Latest NewsKeralaNews

ഇതരസംസ്ഥാന തൊഴിലാളിയുടെ മരണം; ബന്ധു അറസ്റ്റിലായതോടെ സംഭവത്തിന്റെ ചുരുളഴിയുന്നു

തൊടുപുഴ: ഇതരസംസ്ഥാന തൊഴിലാളിയുടെ മുങ്ങിമരണത്തില്‍ ബന്ധു അറസ്റ്റിലായതോടെ മരണത്തിന്റെ ചുരുളഴിയുന്നു. തൊടുപുഴയാറ്റില്‍ മുങ്ങിമരിച്ച മധ്യപ്രദേശ് ഗ്വാളിയര്‍ സ്വദേശി രാമചന്ദ്രസിങ്(30) ന്റെ ബന്ധു അറസ്റ്റിലായതോടെയാണ് സംഭവത്തിന്റെ സ്ത്യാവസ്ഥ പുറത്തറിയുന്നത്. രാമചന്ദ്രസിങ്ങിന്റെ മരണം കൊലപാതകമാണെന്ന് തൊടുപുഴ പൊലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശിയും രാമചന്ദ്രസിങ്ങിന്റെ ഭാര്യയുടെ അര്‍ധസഹോദരനുമായ ഉപേന്ദ്രസിങ്(22) നെ പൊലീസ് അറസ്റ്റ് ചെയ്തു.

മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തൊടുപുഴയില്‍ നടക്കുന്ന ജുറാസിക് ആന്‍ഡ് റോബോട്ടിക് ആനിമല്‍ പ്രദര്‍ശനത്തില്‍ തൃശൂരില്‍ നിന്നുള്ള ഡിജെ കമ്പനിയുടെ ജീവനക്കാരായാണ് രാമചന്ദ്രസിങ്ങും ഉപേന്ദ്രസിങ്ങും തൊടുപുഴയിലെത്തിയത്. ഉപേന്ദ്രസിങ്ങിനെ സംശയമുണ്ടെന്ന ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. പ്രതിയെ മുട്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സംഭവമിങ്ങനെ:

കഴിഞ്ഞ 14ന് രാവിലെ തൊടുപുഴ മുസ്ലിം പള്ളിക്കു സമീപത്തെ കുളിക്കടവില്‍ കുളിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ രാമചന്ദ്രസിങ്ങിനെ പ്രതി പുഴയിലേക്കു തള്ളിയിടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കുളിക്കുന്നതിനിടെ രാമചന്ദ്രസിങ്ങിന്റെ ദേഹത്ത് ഉപേന്ദ്രസിങ് കയറിനിന്നതാണു തര്‍ക്കത്തിനിടയാക്കിയത്.

രാമചന്ദ്രസിങ് അസഭ്യം പറഞ്ഞപ്പോള്‍ പ്രകോപിതനായ പ്രതി രാമചന്ദ്രസിങ്ങിനെ പുഴയിലേക്കു തള്ളിയിട്ടു. രാമചന്ദ്രന്‍സിങ്ങിനു നീന്തല്‍ വശമില്ലാതിരുന്നതിനാല്‍ പുഴയില്‍ വീണയുടനെ താഴേക്ക് ഒഴുകിപ്പോയി. നീന്തല്‍ അറിയാമായിരുന്ന ഉപേന്ദ്രസിങ് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് അടുത്ത കടവിലേക്ക് നീന്തിക്കയറി.

തൊടുപുഴ ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ഏകദേശം 200 മീറ്റര്‍ അകലെ പുഴയോരത്തുള്ള മുള്‍പടര്‍പ്പില്‍ കുടുങ്ങിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. നീന്തല്‍ അറിയാത്ത രാമചന്ദ്രസിങ് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടുവെന്നാണ് ഉപേന്ദ്രസിങ് ആദ്യം പൊലീസിനോടു പറഞ്ഞത്. സംഭവത്തില്‍ അസ്വഭാവികമരണത്തിനു പൊലീസ് കേസ് എടുത്തിരുന്നു.

 

 

shortlink

Related Articles

Post Your Comments


Back to top button