KeralaLatest NewsArticleNewsIndiaEditor's Choice

കുഞ്ഞുങ്ങള്‍ക്ക് നേരെ ഇനി ഉയരരുത് “കാമത്തിന്‍റെ കൈകള്‍” !

തോമസ്‌ ചെറിയാന്‍ കെ

കുരുന്നുകള്‍ക്ക് നേരെയുളള ലൈംഗിക അക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന കാഴ്ച്ചയാണ് ദിനം പ്രതി നാം കാണുന്നത്‌. എട്ടുമാസം പ്രായമുള്ള കുഞ്ഞിനെപ്പോലും ഇത്തരത്തിലുള്ള ചൂഷണത്തിന് ഇരയാക്കിയ ക്രൂര കൃത്യത്തിന്‍റെ വാര്‍ത്ത നാം കണ്ടു കഴിഞ്ഞു. ലോകത്തിനു മുന്‍പില്‍ നമ്മുടെ രാജ്യത്തിന്‍റെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്ന ഇത്തരം പ്രവണതകള്‍ക്ക് അറുതി വരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. കഴിഞ്ഞ ഒരു മാസക്കാലയളവിനുള്ളില്‍ തന്നെ പുറത്തുവന്ന ഇത്തരം വാര്‍ത്തകള്‍ മനുഷ്യ മനസാക്ഷിയെ പിടിച്ചുലയ്ക്കുന്നതാണ്. മിക്ക രാജ്യങ്ങളിലും ലൈംഗിക ചൂഷണത്തിന് വധശിക്ഷ തന്നെ നല്‍കുമ്പോള്‍ എന്തുകൊണ്ട് ഇന്ത്യയില്‍ മാത്രം ഇത് നടപ്പാക്കുന്നില്ലെന്ന് ചോദ്യം നാളുകളായി ഉയരുകയായിരുന്നു. എന്നാല്‍ ഇതിന് അറുതി വരുന്നതാണ് സര്‍ക്കാര്‍ പോക്‌സോ നിയമത്തില്‍ വധശിക്ഷ ഏര്‍പ്പെടുത്തുമെന്ന തീരുമാനം.

കത്വയിലും ഉന്നാവിലും നടന്ന സംഭവങ്ങള്‍ രാജ്യത്തെ ഏറെ കണ്ണീരിലാഴ്ത്തിയിരുന്നു. വന്‍ പ്രതിഷേധമാണ് ഇതിനു ശേഷം രാജ്യത്തിന്‍റെ പലഭാഗത്തു നിന്നും ഉയര്‍ന്നത്. 12 വയസു വരെ പ്രായമുളള കുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ നല്‍കുന്ന ഭേദഗതിയ്ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നതിന് ഏറെ പ്രശംസയാണ് ഈ അവസരത്തില്‍ ലഭിക്കുന്നത്. പാര്‍ലമെനറ് അംഗീകാരം കൂടി ലഭിച്ചാല്‍ നിയമം നിലവില്‍ വരും. നിയമ ഭേദഗതി പ്രകാരം 12 വയസിനു താഴെയുളള കുട്ടികളെ ബലാത്സംഗം ചെയ്താല്‍ കുറഞ്ഞ ശിക്ഷ ജീവപര്യന്തം തടവും പരമാവധി വധശിക്ഷയുമാണ്. എന്നാല്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ ലൈംഗികാതിക്രമം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ ബലാത്സംഗ കുറ്റങ്ങള്‍ക്കും വധശിക്ഷ ഉറപ്പാക്കേണ്ടതല്ലേ എന്ന് ജന മനസുകളില്‍ സംശയമുയരുന്നുണ്ട്. നിയമ ഭേദഗതി ചെയ്യുന്നതോടൊപ്പം ഇത്തരം കേസുകളിലെ വിചാരണ നടപടികള്‍ വേഗത്തിലാക്കാനും തീരുമാനമുണ്ട്. ശിക്ഷയുടെ കാഠിന്യം വര്‍ധിപ്പിക്കുന്നതോടു കൂടി കുറ്റ കൃത്യങ്ങള്‍ കുറയുമെന്നും വലയിരുത്തലുകളുണ്ട്. എന്നാല്‍ നിയമത്തില്‍ പല ഭാഗത്തായുള്ള പരിമിതികളേയും ആശങ്കയോടു കൂടിയേ കാണാന്‍ സാധിക്കൂ.

