ഇന്ത്യയുടെ പിങ്ക് സിറ്റി എന്നറിയപ്പെടുന്ന നഗരമാണ് ജയ്പൂര്‍. കൂടാതെ പഴക്കംചെന്ന നഗരങ്ങളിലൊന്നാണ് ജയ്പൂര്‍. രാജസ്ഥാന്റെ തലസ്ഥാനമായ ഈ നഗരം വാസ്തുശാസ്ത്രപ്രകാരം പണിതുയര്‍ത്തിയ ഇന്ത്യയിലെ ആദ്യത്തെ നഗരമാണ്. രാജസ്ഥാനെന്ന് പറയുന്നത് തന്നെ പലര്‍ക്കും ജയ്പൂരാണ്. അത്രയാണ് ഈ നഗരത്തിന്റെ സവിശേഷതകള്‍.
ഭൂമിശാസ്ത്രപരമായി പാതിമരുഭൂമിയുടെ സ്വഭാവമുള്ള സ്ഥലത്താണ് ജയ്പൂരിന്റെ കിടപ്പ്. അംബറിലെ രാജാവായിരുന്ന മഹാരാജ സവായ് സിങ് രണ്ടാമനാണ് ഇന്ത്യയുടെ വിനോദസഞ്ചാരഭൂപടത്തില്‍ അഭിമാനമായി നിലകൊള്ളുന്ന ഈ നഗരം പടുത്തുയര്‍ത്തിയത്. ബംഗാളില്‍ നിന്നുള്ള വിദ്യാധര്‍ ഭട്ടാചാര്യയെന്നയാളായിരുന്നു ജയ്പൂര്‍ നഗരത്തിന്റെ ശില്‍പി. ഹിന്ദു വാസ്തുവിദ്യാരീതിയില്‍ ഉയര്‍ന്ന വിസ്മയങ്ങളാണ് ജയ്പൂരിന്റെ പ്രത്യേകത. പീഠപാദയെന്നു പറയുന്ന എട്ട് ഭാഗമുള്ള മണ്ഡലശൈലിയിലാണ് ഹിന്ദു വാസ്തുവിസ്മയങ്ങള്‍ തീര്‍ത്തിരിക്കുന്നത്.
കോട്ടകള്‍, കൊട്ടാരക്കെട്ടുകള്‍, ഹവേലികള്‍ എന്നിങ്ങനെ ലോകത്തെമ്പാടുമുള്ള ജനങ്ങളെ ആകര്‍ഷിയ്ക്കുന്ന ഒരുപാട് കാര്യങ്ങളുണ്ടിവിടെ. കൂടാതെ സംസ്‌കാരങ്ങളെക്കുറിച്ചും പാരമ്പര്യങ്ങളെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും പഠിയ്ക്കാനാഗ്രഹിയ്ക്കുന്നവര്‍ക്കാണെങ്കില്‍ എത്ര പഠിച്ചാലും വീണ്ടും വീണ്ടും ബാക്കിയാകുന്ന അറിവുകളും.
അംബര്‍ കോട്ട, നഹര്‍ഗഡ് കോട്ട, ഹവ മഹല്‍, ശീഷ് മഹല്‍, ഗണേഷ് പോള്‍, ജല്‍ മഹല്‍ എന്നിവയാണ് ജയ്പൂരിലെ ചില പ്രധാന ആകര്‍ഷണകേന്ദ്രങ്ങള്‍. ജയ്പൂരിലെ മേളകളും ഉത്സവങ്ങളും നിറപ്പകിട്ടാര്‍ന്നും കലാസമ്പന്നവുമായ മേളകളുടെയും ഉത്സവങ്ങളുടെയും കേന്ദ്രം കൂടിയാണ് ജയ്പൂര്‍. സഞ്ചാരികളില്‍ നല്ലൊരു പങ്കും എത്താറുള്ളത് ജയ്പൂരിലെ ഉത്സവകാലങ്ങളിലാണ്. ജെയ്പൂര്‍ വിന്റേജ് കാര്‍ റാലിയാണ് എടുത്തുപറയേണ്ടുന്ന പ്രധാന മേളകളിലൊന്ന്. ജനുവരി മാസത്തിലാണ് ഇത് നടക്കുന്നത്. കാര്‍ പ്രണയികള്‍ക്ക് ശരിയ്ക്കുമൊരു വിരുന്നുതന്നെയായിരിക്കും ഈ റാലി, മേര്‍സിഡെസ്, ഓസ്റ്റിന്‍, ഫിയറ്റ് എന്നീ കാര്‍ കമ്പനികള്‍ പുറത്തിയ വിന്റേജ് കാറുകളാണ് റാലിയില്‍ ഏറെയുമുള്ളത്. 1900കാലഘട്ടത്തില്‍ നിന്നുള്ള കാറുകള്‍പോലും റാലിയിലുണ്ടാകും.
