കൊല്ലം: തിരുവനന്തപുരത്ത് നിന്ന് കാണാതായ ഗര്‍ഭിണിയെ കണ്ടെത്തിയതോടെ നിരവധി ദുരൂഹതകൾ ആണ് സംഭവത്തിലുള്ളത്. കൊല്ലം കരുനാഗപള്ളിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ നിന്നാണ് ഇവരെ കാണാതായത്. ഗര്‍ഭിണിയെ കാണാതായ സംഭവത്തില്‍ അന്വേഷണം അന്യസംസ്ഥാനത്തേക്കടക്കം വ്യാപിപ്പിച്ചിരുന്നു.
കരുനാഗപ്പള്ളി ബസ്റ്റാന്‍ഡിലാണ് അവശനിലയില്‍ യുവതിയെ ടാക്‌സി ജീവനക്കാര്‍ കണ്ടെത്തിയത്. ഗര്‍ഭിണിയായ യുവതി പന്തികേടായി നില്‍ക്കുന്ന കണ്ട ടാക്‌സി ജീവനക്കാര്‍ ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി ഇവരെ ചോദ്യം ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്യലിലാണ് എസ്‌എടി ആശുപത്രിയില്‍ നിന്ന് കാണാതായ യുവതിയാണ് ഇവരെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇവരെ കരുനാഗപ്പള്ളി ആശുപത്രിയിലെത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് പൊലീസിന് കൈമാറുകയായിരുന്നു.
എന്നാല്‍ യുവതി ഗര്‍ഭിണിയല്ലെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞു. പൊലീസ് കൂടുതല്‍ വിവരം പുറത്ത് വിട്ടിട്ടില്ല. പൂര്‍ണ ഗര്‍ഭിണിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഭര്‍ത്താവും ബന്ധുക്കള്‍ക്കുമൊപ്പം കഴിഞ്ഞ ചൊവ്വാഴ്ചയാണ് മടവൂര്‍ സ്വദേശിയായ ഷംന എസ് എടി ആശുപത്രിയില്‍ ഡോക്ടറെ കാണുവാന്‍ എത്തിയത്. ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ചോദ്യം ചെയ്യലിന് ശേഷം പൊലീസ് വെളിപ്പെടുത്തും. ഗര്‍ഭിണിയല്ലെന്നു വീട്ടുകാര്‍ അറിയുന്നതുമൂലമുണ്ടാകുന്ന നാണക്കേടു ഭയന്നു യുവതി നാടുവിടുകയായിരുന്നുവെന്നാണു നിഗമനം.
Post Your Comments