Latest NewsNewsIndia

മുന്‍ ബി.ജെ.പി പ്രവര്‍ത്തകനെ ആര്‍.എസ്.എസുകാര്‍ വെട്ടി; കാരണം ഇതാണ്

കോയമ്പത്തൂര്‍•കോയമ്പത്തൂരില്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത മുന്‍ ബി.ജെ.പി പ്രവര്‍ത്തകനെ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിച്ചു. ആര്‍.തങ്കരാജ് എന്നയാള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഗാന്ധിനഗര്‍ ജംഗ്ഷന് സമീപം ശിവാനന്ദ കോളനിയിലെ വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് ഇയാള്‍ക്കെതിരെ ആക്രമണമുണ്ടായത്.

രാധാകൃഷ്ണന്‍ എന്നയാളാണ് തങ്കരാജിനെ ആദ്യം സമീപിച്ചത്. തുടര്‍ന്ന് ഇയാളുടെ ബന്ധുക്കളായ അറുമുഖവും പരമശിവവും സ്ഥലത്തെത്തി. തുടര്‍ന്ന് മൂവരും തങ്കരാജുമായി വഴക്കിട്ടു. തങ്കരാജ് ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു എന്നാരോപിച്ചായിരുന്നു വഴക്ക്. വഴക്ക് ചൂടുപിടിച്ചപ്പോള്‍ രാധാകൃഷ്ണന്‍ അരിവാള്‍ എടുത്ത് തങ്കരാജിനെ വെട്ടുകയായിരുന്നു. തലയ്ക്കും തോളുകള്‍ക്കും പരിക്കേറ്റ തങ്കരാജിനെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാധാകൃഷ്ണന്‍  നിരവധി വര്‍ഷങ്ങളായി തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുകയാണെന്ന് തങ്കരാജ് പോലീസിനോട് പറഞ്ഞു. ഓരോ തവണയും രാധാകൃഷ്ണന്‍ തങ്കരാജിനെ കാണുമ്പോള്‍, അയാള്‍ മറ്റുള്ളവരെ ക്രിസ്തുമതത്തിലേക്ക് മാറ്റുകയാണെന്ന് പറയുമെന്ന് ഒരു പാസ്റ്റര്‍ പറഞ്ഞു.

നേരത്തെ കോയമ്പത്തൂര്‍ കോര്‍പറേഷന്‍ 50 ാം വാര്‍ഡില്‍ പാര്‍ട്ടി ഭാരവാഹിത്വം വഹിച്ചിരുന്നയളാണ് തങ്കരാജ്. 1994 ല്‍ ഇയാള്‍ പെന്തക്കോസ്തിലേക്ക് പരിവര്‍ത്തനം ചെയ്തു. ഇയാള്‍ ഇപ്പോഴും പാര്‍ട്ടി അംഗമാണോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ പാര്‍ട്ടി തയ്യാറായില്ല. അതേസമയം, ഇയാള്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ ആണെന്നും ഇപ്പോള്‍ സജീവമല്ലെന്നും പോലീസ് പറഞ്ഞു.

സംഭവത്തില്‍ രതിനാപുരി പോലീസ് കേസെടുത്തിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം അറസ്റ്റിലായ രാധാകൃഷ്ണനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ദയുണ്ടാക്കല്‍, അസഭ്യ പ്രയോഗം, ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button