KeralaLatest NewsIndiaNewsInternational

ലിഗയുടെ കൊലപാതകം : അശ്വതി ജ്വാലയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കും എന്ത് സുരക്ഷയാണ് ഈ രാജ്യം നൽകുന്നത് ? എന്തുകൊണ്ട് സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ തുടർക്കഥയാകു ന്നു. രാജ്യത്തെ പലയിടങ്ങളിലും പ്രായവ്യത്യാസമില്ലാതെ സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടുന്നു. ഇതിൽ ചുരുക്കമാണ് പുറത്തറിയുന്നതെന്നും നാം ഓർക്കണം. ഏറ്റവും ഒടുവിൽ വിഷാദരോഗത്തിന്റെ ചികിത്സയ്ക്കായി കേരളത്തിൽ എത്തിയ വിദേശ വനിതയേയും കൊന്നു തള്ളി. ഉടലും തലയും ഛേദിച്ച നിലയിലാണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. അതും കാണാതായി ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ. മനസ്സിന്റെ അസുഖം മാറ്റാനായി കേരളത്തിൽ എത്തിയ യുവതിയ്ക്കാണ് തലസ്ഥാനത്തുവെച്ച് ഇങ്ങനെ സംഭവിച്ചത്.

ലിഗയുടെ കൊലപാതകത്തെക്കുറിച്ച് സാമൂഹ്യപ്രവർത്തകയായ അശ്വതി ജ്വാലയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്

ഒടുവിൽ അത് തന്നെ സംഭവിച്ചു.
ഭയപ്പെട്ടത് പോലെ ആ വനിതയെ ജഢമായി തിരിച്ചുകിട്ടി.. ഉടലും തലയും വേർപെട്ട് അഴുകിയ നിലയിൽ ആ വിനോദസഞ്ചാരിയെ നമ്മൾ അവരുടെ മാതൃരാജ്യത്തിന് തിരികെ നൽകാൻ തയ്യാറെടുക്കുകയാണ്.

അവരുടെ മതമോ സ്വത്വമോ ഒന്നും അത്ര പ്രധാനമല്ലാത്തതിനാൽ നാളെ “തലകുനിച്ച് രാജ്യം” എന്നൊരു തലക്കെട്ട് ഒരു പത്രത്തിലും കാണില്ല. ഒരു മെഴുകുതിരി പോലും അവർക്കായി എരിഞ്ഞേക്കില്ല. ഒരു കണ്ണീർത്തടാകവും പൊട്ടിയൊലിക്കില്ല. നഷ്ടം അവർക്കും അവരുടെ കുടുംബത്തിനും പിന്നെ അവരുടെയൊക്കെ മനസ്സിൽ നമ്മുടെ നാടിനെക്കുറിച്ചുണ്ടായിരുന്നേക്കാമായിരുന്ന ദൈവത്തിന്റെ സ്വന്തം രാജ്യം എന്ന പ്രതിച്ഛായയ്ക്കും മാത്രം.

ALSO READ: ജ്വാല ഫൌണ്ടേഷൻ അശരണർക്കായി സ്ഥാപിച്ചു കൊടുത്ത പെട്ടിക്കടകൾ പൊളിച്ചു മാറ്റാൻ നിർദ്ദേശം-എതിർപ്പുമായി അശ്വതി ജ്വാല

അതിന് അവരെ കൊന്നത് നമ്മളാണോ എന്ന് ചോദിക്കണ്ട. ഞാനോ നിങ്ങളോ അവരെ ജീവനോടെ കണ്ടിട്ടുപോലുമില്ല; സത്യമാണ്. പക്ഷേ അവരെ നമുക്കിടയിലെവിടെയോ കാണാതായിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ അവരുടെ ജീവനറ്റ ശരീരം പൊന്തക്കാട്ടിൽ നിന്ന് കണ്ടെടുക്കും വരെ ഞാനും നിങ്ങളും നമ്മളടങ്ങിയ സമൂഹവും അതിന്റെ ഭരണയന്ത്രങ്ങളും ആ യന്ത്രത്തിലെ തുരുമ്പ് കയറിയ നീതി നിർവ്വഹണ ഭാഗങ്ങളും കാട്ടിയ അവഗണനയും അനാസ്ഥയും നമ്മളെ പ്രതിസ്ഥാനത്ത് നിർത്തുകയാണ്. അവരെ കൊന്നത് ഈ പറഞ്ഞ ഘടകങ്ങൾ എല്ലാം ചേർന്നാണ്.

