തലശ്ശേരി: പിണറായി പടന്നക്കരയിലെ കുടുംബത്തിലെ പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ ദുരൂഹമരണത്തിനിടയായ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. മരിച്ച കുടുംബത്തിൽ അവശേഷിക്കുന്ന ഏക ആളായ സൗമ്യയെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ച ശേഷമാണ് ഇവർക്കും ഛർദ്ദി ഉണ്ടാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്. എലിവിഷമാണ് മരണത്തിനിടയാക്കിയതെന്നാണ് നിഗമനം.
കൊലപാതകമാണോ എന്നും സംശയിക്കുന്നുണ്ട്. കല്ലട്ടി വണ്ണത്താന്‍വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65), പേരക്കുട്ടികളായ ഐശ്വര്യ (എട്ട്), കീര്‍ത്തന (ഒന്നര) എന്നിവരാണ് മൂന്നു മാസത്തിനിടെ ഛര്‍ദ്ദിച്ച് അവശരായി മരിച്ചത്. നാലുപേരും ഒരേ രീതിയില്‍ മരിച്ചതോടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ അനുമാനിക്കുകയായിരുന്നു. മരിച്ച ഐശ്വര്യ എന്ന എട്ടുവയസ്സുകാരിയുടെ സംസ്കരിച്ച മൃതദേഹം അന്വേഷണത്തിന്റെ ഭാഗമായി പുറത്തെടുത്തു പരിശോധന നടത്തി. ആന്തരികാവയവങ്ങൾ ഫോറൻസിക് ലാബിലേക്ക് അയച്ചു.
സബ്ഡിവിഷനല്‍ മജിസ്ട്രേറ്റിെന്റ അനുമതിയോടെയാണ് മൂന്നുമാസം മുമ്പ് മരിച്ച ഐശ്വര്യയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലെ പോലീസ് സര്ജന് ഡോ. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ പുറത്തെടുത്തത്. സൗമ്യയുടെ മാതാപിതാക്കളായ കമലയുടെയും കുഞ്ഞിക്കണ്ണന്റെയും ആന്തരീകാവയവങ്ങൾ പരിശോധിച്ചതിൽ വിഷാംശം കണ്ടെത്തിയിരുന്നു. എലിവിഷം പോലുള്ളവയിൽ കാണുന്ന അലുമിനിയം ഫോസ്ഫേഡ് ഇവരുടെ ശരീരത്തിൽ ഉള്ളതായും ഇതാണ് മരണകാരണമായതെന്നും കണ്ടെത്തിയിരുന്നു.
കമല മരിച്ച ശേഷവും ചില യുവാക്കൾ ഈ വീട്ടിൽ നിരന്തരം വന്നു പോകുന്നതിനെ നാട്ടുകാർ എതിർത്തിരുന്നു.ഇവർ നിരീക്ഷണത്തിലാണ്.സൗമ്യയെ കൂടുതൽ ചോദ്യം ചെയ്ത ശേഷമേ സംഭവത്തിന്റെ സത്യാവസ്ഥ വെളിയിൽ വരൂ എന്നാണ് നിഗമനം.
Post Your Comments