തോമസ് ചെറിയാന്‍ കെ
ഇന്ത്യന്‍ രാഷ്ടീയത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്ന പ്രസ്താവനയാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് നടത്തിയത്. അലിഗഢ് സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ വിദ്യാര്‍ഥിയുടെ ചോദ്യത്തിനാണ് ‘ കോണ്‍ഗ്രസിന്‍റെ കൈയിലും രക്തം പുരണ്ടിട്ടുണ്ടെന്ന്’ അദ്ദേഹം മറുപടി നല്‍കിയത്. കര്‍ണ്ണാടക തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോഴും 2019ലെ മുഖ്യ തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ കക്ഷികള്‍ തയ്യാറെടുക്കുന്ന അവസരത്തിലുമാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കി ഖുര്‍ഷിദിന്‍റെ പ്രസ്താവന. ‘ ഇന്ത്യ കണ്ട വലിയ കലാപങ്ങള്‍ പലതും കോണ്‍ഗ്രസ് ഭരണകാലത്താണ്, അതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകുമോ എന്ന വിദ്യാര്‍ഥിയുടെ ചോദ്യത്തിനായിരുന്നു ഖുര്‍ഷിദിന്‍റെ മറുപടി.
രാജ്യത്തെ നടുക്കിയ സിഖ് വിരുദ്ധ കലാപം, ബാബറി മസ്ജിദ് സംഭവം, മുസാഫര്‍ നഗര്‍ കലാപം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു അമീര്‍ എന്ന വിദ്യാര്‍ഥിയുടെ ചോദ്യം. വേദി ഏറെ ആകാംഷയോടെയാണ് ഖുര്‍ഷിദിന്‍റെ പ്രതികരണത്തിന് കാതോര്‍ത്തത്. ‘ ഞാന്‍ കോണ്‍ഗ്രസിന്‍റെ ഭാഗമാണ്. കോണ്‍ഗ്രസിന്‍റെ കയ്യിലും രക്തക്കറ പുരണ്ടിട്ടുണ്ടെന്നത് വസ്തുതയാണ്. അത് അംഗീകരിച്ചേ മതിയാകൂ. ചരിത്രം ഓര്‍മ്മിച്ചുകൊണ്ട് പല തിരുത്തലുകള്‍ക്കും തയാറാകേണ്ട സാഹചര്യമാണിത്. സംഭവിച്ച പിഴവുകളില്‍ നിന്ന് നാം പാഠം പഠിക്കേണ്ടതുണ്ട്. അങ്ങനെ തിരുത്തിയാല്‍ പത്തു വര്‍ഷം കഴിയുമ്പോഴെയ്ക്കും ഇതു പോലൊരു വേദിയില്‍ മറ്റൊരാള്‍ ഈ ചോദ്യം ആവര്‍ത്തിക്കില്ല. ‘ എന്നായിരുന്നു ഖുര്‍ഷിദിന്‍റെ മറുപടി.
പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകം വന്‍ വിവാദമാണ് കോണ്‍ഗ്രസിനകത്തും പുറത്തുമായി സംഭവിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലുള്‍പ്പടെ ഖുര്‍ഷിദിന്‍റെ പ്രസ്താവന ചര്‍ച്ചയായി. എന്നാല്‍ ഖുര്‍ഷിദിന്‍റെ പരാമര്‍ശം വന്ന് നിമിഷങ്ങള്‍ക്കകം കോണ്‍ഗ്രസ് നേതാക്ക്ള്‍ ഇത് തളളിയിരുന്നു. കോണ്‍ഗ്രസ് രാജ്യത്ത് മതേതരത്വം കാത്തു സൂക്ഷിയ്ക്കുന്ന പാര്‍ട്ടിയാണെന്നും ഖുര്‍ഷിദിന്‍റെ വാക്കുകളോട് യോജിക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് പി.എഎല്‍ പൂനിയ പറഞ്ഞു. പക്ഷേ പ്രസ്താവനയില്‍ ഉറയ്ച്ചു നില്‍ക്കുന്നുവെന്ന ഖുര്‍ഷിദിന്‍റെ വാക്കുകള്‍ കോണ്‍ഗ്രസിനെ ഏറെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്‍റെ കയ്യില്‍ മുസ്ലീമിന്‍റെ രക്തം പുരണ്ടിട്ടുണ്ടെന്ന് താന്‍ പറഞ്ഞതായി ചില മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചു വെന്നും ഖുര്‍ഷിദ് ആരോപിച്ചു. ‘ ഒരു രാഷ്ട്രീയ ചോദ്യത്തിന്
മനുഷ്യന്‍ എന്ന നിലയിലാണ് പ്രതികരിച്ചതെന്നും മാധ്യമങ്ങളാണ് തന്‍റെ വാക്കുകള്‍ വളച്ചോടിച്ചതെന്നും ഖുര്‍ഷിദ് തന്‍റെ പ്രസ്താവനയെ ന്യായീകരിച്ച് പ്രതികരിച്ചിരുന്നു.
