Latest NewsKeralaNews

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഒരു വീട്ടില്‍ നാല് ദുരൂഹമരണങ്ങള്‍ : ദുരൂഹമരണങ്ങള്‍ക്കു പിന്നിലെ അജ്ഞാതനെ തേടി പൊലീസ്

തലശ്ശേരി : പൊലീസ് നടപടികള്‍ ഊര്‍ജിതമായതോടെ പിണറായിയിലെ ഒരേ കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരളഴിയുമെന്ന പ്രതീക്ഷയില്‍ നാട്ടുകാര്‍. പിണറായി പടന്നക്കരയിലെ വീട്ടിലാണു നാലു മാസത്തിനിടെ മൂന്നു ദുരൂഹമരണങ്ങള്‍ നടന്നത്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നു പൊലിസ് കണ്ടെത്തിയതോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന യുവതിക്ക് പൊലിസ് കാവല്‍ ഏര്‍പ്പെടുത്തി. യുവതിയുടെ വീടുമായി ബന്ധമുള്ള ഏതാനും യുവാക്കള്‍ പൊലിസിന്റെ നിരീക്ഷണത്തിലാണ്. മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് സംഭവത്തിലെ ദുരൂഹത നീക്കാന്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ പൊലിസ് വളരെ കൃത്യമായും കാര്യക്ഷമമായുമാണ് അന്വേഷണം നടത്തുന്നത്.

യുവതിക്ക് മഫ്തിയിലുള്ള വനിതാ പൊലിസിന്റെ കാവല്‍ സദാസമയവും ഉണ്ട്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. യുവതിയുടെ ബന്ധുക്കളില്‍ നിന്നും വീടുമായി അടുപ്പമുള്ളവരില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു.

തലശ്ശേരി സിഐ കെ.ഇ.പ്രേമചന്ദ്രന്‍ ആണ് കേസ് അന്വേഷിക്കുന്നത്. പടന്നക്കര വണ്ണത്താംവീട്ടില്‍ കുഞ്ഞേരി കുഞ്ഞിക്കണ്ണന്റെ കുടുംബത്തില്‍ നാലു പേര്‍ക്കാണു ദാരുണാന്ത്യമുണ്ടായത്. ഇവരുടെ മകള്‍ സൗമ്യയാണ് ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്നത്. 2012ലാണ് സൗമ്യയുടെ ഒന്നര വയസ്സുള്ള കുട്ടി ഛര്‍ദിയെത്തുടര്‍ന്ന് മരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 21ന് സൗമ്യയുടെ രണ്ടാമത്തെ മകള്‍ ഒന്‍പതു വയസ്സുള്ള ഐശ്വര്യയും ആദ്യം മരിച്ച കുട്ടിയുടെ അതേ രോഗലക്ഷണവുമായി ചികില്‍സയിലിരിക്കെ മരിച്ചു. മാര്‍ച്ച് ഏഴിന് അമ്മ വടവതി കമലയും ഛര്‍ദിയെത്തുടര്‍ന്ന് മരിച്ചതോടെ ബന്ധുക്കള്‍ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ടു.

തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി. കൃത്യം 41-ാമത്തെ ദിവസമാണ് അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ മരിക്കുന്നത്. ഇതോടെ ബന്ധുക്കളും നാട്ടുകാരും മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. ഇതിനിടയിലാണ് സൗമ്യയെ കഴിഞ്ഞ ദിവസം ഛര്‍ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button