രാജ്യത്തെ ഞെട്ടിച്ച് 2012ല്‍ സംഭവിച്ച നിര്‍ഭയയുടെ മരണത്തിനു ശേഷം ജസ്റ്റിസ് ജെ.എസ് വര്‍മ്മ കമ്മീഷനാണ് ശിക്ഷ കൂടുതല്‍ കര്‍ശനമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയത്. ബലാത്സംഗക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ മാത്രമാണ് ഉണ്ടായിരുന്നത്. ബലാത്സംഗം ചെയ്ത് ജീവച്ഛവം പോലെയാകുന്ന കേസുകളില്‍ ജീവപര്യന്തം ശിക്ഷയോ പരമാവധി വധശിക്ഷയോ ആണ് നല്‍കുന്നത്. എന്നാല്‍ മിക്ക കേസുകളിലും ശിക്ഷ ജീവപര്യന്തമായി മാത്രം ചുരുങ്ങുന്നു എന്നതും ജന മനസുകളില്‍ ഭീതി നിറയ്ക്കുന്നു. കുറ്റം ചെയ്താല്‍ പ്രതിയ്ക്ക് രക്ഷപെടാനുള്ള യാതൊരു പഴുതും ഉണ്ടാകരുതെന്നും ഏവരുടെയും മനസില്‍ പ്രാര്‍ഥനയുയരുന്നുണ്ട്. ഈ നിയമത്തില്‍ ഭേദഗതി വരുത്തി അഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകാന്‍ പോകുമ്പോഴും ഇത്തരം കേസുകള്‍ക്ക് കുറവില്ല എന്നത് നാം ആശങ്കയോടെ കാണണം.

കുട്ടികള്‍ക്ക് എതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് കുറവുണ്ടാകുന്നില്ല എന്ന വസ്തുത നിലനില്‍ക്കെ അതില്‍ എത്രയെണ്ണം നിയമത്തിനും പൊതു സമൂഹത്തിനും മുന്‍പില്‍ തുറന്നു പറയുന്നുണ്ടെന്ന കാര്യവും നാം മറന്നു പോകരുത്. സ്‌കൂളില്‍ അധ്യാപകരുടെ പക്കല്‍ നിന്നു വരെ ഇത്തരം ചൂഷണങ്ങള്‍ അനുഭവിക്കേണ്ടി വന്ന കഥകള്‍ നാം ഞെട്ടലോടെയാണ് കേട്ടത്. കേട്ട കഥകളേക്കാള്‍ കേള്‍ക്കാത്ത കഥകളാണ് അധികവും എന്ന വസ്തുത നാം മറന്നു പോകരുത്. കുട്ടികളുടെ ജീവിതത്തെക്കുറിച്ചും കേസു നടത്തുമ്പോള്‍ വരാവുന്ന കാലതാമസത്തെക്കുറിച്ചും ഓര്‍ത്താണ് മിക്ക മാതാപിതാക്കളും തങ്ങളുടെ കുഞ്ഞിനുണ്ടായ അനുഭവത്തെ പുറത്തു പറയാതെ ഉള്ളിലൊതുക്കി നീറുന്നത്.

ഇതിനിടയില്‍ വ്യാജമായുണ്ടാകുന്ന പീഡന കഥകളും ജനഹൃദയങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ കുട്ടികളെക്കൊണ്ട് ഇല്ലാത്ത കാര്യങ്ങള്‍ പറയിച്ച് പ്രതികാര നടപടികള്‍ നടത്തുന്നവരും കുറവല്ല. ഇത്തരം കേസുകളിലും പൊലീസിന് തങ്ങളുടെ വിലയേറിയ സമയം നഷ്ടപ്പെടുന്നുവെന്ന സത്യവും നാം മറക്കരുത്. വരും ദിവസങ്ങളിലെങ്കിലും ഇത്തരം കേസുകള്‍ ഉണ്ടാകാതിരിക്കട്ടെ. കുറ്റകൃത്യങ്ങള്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കുന്ന രാജ്യമായി നമ്മുടെ നാടിന് മാറാന്‍ കഴിയട്ടെ എന്നും ഇത്തരം ക്രൂരതകള്‍ ഇനി ഉണ്ടാകരുതേയെന്നും നമുക്ക് പ്രാര്‍ഥിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button