കഴിഞ്ഞ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് അഴിമതിയുടെയും രാജ്യത്തെ അനിഷ്ട സംഭവങ്ങളുടെയും തുടര്‍ച്ചയായി കോണ്‍ഗ്രസിന് പ്രതിച്ഛായ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്നു വന്ന തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനും ഇത് കാരണമായി. എന്നാല്‍ സംഘനാതലത്തിലുള്‍പ്പടെ അഴിച്ചുപണി നടത്തി പുതിയ മുഖം സൃഷ്ടിച്ച തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്ന സമയം പാര്‍ട്ടിയെ തന്നെ മുതിര്‍ന്ന നേതാവില്‍ നിന്നുണ്ടായ പരാമര്‍ശം കോണ്‍ഗ്‌സിന്‍റെ തിരഞ്ഞെടുപ്പ് മുന്നോരുക്കത്തെ തളര്‍ത്തുമോ എന്നും പാര്‍ട്ടിക്കുള്ളില്‍ ആശങ്കയുണ്ട്.
കോണ്‍ഗ്രസിന്‍റെ കൈയ്യിലും രക്തക്കറ പുരണ്ടിട്ടുണ്ടെന്ന ഖുര്‍ഷിദിന്‍റെ പരാമര്‍ശം കോണ്‍ഗ്രസിന്‍റെ വര്‍ഗീയ കലാപ ചരിത്രത്തിന്‍റെ സാക്ഷ്യപ്പെടുത്തലാണെന്ന് ആരോപിച്ച് മറ്റു രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ട് വന്നു കഴിഞ്ഞു. കര്‍ണാട തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വരെ ഏറെ ചിന്തിക്കേണ്ടി വന്ന കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പ് ആത്മവിശ്വാസം കുറയുന്ന രീതിയിലേക്ക് കാര്യങ്ങള്‍ തകിടം മറിഞ്ഞോ എന്നും പാര്‍ട്ടി നേതൃത്വം ആശങ്കപ്പെടുന്നു. അതില്‍ ഏറെ ശ്രദ്ധിക്കേണ്ട വസ്തുത എന്തെന്നാല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് സംഭവിച്ച വര്‍ഗീയ കലാപങ്ങള്‍ നിരത്തി മറ്റു പാര്‍ട്ടികള്‍ നല്‍കുന്ന വെല്ലുവിളിയാണ്. ശരിയായ രീതിയിലുളള അന്വേഷണം പോലും നടക്കാതെ എങ്ങനെയാണ് കോണ്‍ഗ്രസ് മുന്‍പ് ഭരണത്തിലിരുന്നത് എന്നു വരെ പലഭാഗത്തു നിന്നും ചോദ്യങ്ങള്‍ ഉയരുന്നു.
കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോഴുണ്ടായിക്കുന്ന അസ്വസ്ഥതകള്‍ക്ക് തിരഞ്ഞെടുപ്പ് വിജയത്തിലൂടെ മാത്രമേ പരിഹാരം കാണാന്‍ കഴിയൂ. അതിനായുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. വരും തിരഞ്ഞെടുപ്പില്‍ കൃത്യമായ നിരീക്ഷണത്തോടെയും വിലയിരുത്തലുകളോടെയും ജനം വേട്ടു രേഖപ്പെടുത്തുമ്പോള്‍ അക്രമത്തിനും അഴിമതിയ്ക്കും വഴിയൊരുക്കാതെ രാജ്യത്തിന്‍റെ വികസനത്തിനും ഓരോ പൗരന്‍റെയും ഉന്നമനത്തിനും യത്‌നിക്കുന്ന സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കുകയും ആശംസിക്കുകയും ചെയ്യാം.
Post Your Comments