Latest NewsKeralaNews

അഴീക്കോട് ശക്തമായ കടലേറ്റം: യുവതിയെ കാണാതായി

കൊടുങ്ങല്ലൂര്‍: അഴീക്കോട് ശക്തമായ കടലേറ്റം. ബന്ധുക്കളോടൊപ്പം അഴീക്കോട് മുനയ്ക്കല്‍ ബീച്ച്‌ ഫെസ്റ്റിനെത്തിയ യുവതിയെ കടലില്‍ വീണ് കാണാതായി. മാള പഴൂക്കര ഗുരുതിപാല തോപ്പില്‍വീട്ടില്‍ വിജയകുമാറിന്റെ മകള്‍ അശ്വനിയെയാണ് (24) കാണാതായത്. കൂടെയുണ്ടായിരുന്ന മൂന്നുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാള മെറ്റ്സ് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനിയാണ്. അശ്വനിയുടെ അമ്മ ഷീല (50), സഹോദരി ദൃശ്യ (24), ബന്ധു അതുല്യ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ ബന്ധുക്കളായ സിന്ധു, അനന്തു എന്നിവരാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

മറ്റു രണ്ടുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ആറംഗസംഘം മുനയ്ക്കല്‍ ബീച്ചിലെത്തിയത്. നാലുപേര്‍ മുട്ടോളം വെള്ളംവരെ കടലിലേക്കിറങ്ങുകയായിരുന്നു. നാലുപേരും വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് അടുത്തുണ്ടായിരുന്ന ലൈഫ് ഗാര്‍ഡ് പ്രതാപന്‍ ഓടിയെത്തി എല്ലാവരെയും വലിച്ചുകയറ്റിയെങ്കിലും നിമിഷങ്ങള്‍ക്കകം വീണ്ടും തിരമാല ആഞ്ഞടിച്ചു. ഇതോടെ പ്രതാപന്റെ കൈയില്‍നിന്ന് അശ്വനി പിടിവിട്ട് ഒഴുകിപ്പോവുകയായിരുന്നു. തീരദേശ പോലീസും നാട്ടുകാരും ചേര്‍ന്ന് ഏറെനേരം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇതിനിടെ കൂറ്റന്‍ തിരമാലയോടെ രൂക്ഷമായ കടലേറ്റമുണ്ടായി. അഴീക്കോട് മുനയ്ക്കല്‍ ബീച്ച്‌ ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഞായറാഴ്ച. അപകടത്തെത്തുടര്‍ന്ന് ബീച്ച്‌ ഫെസ്റ്റ് നിര്‍ത്തിവെച്ചതായി ഇ.ടി. ടൈസണ്‍ എം.എല്‍.എ. അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് തീരദേശമേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമായത്. തിരുവനന്തപുരം ചിറയിന്‍കീഴ് അഞ്ച് തെങ്ങില്‍ പലയിടങ്ങളിലും കടല്‍ കയറി. തിരകള്‍ ആഞ്ഞടിച്ചതോടെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കൊല്ലം കാക്കത്തോപ്പ് മുതല്‍ പള്ളിന്നേര് വരെയുള്ള തീരദേശ പാത ഭാഗികമായി കടലെടുത്തു. കരുനാഗപ്പള്ളി, തങ്കശ്ശേരി എന്നിവിടങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമാണ്.

കടല്‍ പ്രക്ഷുബ്ധമായതോടെ കൊല്ലം ഇരവിപുരം തീരപാത താത്ക്കാലികമായി അടച്ചു. പൊന്നാനി അഴീക്കലില്‍ കടല്‍ ഭിത്തി തകര്‍ന്ന് നിരവധി വീടുകളിലേക്ക് വെള്ളം കയറി. കോഴിക്കോട് നൈനാന്‍ വളപ്പ് , കൊയിലാണ്ടി, വടകര താഴെ അങ്ങാടി എന്നിവിടങ്ങളിലും തിരമാലകള്‍ ആഞ്ഞടിച്ചതോടെ തീരദേശ വാസികള്‍ പരിഭ്രാന്തിയിലാണ്. പലയിടങ്ങളിലും കടലാക്രമണം ശക്തമായതോടെ കടല്‍ ഭിത്തി തകരുകയും വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. മൂന്ന് മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കണ്ണൂര്‍ മുഴപ്പിലങ്ങാട് കടലാക്രമണത്തെ തുടര്‍ന്ന് ബീച്ച്‌ ഫെസ്റ്റിന്റെ ഭാഗമായി തയ്യാറാക്കിയ പവലിയനുകള്‍ ഒലിച്ചുപോയി. പ്രദേശത്തെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, ഉപ്പള, കുമ്ബള, എന്നിവിടങ്ങളില്‍ രണ്ട് മീറ്ററോളം ഉയരത്തിലാണ് തിരമാലകള്‍ ആഞ്ഞടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button