ചെന്നൈ: രാജ്യാന്തര കള്ളക്കടത്തു സംഘത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആർഐ) പിടികൂടി. ദുബായിൽനിന്ന് വ്യാജകമ്പനികളുടെ മേൽവിലാസത്തിൽ വൻതോതിൽ ഡീസൽ എത്തിച്ചു സമാന്തര വിപണിയിൽ വിൽക്കുന്ന സംഘമാണ് പിടിയിലായത്. ഡിആർഐ അധികൃതർ കണ്ടെയ്നറുകളിൽ ചെന്നൈ തുറമുഖത്ത് എത്തിച്ച 263.78 മെട്രിക് ടൺ (മൂന്നു ലക്ഷം ലീറ്റർ) പിടിച്ചെടുത്തു.
മിനറൽ സ്പിരിറ്റ് എന്ന വ്യാജേന ഗൾഫ് രാജ്യങ്ങളിൽനിന്ന് കണ്ടെയ്നറുകളിൽ ഡീസൽ എത്തിച്ചു സമാന്തര വിപണിയിൽ വിൽകുന്നുണ്ടെന്ന ആന്ധ്രപദേശ് പൊലീസ് ഇന്റലിജൻസിന്റെയും ഹൈദരാബാദ് ഡിആർഐയുടെയും രഹസ്യ വിവരത്തെ തുടർന്നു ചെന്നൈ ഡിആർഐ നടത്തിയ പരിശോധനയിലാണു സംഘം വലയിലായത്.
നാലു പേർ സംഭവത്തിൽ അറസ്റ്റിലായി. ഇവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇതുവരെ ചെന്നൈ തുറമുഖത്ത് ഇവര്‍ നിയന്ത്രിക്കുന്ന വ്യാജ കമ്പനികൾ മിനറൽ സ്പിരിറ്റ് എന്ന പേരിൽ 5366 മെട്രിക് ടൺ (63 ലക്ഷം ലീറ്റർ) ഡീസൽ എത്തിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വിപണിയിൽ ഇതിനു പതിനേഴു കോടി രൂപയിലധികം വില വരും.
ഒരാഴ്ചയിലേറെയായി ആന്ധ്ര പോലീസ് ഇന്റലിജന്‍സ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ ഉദ്യോഗസ്ഥർ അന്വേഷണം ഊർജിതാമാക്കിയിരുന്നു. ഹവാല ഇടപാടുകാരെയും നിരീക്ഷിച്ചിരുന്നു.
സംഘം ആന്ധ്രയിലെ കാക്കിനാട്, ചെന്നൈയിലെ മറൈമലൈനഗർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുന്നതെന്നും, ദുബായിൽ നിന്നു ചെന്നൈ പോർട്ടിലേക്കാണ് സ്ഥിരമായി ഡീസൽ ഇറക്കുമതി ചെയ്യുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇന്നലെ രാത്രി ചെന്നൈ തുറമുഖത്തു നടത്തിയ മിന്നൽ പരിശോധനയിൽ 14 കണ്ടെയിനറുകളിലായി മൂന്നു ലക്ഷം ലീറ്റർ ഡീസൽ കണ്ടെത്തി. തമിഴ്നാട്, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലേക്കാണ് ഡീസൽ എത്തിച്ചിരുന്നത്.
Post Your Comments