എലിഫന്റ് ഫെസ്റ്റിവല്‍
മറ്റൊരു പ്രധാന ഉത്സവം എലിഫന്റ് ഫെസ്റ്റിവലാണ്. ഹോളി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ആന മേള നടക്കാറുള്ളത്. ഇത് ഹിന്ദുമതക്കാര്‍ ഏറെ വിശേഷപ്പെട്ടതായി കരുതുന്ന ഒരു മേളയാണ്. ആന ഘോഷയാത്രയ്‌ക്കൊപ്പം ഈ സമയത്ത് മനോഹരമായ കലാപരിപാടികളും അരങ്ങേറാറുണ്ട്. ഗണ്‍ഗൗര്‍ ഉത്സവവും പ്രധാനപ്പെട്ടത് തന്നെ. ഗണ്‍ എന്നാല്‍ ഹിന്ദുദേവനായ ശിവനാണ്, ഗൗര്‍ ആകട്ടെ ശിവപത്‌നിയായ പാര്‍വ്വതിയും. വൈവാഹികജീവിതത്തിന്റെ വിജയവും മറ്റുമാണ് ഈ ഉത്സവത്തിന് പിന്നിലെ ഉദ്ദേശം. തീജ്, ഹോളി, ചക്‌സു തുടങ്ങിയവയാണ് മറ്റ് ഉത്സവങ്ങള്‍.
വിനോദം കായികവിനോദങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്കായി ഒട്ടകസവാരി, ഹോട്ട് എയര്‍ ബലൂണിങ്, പാരഗ്ലൈഡിങ്, റോക്ക് ക്ലൈമ്പിങ് എന്നിവയെല്ലാം ജയ്പൂരിലുണ്ട്. കരൗലി, രന്‍താംബോര്‍ നാഷണല്‍ പാര്‍ക്ക് എന്നിവിടങ്ങളിലേയ്ക്ക് ടൂര്‍ പ്രോഗ്രാമുകളുമുണ്ട്. ഇനി ഷോപ്പിങാണ് താല്‍പര്യമെങ്കില്‍ ജയ്പൂരിലെ ആന്റിക് വസ്തുക്കള്‍, ആഭരണങ്ങള്‍, രാജസ്ഥാനിലെ തനതുനിര്‍മ്മിതിയായ കാര്‍പ്പെറ്റുകള്‍, കളിമണ്‍പാത്രങ്ങള്‍, വിലയേറിയ രത്‌നങ്ങള്‍ തുടങ്ങി പലതും ഇവിടെക്കിട്ടും. ഇതിനായി നഗരത്തില്‍ ഒട്ടേറെ വ്യാപാരകേന്ദ്രങ്ങളുമുണ്ട്. ചെരുപ്പ്, രാജസ്ഥാനിലെ തനത് രീതിയിലുള്ള തുണിത്തരങ്ങള്‍, കരകൗശലവസ്തുക്കള്‍ തുടങ്ങിയവയ്ക്കാണെങ്കില്‍ നല്ല കേന്ദ്രം എംഐ റോഡാണ്. വിലപേശിവാങ്ങാമെന്നതാണ് ജെയ്പൂരിലെ മാര്‍ക്കറ്റുകളിലെ പ്രധാന പ്രത്യേകത.
