കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡി മരണത്തിനിരയായ ശ്രീജിത്തിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും നെഞ്ചുപൊട്ടി പറയാനുള്ളത് ഒരേയൊരു കാര്യം മാത്രം. എസ്‌ഐ ഉള്‍പ്പെടെ മര്‍ദ്ദിച്ചവരെയെല്ലാം അറസ്റ്റ് ചെയ്യണം, വാര്‍ത്ത കേട്ടപ്പോള്‍ ആശ്വാസമുണ്ട്. പക്ഷേ അറസ്റ്റ് മാത്രം പോര. അവരെ കൊലക്കുറ്റത്തിന് ജയിലിലടക്കണമെന്നും ശിക്ഷിക്കണമെന്നും ശ്രീജിത്തിന്റെ അമ്മ ശ്യാമളയും ഭാര്യ അഖിലയും പറഞ്ഞു.
വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ മൂന്ന് പൊലീസുകാര്‍ അറസ്റ്റിലായി. ആലുവ പൊലീസ് ക്ലബില്‍ ചോദ്യംചെയ്തശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത് . ജിതിന്‍ രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. റൂറല്‍ എസ്പിയുടെ സ്‌ക്വാഡ് അംഗങ്ങളാണ് മൂന്നുപൊലീസുകാരും. ശ്രീജിത്തിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയത് ഇവരാണ്. മൂന്നുപേര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും.
ശ്രീജിത്തിന്റെ മരണത്തിന് കാരണക്കാരായ എല്ലാവരേയും പിടികൂടുമെന്നു ഐജി എസ്.ശ്രീജിത്ത് പറഞ്ഞു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മെഡിക്കല്‍ ബോര്‍ഡ് യോഗം നാളെ ചേരും. തുടരന്വേഷണത്തില്‍ ഇത് നിര്‍ണായകമാകുമെന്നും ഐജി പറഞ്ഞു. വളരെ ക്രൂരമായിട്ടായിരുന്നു ശ്രീജിത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്.
Post Your Comments