ഇരുപത്തി രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എന്ത് മാറ്റമുണ്ടായി? യെച്ചൂരിയെ കുടുക്കാന്‍ കാരട്ടിനെ ഉയര്‍ത്തിയ പിണറായി നേതൃത്വത്തിനു കേന്ദ്ര കമ്മിറ്റിയിലോ പി.ബിയിലോ അപ്രമാദിത്വം ഉറപ്പിക്കാന്‍ കഴിയാതെ പോയി. ഇന്ത്യയില്‍ സി.പി.എമ്മിന് അധികാരം അവശേഷിക്കുന്ന ഒരേയൊരു സംസ്ഥാനമാണ് കേരളം. എന്നാല്‍ ആ ഒരു ബലം പോലും കേന്ദ്ര കമ്മറ്റിയില്‍ ഗുണകരമാക്കാന്‍ കേരളത്തിനു കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇവിടെ വീണ്ടും ശക്തമായ പ്രമാദിത്വം ബംഗാള്‍ ഘടകമാണ്. അധികാരം നഷ്ടമാകുക മാത്രമല്ല, സംഘടനാപ്രവര്ത്തനംതന്നെ ചോദ്യചിഹ്നമായി മാറിയ ബംഗാള്‍ ഘടകം പോളിറ്റ് ബ്യൂറോയില്‍ കരുത്തുകൂട്ടി.
ബിജെപിയാണ് തങ്ങളുടെ മുഖ്യ ശത്രുവെന്ന് പ്രഖ്യാപിക്കുന്ന ഈ രാഷ്ട്രീയ സംഘടന അതിനെ എതിര്‍ക്കാന്‍ കണ്ടത് കോണ്‍ഗ്രസ് ബാന്ധവം മാത്രമാണ്. ഈ അവിശുദ്ധ കൂട്ടുകെട്ടിനെ വിമര്‍ശിക്കാന്‍ മാത്രം വാ തുറന്ന കേരള അംഗങ്ങള്‍ യുവ തലമുറയെ അംഗീകരിക്കാന്‍ ശ്രമിക്കാത്ത കാഴ്ചയും അവിടെയുണ്ടായി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ ശക്തിയായി യുവതലമുറയെ തിരിച്ചറിഞ്ഞു തുടങ്ങുകയും അവര്‍ക്ക് പ്രാധാന്യം നല്കുന്ന ഒരു സമീപനം പുലര്‍ത്തുകയും ചെയ്തു തുടങ്ങി. എന്നാല്‍ ഇപ്പോഴും കേരളത്തിലെ സിപിഎം വയസന് പടയായി നില്‍ക്കുകയാണ്. യുവതലമുറയ്ക്കു വഴിയൊരുക്കാത്ത സമീപനമാണു കേരളാഘടകത്തിന്റേതെന്നു വിമര്‍ശനം ശക്തമായി ഉയരുകയാണ്. കേന്ദ്ര കമ്മിറ്റിയില്‍ കേരളത്തില്‍നിന്നുള്ള അംഗങ്ങളെല്ലാം ഷഷ്ടിപൂര്‍ത്തി കഴിഞ്ഞവരാണ്. പി.ബിയില്‍ എസ്.ആര്.പിക്കു പകരക്കാരായി എ. വിജയരാഘവനും ദളിത് പ്രാതിനിധ്യമുണ്ടായാല്‍ എ.കെ. ബാലനും സാധ്യത കല്പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ എസ്.ആര്.പി. ഒഴിഞ്ഞതുമില്ല, കൂടുതല്‍ അംഗങ്ങളെ വേണമെന്നു കേരളം ആവശ്യപ്പെട്ടതുമില്ല. പകരം വി.എസ്. അച്യുതാനന്ദനെ പ്രതിരോധിക്കാന്‍ കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേകക്ഷണിതാവായി പാലോളി മുഹമ്മദ്കുട്ടിയെ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദം ചെലുത്തി.
സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തില്‍ പങ്കാളികളാകുന്നതും അല്ലാതെയുമുള്ള കേരളത്തിലെ ബിജെപി അംഗങ്ങളെ നോക്കുകയാണെങ്കില്‍ ഭൂരിഭാഗവും യുവ തലമുറയില്‍ പെട്ടവരാണ്. ആ ഒരു തന്ത്രത്തിലോടെയാണ് ബി.ജെ.പി. ബഹുദൂരം മുന്നേറുന്നത്. ആ സാധ്യതപോലും തിരിച്ചറിയാത്ത അവസ്ഥയിലാണു കേരള ഘടകം. പാര്‍ട്ടി കോണ്‍ഗ്രസില്‍ സംഘടനാപ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. വിവരസാങ്കേതികവിദ്യയിലടക്കം പ്രാവീണ്യം നേടിയ യുവനേതാക്കളെ കേന്ദ്ര കമ്മിറ്റിയിലടക്കം കൊണ്ടുവരാനുള്ള നീക്കമുണ്ടായില്ല. പ്രായാധിക്യത്താല്‍ വിരമിക്കാനൊരുങ്ങിയ എസ്.ആര്.പിയെ പി.ബിയിലും വി.എസ്, പാലോളി എന്നിവരെ കേന്ദ്ര കമ്മിറ്റിയിലും നിലനിര്‍ത്താന്‍ സ്വീകരിച്ച തത്രപ്പാട് യുവനേതാക്കളെ മുന്‍നിരയില്‍ കൊണ്ടുവരുന്നതില്‍ കാട്ടിയില്ല. ഈ സാഹചര്യത്തില്‍, യെച്ചൂരിയുടെ വിജയത്തിനൊപ്പം കേരളാഘടകത്തിന്റെ ദയനീയപരാജയത്തിനുമാണ് ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയായത്. കേരളാ-ബംഗാള്‍ ഘടകങ്ങളെന്ന പേരിലുള്ള ശാക്തികചേരികളെ അംഗീകരിക്കില്ലെന്നും എല്ലാ ഘടകങ്ങളും ഒരുപോലെയാണെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കുകയും ചെയ്തു. ഇതു കാരാട്ട് പക്ഷക്കാരായ കേരളാഘടകത്തിനുള്ള മുന്നറിയിപ്പുമാണ്.
അനിരുദ്ധന്
Post Your Comments