മലപ്പുറം• കത്വയില്‍ എട്ടുവയസുകാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 16ലെ ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമത്തില്‍ ആര്‍.എസ്.എസിന്റെ പങ്ക് അന്വേഷിക്കണമെന്ന് എസ്.ഡി.പി.ഐ ജില്ല ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ കലാപമുണ്ടാക്കാന്‍ സംഘ്പരിവാര്‍ മുമ്ബും ശ്രമിച്ചിട്ടുണ്ട്. ലോക മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തിനെതിരെ ഉയര്‍ന്ന സ്വാഭാവിക പ്രതിഷേധമാണ് 16ന് കണ്ടത്. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ രംഗത്തെത്തിയവരില്‍ മുസ്ലിം ലീഗ്, സി.പി.എം, കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ട്. എല്ലാ സമുദായത്തില്‍പ്പെട്ടവരുടെയും സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടു. കുറേപ്പേര്‍ അറസ്റ്റിലാവുകയും റിമാന്‍ഡിലാവുകയും ചെയ്തു. ഇതില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുമുണ്ട്. എന്നാല്‍, അക്രമ സംഭവങ്ങളുമായി പാര്‍ട്ടിക്ക് ബന്ധമിലെന്നും എസ്.ഡി.പി.ഐ പറഞ്ഞു.
താനൂരിലെ ബേക്കറി കൊള്ളയടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ കാണുന്നത് സി.പി.എം, ലീഗ് പ്രവര്‍ത്തകരെയാണ്. സ്വന്തം അണികള്‍ ചെയ്ത തെറ്റ് മറച്ചുവെക്കാനും ഹര്‍ത്താല്‍ വിജയിച്ചതിലെ ഈഗോ കാരണവും അക്രമ സംഭവങ്ങളും ഹര്‍ത്താലിന്റെ പിതൃത്വവും ഇവര്‍ എസ്.ഡി.പി.ഐയുടെ ചുമലിലിടുകയാണ്. പീഡനക്കേസ് പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കൊണ്ടുവന്ന പോക്സോ നിയമം, ഇരക്ക് നീതി കിട്ടാനായി ശബ്ദിച്ചവരുടെ മേല്‍ പ്രയോഗിക്കുന്നത് അപലപനീയമാണെന്നും എസ്.ഡി.പി.ഐ ഭാരവാഹികള്‍ പറഞ്ഞു. സാദിഖ് നടുത്തൊടി, എ.കെ. അബ്ദുല്‍ മജീദ്, എം.പി. മുസ്തഫ, എ.എ. റഹീം എന്നിവര്‍ സംബന്ധിച്ചു.
Post Your Comments