Latest NewsNewsIndia

ബലാത്സംഗ’ഇര’ മരിച്ചാല്‍ എന്തുചെയ്യണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ബലാത്സംഗ ഇര മരിച്ചാല്‍ എന്തുചെയ്യണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ബലാത്സംഗ ഇരകളുടെ പേരും വിവരങ്ങളും വെളിപ്പെടുത്തുന്നത് സംബന്ധിച്ച വിഷയം പരിഗണിക്കവേ, മരിച്ചവര്‍ക്കും അന്തസ്സുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മരിച്ചവരുടെയും അന്തസ്സ് വകവെച്ച് കൊടുക്കണം. അവരുടെ പേര് പ്രസിദ്ധീകരിക്കുകയോ അപമാനിക്കുകയോ ചെയ്യരുത് -ജസ്റ്റിസുമാരായ മദന്‍ ബി. ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

ഇത്തരം കേസുകളില്‍ ജീവിച്ചിരിക്കുന്ന ഇരകളുടെ (അവര്‍ പ്രായപൂര്‍ത്തിയാകാത്തവരോ മനോവൈകല്യമുള്ളവരോ ആയാലും) സ്വത്വം വെളിപ്പെടുത്തരുതെന്നും അവര്‍ക്കും സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ അവകാശമുണ്ടെന്നും കോടതി പറഞ്ഞു. മാതാപിതാക്കളുടെ അനുമതി ലഭിച്ചാല്‍പോലും എങ്ങനെയാണ് പ്രായപൂര്‍ത്തിയാകാത്ത ഇരകളുടെ പേര് വെളിപ്പെടുത്താനാവുകയെന്ന് ബെഞ്ച് ആരാഞ്ഞു. പ്രായപൂര്‍ത്തിയാകാത്തവര്‍ പിന്നീട് പ്രായപൂര്‍ത്തിയെത്തില്ലേ അപ്പോള്‍ ഈ കളങ്കവും പേറി എങ്ങനെയാണ് അവര്‍ക്ക് ജീവിക്കാനാവുക -കോടതി ചോദിച്ചു.

മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ്ങാണ് വിഷയം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 228-എ വകുപ്പ് പ്രകാരം വിഷയം പരിഗണിക്കണമെന്ന അഭിഭാഷകയുടെ വാദം കോടതി അംഗീകരിച്ചു. സെക്ഷന്‍ 228-എയില്‍ വ്യക്തത വരുത്തണമെന്നും ഇന്ദിര ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ സമ്പൂര്‍ണമായി നിരോധിക്കാന്‍ കഴിയില്ലെന്ന് ഇന്ദിര വാദിച്ചു. ഇരയുടെ അവകാശവും മാധ്യമ സ്വാതന്ത്ര്യവും വകവെച്ചുകൊണ്ടുള്ള സമീപനമാണ് വേണ്ടതെന്ന് അവര്‍ പറഞ്ഞു.

കഠ്‌വ ബലാത്സംഗ കൊലയുടെ പശ്ചാത്തലത്തിലാണ് വിഷയം കോടതിയില്‍ ഉന്നയിച്ചതെങ്കിലും ആ പേര് പരാമര്‍ശിക്കാതെ സമീപകാല സംഭവം എന്ന നിലക്കാണ് അവതരിപ്പിച്ചത്. വിഷയം 228ാം വകുപ്പ് അനുസരിച്ച് പരിശോധിക്കണമെന്ന് പറഞ്ഞ കോടതി, നിര്‍ദേശം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്റെ പ്രതികരണത്തെ തുടര്‍ന്ന് മേയ് എട്ടിന് പരിഗണിക്കാനായി മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button