കൊച്ചി : മലയാളി എവിടെയും മുന്നിൽ: വിമാനത്തിൽ കുഴഞ്ഞുവീണ വിദേശിയെ മലയാളി രക്ഷിച്ചതിങ്ങനെ . പ്രഥമശുശ്രൂഷ നല്കി ഒരാളുടെ ജീവന് തിരികെ ലഭിക്കാന്‍ കാരണമായതിന്റെ നിര്‍വൃതിയിലാണ് കൊല്ലം സ്വദേശി സന്തോഷ് തങ്കച്ചന്. കൊല്ലം ബിഷപ്പ് ജെറോം നഗറില്‍ ട്രാവല്‍ എക്സ്പ്രസ് ടൂര്‍സ് എന്ന സ്ഥാപന ഉടമയായ ഇദ്ദേഹം തായ്ലാന്‍ഡിലേക്ക് യാത്ര ചെയ്യുകയായിരുന്നു. കൊല്ലത്തുനിന്നുള്ള 15 പേരടങ്ങുന്ന സംഘത്തോടെപ്പമായിരുന്നു യാത്ര. തിരുവനന്തപുരത്തുനിന്ന് സിംഗപ്പൂരിലെത്തിയശേഷം സിംഗപ്പൂരില്‍നിന്ന് തായ്ലാന്ഡിലേക്കെത്താന് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ എസ്.ക്യു. 970 എന്ന വിമാനത്തില്‍ കയറി.
47-ാം സീറ്റിലിരുന്ന സന്തോഷിന്റെ സമീപത്ത് സിംഗപ്പൂര്‍ സ്വദേശികളായ ദമ്പതിമാരായിരുന്നു. വിമാനം പറന്നുയര്‍ന്ന് അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അടുത്തിരുന്ന ആള് പെട്ടെന്നു കുനിഞ്ഞ് താഴേക്കുവീണ് തല മുന്പിലെ സീറ്റില്‍ തട്ടിനിന്നു. കൈകള്‍ തളര്‍ന്ന് നിലത്തും. ആദ്യമൊന്ന് അമ്പരന്നെങ്കിലും പെട്ടെന്ന് തനിക്കറിയുന്ന വിദ്യ പ്രയോഗിച്ചു. ഉടന്‍തന്നെ അയാളെ എടുത്തുയര്‍ത്തി സീറ്റിലേക്ക് ചാരിയിരുത്തി കവിളില്‍ ശക്തിയായി തട്ടി. ഇത് ആവര്‍ത്തിച്ചപ്പോള്‍ അയാള്‍ ഉണര്‍ന്നെങ്കിലും ശ്വാസം പതിയെ നിലച്ചു. കൈകള്‍ തണുത്തുമരവിച്ചു. ഹൃദയ ശ്വസന പുനരുജ്ജീവനത്തിലൂടെയേ (സി.പി.ആര്.) ഇയാളെ രക്ഷിക്കാന്‍ കഴിയൂ എന്ന് മനസ്സിലായി. ഈ സമയം കാബിന് സംഘങ്ങള്‍ ജൂസുമായി എത്തിയപ്പോള്‍ ഓക്സിജന്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു.
ഒപ്പം അദ്ദേഹത്തിന്റെ നെഞ്ചത്തമര്‍ത്തി ശ്വാസോച്ഛ്വാസം വീണ്ടെടുത്തു. തുടര്‍ന്ന് മാസ്ക് ധരിപ്പിച്ച് അദ്ദേഹത്തെ സാധാരണ നിലയിലേക്കു കൊണ്ടുവന്നു. ജീവന് തിരികെ കിട്ടിയതിന്റെ സന്തോഷം പങ്കുവയ്ത്താന് ദമ്പതിമാരും മറന്നില്ല. അപകടത്തില്‍പ്പെടുന്നവരുടെ ജീവന് രക്ഷിക്കുകയെന്ന ആശയം മുന്‍നിര്‍ത്തി ആരംഭിച്ച ട്രോമാ കെയര്‍ ആന്‍ഡ് റോഡ് ആക്സിഡന്റ് എയ്ഡ് സെന്ററിന്റെ (ട്രാക്ക്) ഭരണസമിതി അംഗമാണ് സന്തോഷ്. 1998-ല്‍ ഹാം റോഡിയോ പ്രവര്‍ത്തനം നടത്തുന്നതിന് സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയിട്ടുണ്ട്. 2015-16 വര്‍ഷത്തില്‍ 42 അപകടങ്ങളില്‍ അടിയന്തര ചികിത്സ നല്‍കിയതിന് ട്രാക്കിന്റെ ജീവന്‍രക്ഷാ അവാര്‍ഡും ലഭിച്ചു.
Post Your Comments