കാസർഗോഡ് ; നിയന്ത്രണംവിട്ട കാറിടിച്ച് അമ്മയ്ക്കൊപ്പം നടന്നുപോകുകയായിരുന്ന ബാലികയ്ക്ക് ദാരുണാന്ത്യം. ആലക്കോട് തടിക്കടവിലെ കുന്പളവേലിൽ ലിജോ ജോസഫ്-ബിൻസി ദന്പതികളുടെ മകളും അന്പലത്തറ മേരി ക്യൂൻസ് പബ്ലിക് സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിനിയുമായ എലിസബത്ത് (10) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ബിൻസി ഇപ്പോൾ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയിലെ അന്പലത്തറയ്ക്കു സമീപം മൂന്നാംമൈലിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.45ഓടെ ആയിരുന്നു അപകടം. അന്പലത്തറ സ്നേഹാലയത്തിലെ ശുശ്രൂഷകരായ ലിജോയും ബിൻസിയും കഴിഞ്ഞ രണ്ടുവർഷമായി സ്നേഹാലയത്തിനു സമീപത്തെ ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. എലിസബത്തിന്റെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം മേയ് 13ന് നടക്കാനിരിക്കെ ഇതിനുവേണ്ട വസ്ത്രങ്ങൾ വാങ്ങുന്നതിനായി കാഞ്ഞങ്ങാട്ടേക്ക് പോകാനിറങ്ങിയ ലിജോയും ബിൻസിയും മൂന്നു മക്കളും ബസ് കയറാനായി മൂന്നാംമൈൽ ബസ് സ്റ്റോപ്പിലേക്ക് നടക്കവേ നിയന്ത്രണംവിട്ട കാർ എലിസബത്തിനെയും ബിൻസിയെയും ഇടിക്കുകയായിരുന്നു.
കാർ ബിൻസിയെ ഇടിച്ചുതെറിപ്പിച്ചപ്പോൾ എലിസബത്ത് കാറിനടിയിൽപ്പെട്ടു. ശേഷം റോഡരികിലെ ക്ഷേത്രഭണ്ഡാരം ഇടിച്ചുതകർത്താണ് കാർ നിന്നത്. ഉടൻ തന്നെ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും എലിസബത്തിന്റെ നില ഗുരുതരമായതിനാൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകവേ ജീവൻ നഷ്ടപ്പെടുകയായിരുന്നു.
Also read ;കാറിന് മുകളിലേക്ക് ബസ് മറിഞ്ഞ് അപകടം ; നിരവധി പേര്‍ക്ക് പരിക്കേറ്റു
Post Your Comments