനിയും ആരോപണങ്ങളും വിമര്‍ശനങ്ങളും അപഹാസൃങ്ങളും തുടര്‍ന്നുക്കൊണ്ടേയിരിക്കും. സ്വന്തം മതത്തെ മുറിവേല്പിക്കുന്നത് കണ്ടിട്ടും പ്രതികരിക്കാതെ നില്ക്കുന്നവനെ മതേതരനെന്നു വിളിക്കുമ്പോള്‍ അതിനെതിരെ പ്രതികരിക്കുന്നവരെ വര്‍ഗ്ഗീയ വാദിയെന്നും സംഘിയെന്നും വിളിക്കും. ആ അര്‍ത്ഥത്തിലെങ്കില്‍ സ്വന്തം മതത്തോട് കൂറും ആത്മാര്‍ത്ഥയുമുള്ള ഓരോ ഹൈന്ദവനും വര്‍ഗ്ഗീയവാദി തന്നെയല്ലേ…..

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button