അവരെ കാണാതായി എന്നറിഞ്ഞപ്പോൾ മുതൽ നഗരത്തിലെ പല രാഷ്ട്രീയ സാമൂഹിക സംഘടനകളെയും സമീപിച്ചതാണ്, അവർക്ക് വേണ്ടി ഒരു ചെറുജാഥയെങ്കിലും നടത്തൂ എന്നപേക്ഷിച്ച്. പക്ഷേ അവരൊക്കെ കൊടും തിരക്കുകളിലായിരുന്നു. വിദേശരാജ്യങ്ങളിൽ മരിച്ചുവീഴുന്നവർക്ക് വേണ്ടി നടക്കുന്ന പ്രതിഷേധങ്ങളുടെ ഒരു കണിക പോലും നമുക്കിടയിൽ വച്ച് നിശബ്ദയാക്കപ്പെട്ട ആ സ്ത്രീയുടെ പേരിൽ ഉയർന്നില്ല.

ഈ കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങേണ്ടി വന്നു. “നിങ്ങൾ വിചാരിക്കും പോലെ ഈ നാട്ടിൽ വില്ലന്മാരോ അധോലോകമോ ഒന്നുമില്ല” എന്നായിരുന്നു ഒരു പൊലീസേമാന്റെ ഫലിതം വളിച്ച മറുപടി. ശരിയാണ് സർ, നാട്ടിൽ വില്ലന്മാരും അധോലോകവും ഇല്ലെന്നും അവരെയൊക്കെ പരീക്ഷയെഴുതിച്ച് ശാരീരിക ക്ഷമത പരിശോധിച്ച് പരിശീലനം നൽകി നിങ്ങൾക്കൊപ്പം ചേർത്തിട്ടുണ്ട് എന്ന് വരാപ്പുഴ പോലുള്ള അനുഭവങ്ങൾ ഞങ്ങളെ പഠിപ്പിക്കുന്നു.

ബന്ധുക്കൾക്കൊപ്പമിരിക്കുമ്പോഴും പൊതുനിരത്തിൽ ആൾക്കൂട്ടത്തിന് നടുവിൽ നിൽക്കുമ്പോഴും പോലും സ്ത്രീ ഒറ്റപ്പെട്ട് പോകാവുന്ന അദൃശ്യമായ ചെറു തുരുത്തുകളുണ്ട് എന്ന് ഈ അനുഭവം നമ്മളെ പഠിപ്പിക്കുന്നു. നമ്മുടെ കണ്ണുകളിൽ പതിയാത്ത ആ തുരുത്തിന് മുകളിൽ കഴുകന്മാർ ചിറക് വിരിച്ചു പിടിച്ചിട്ടുണ്ട്. അറിയാതെ ഒരു നിമിഷാർദ്ധനേരത്തേയ്ക്കെങ്കിലും അതിൽ പെട്ടുപോകുന്ന പെണ്ണിന്റെ ഗതിയെന്തെന്ന് നമ്മൾ മനസ്സിലാക്കണം.

ഇവിടെ മോർച്ചറിയിൽ അവൾ കിടപ്പുണ്ട്.
പുറത്ത് ആൾക്കൂട്ടമോ പ്രതിഷേധമോ പ്ലക്കാർഡോ ഇല്ല. ഈ സമയം വരെ അവളെ കാണാൻ വന്ന ഒരേയൊരു ജനപ്രതിനിധി ശ്രീ സുരേഷ് ഗോപി മാത്രം. ദൈവത്തിന്റെ സ്വന്തം നാട് കൊടുത്ത വിധിയുമായി അവളും അവളുടെ പ്രിയപ്പെട്ടവരും തിരികെ പോകട്ടെ..
നമുക്ക് അടുത്ത ഇരയ്ക്കായി കാത്തിരിക്കാം..

shortlink

Related Articles

Post Your Comments

Related Articles


Back to top button