ചവറ: ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ ആശുപത്രിയില്‍ മരിച്ചു. യുവതിയുടെ മരണം ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും നിരന്തര പീഡനം മൂലമാണെന്ന പരാതിയുമായി യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. കോയിവിള കിഴക്ക് ചമ്പോളില്‍ തെക്കതില്‍ സുരേഷ് – ബിന്ദു ദമ്പതികളുടെ മകളും കോയിവിള കരുവാ കിഴക്കതില്‍ കോളനിയില്‍ ലിനുവിന്റെ ഭാര്യയുമായ ഗോപിക (20)യാണ് മരിച്ചത്.
കഴിഞ്ഞ 12 ന് ലിനുവിന്റെ വീട്ടില്‍ കിടപ്പുമുറിയിലെ ജനലഴിയിലാണ് യുവതി ആത്മഹത്യാശ്രമം നടത്തിയത്. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി 8 ന് മരണപ്പെട്ടു. യുവതി ചികിത്സയിലിരിക്കെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും എതിരെ യുവതിയുടെ വീട്ടുകാര്‍ തെക്കുംഭാഗം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മജിസ്‌ട്രേറ്റിനെ കൊണ്ട് മൊഴിയെടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി അബോധാവസ്ഥയിലായതിനാല്‍ കഴിഞ്ഞില്ല.
ഇരു സമുദായത്തില്‍പെട്ട ഇരുവരും പ്രണയത്തിലായതോടെ 2015 നവംബര്‍ 30 നാണ് വിവാഹിതരാകുന്നത്. ഇവര്‍ക്ക് ഒന്നര വയസ് പ്രായമുള്ള മകളുമുണ്ട്. വിവാഹ ശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ലിനുവും വീട്ടുകാരും മകളെ നിരന്തരം മാനസികമായി പീഡിപ്പിച്ച് വരികയായിരുന്നു എന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. സ്ത്രീധന പീഡനമാണ് മകളുടെ മരണകാരണമെന്ന പരാതിയില്‍ ലിനുവിനും ബന്ധുക്കളായ മൂന്ന് പേര്‍ക്കും എതിരെ തെക്കുംഭാഗം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post Your Comments