ജയ്പൂരിലെ രുചികള്‍ വായില്‍ വെള്ളമൂറിയ്ക്കുന്ന രുചികളാണ് ജയ്പൂരില്‍ കിട്ടുക, മധുരം വേണ്ടവര്‍ക്ക് മധുരം, എരിവും പുളിയും വേണ്ടവര്‍ക്ക് അത്. ഉള്ളി, ഇഞ്ചി, വെളിത്തുള്ളി എന്നിവ മിക്ക വിഭവങ്ങളിലെയും പ്രധാന ചേരുവകളാണ്. ദാല്‍ ബാട്ടി ചൂര്‍മ, പ്യാസ് കി കചോരി, കെബാബ്, മുര്‍ഗ് കോ ഖാട്ടോ. അച്ചാറി മുര്‍ഗ് തുടങ്ങിയവ മെനുവിലെ ചില വിഭവങ്ങള്‍ മാത്രം. ഭക്ഷണപ്രിയര്‍ നേരേ പോകേണ്ടത് നെഹ്രു ബസാറിലേയ്‌ക്കോ ജോഹ്രി ബസാറിലേയ്‌ക്കോ ആണ്. ഇവയാണ് ജയ്പൂരിലെ പ്രധാന ഭക്ഷണത്തെരുവുകള്‍. ഖേവര്‍, മിശ്രി മവ, മവ കചോരി എന്നിവയാണ് ഇവിടുത്തെ പ്രധാന മധുരപലഹാരങ്ങള്‍.
ജയ്പൂരിലേയ്ക്ക് യാത്രചെയ്യുമ്പോള്‍ സന്‍ഗാനെര്‍ വിമാനത്താവളമാണ് ജയ്പൂരിലെ വിമാനത്താവളം, ഇത് അന്താരാഷ്ട്ര വിമാനത്താവളമാണ്. നഗരത്തില്‍ നിന്നും വെറും 13 കിലോമീറ്റര്‍ മാത്രമാണ് ഇവിടേയ്ക്കുള്ള ദൂരം. രാജ്യത്തെ പ്രമുഖ നഗരങ്ങളിലുള്ള വിമാനത്താവളങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് സര്‍വ്വീസുണ്ട്. വിമാനത്താവളത്തില്‍ നിന്നും ടാക്‌സികളില്‍ നഗരത്തിലെത്താം. മുംബൈ, ചണ്ഡിഗഡ്, ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നെല്ലാം ഏറെ വിമാനസര്‍വ്വീസുകളുണ്ട് ഇങ്ങോട്ട്. തീവണ്ടിമാര്‍ഗ്ഗമാണ് യാത്രയെങ്കില്‍ ജയ്പൂര്‍ ജങ്ഷന്‍ സ്റ്റേഷനിലാണ് ഇങ്ങേണ്ടത്. ദില്ലി, ആഗ്ര പോലുള്ള സ്ഥലങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് തീവണ്ടികള്‍ ഓടുന്നുണ്ട്. റോഡുമാര്‍ഗ്ഗമുള്ള യാത്രയാണ് തിരഞ്ഞെടുക്കുന്നതെഹ്കില്‍ രാജസ്ഥാന്‍ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ഇഷ്ടംപോലെ ബസുകളുണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ജയ്പൂരിലേയ്ക്ക്.
മരുഭൂമിയുടെ സ്വഭാവമുള്ള സ്ഥലമായതുകൊണ്ടുതന്നെ ജയ്പൂരിലെ വേനല്‍ക്കാലം വളരെ കടുത്തതാണ്. വേനല്‍ക്കാലത്ത് യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ശൈത്യകാലമാണ് യാത്രയ്ക്ക് നല്ലത്. ഈ സമയത്ത് തണുപ്പ് നന്നേ കൂടാറുമുണ്ട്, അതിനുള്ള സജ്ജീകരണങ്ങളുമായിമാത്രമേ യാത്രതുടങ്ങാവൂ. മാര്‍ച്ച് മുതല്‍ ഒക്ടോബര്‍വരെയുള്ള സമയമാണ് ജയ്പൂര്‍ സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.
Post Your Comments