കൊച്ചി : വരാപ്പുഴ ദേവസ്വംപാടത്തെ ശ്രീജിത്ത് സ്വന്തം വയറ്റില്‍ സ്വയം ചവിട്ടി ആത്മഹത്യ ചെയ്തതല്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിനു ബോധ്യമായി. എസ്പിയേമാനന്റെ ടൈഗര്‍ ഫോഴ്സിലുണ്ടായിരുന്ന മൂന്ന് പോലീസുകാരെ അറസ്റ്റ് ചെയ്തു. സസ്പെന്‍ഷനിലുളള എസ്‌ഐയും സിഐയും മറ്റു ചില പോലീസുകാരും കൂടി പ്രതികളാകും എന്നാണ് ബൂര്‍ഷ്വാ പത്രങ്ങള്‍ നല്‍കുന്ന സൂചന.
ആദ്യഘട്ടത്തില്‍ മാധ്യമ സിന്‍ഡിക്കേറ്റുകാരോ പ്രതിപക്ഷ പാര്‍ട്ടികളോ പോലും ശ്രദ്ധിക്കാതിരുന്ന ഈ കസ്റ്റഡി മര്‍ദനം ഒരു ആഗോള പ്രശ്‌നമാക്കി മാറ്റി ജനകീയ പോലീസിന്റെയും ജനകീയ സര്‍ക്കാരിന്റെയും പ്രതിച്ഛായക്കു മങ്ങലേല്‍പ്പിച്ചത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി മോഹനദാസാണ്.
ശ്രീജിത്ത് ആശുപത്രിയില്‍ കിടക്കുമ്പോള്‍ തന്നെ ഇദ്ദേഹം പ്രശ്‌നത്തില്‍ ഇടപെട്ടു: മാധ്യമങ്ങളേ നാട്ടുകാരേ ഓടിവരണേ, ഇതാ പോലീസ് മര്‍ദ്ദനം, മനുഷ്യാവകാശ ലംഘനം എന്ന് അലമുറയിട്ടു. അങ്ങനെയാണ് ഏഷ്യാനെറ്റും മാതൃഭൂമിയും മനോരമയും ഉഷാറായത്. ഉമ്മനും കുമ്മനും അത് ഏറ്റുപിടിച്ചു വഷളാക്കി.
മനുഷ്യാവകാശ കമ്മീഷന്റെ ചരിത്രത്തില്‍ ഇന്നുവരെ ഒരു ചെയര്‍മാനോ മെമ്പറോ ഇതുപോലെ ഒരതിക്രമം ചെയ്തിട്ടില്ല. പരാതി കിട്ടിയാല്‍ ഇരുകൂട്ടരെയും നോട്ടീസ് അയച്ചു വിളിച്ചു വരുത്തും, കുറേ നടത്തിക്കും, ഒടുവില്‍ പരാതിയില്‍ കഴമ്പില്ല എന്നു കണ്ടെത്തി ഫയല്‍ ക്ലോസ് ചെയ്യും- ഇതാണ് നാട്ടുനടപ്പ്. അതുകൊണ്ടു തന്നെ പോലീസുകാര്‍ക്ക് മനുഷ്യാവകാശ കമ്മീഷനോട് വലിയ ബഹുമാനമാണ്.
മോഹനദാസിനെ ഇതുപോലെ വിട്ടാല്‍ അപകടമാണ്. പോലീസിനു മനുഷ്യരെ തല്ലാനും കൊല്ലാനും കൊലപാതകം ആത്മഹത്യയാക്കാനുമുളള അവകാശം നഷ്ടപ്പെടും, നാട്ടില്‍ അരാജകത്വം പടര്‍ന്നു പിടിക്കും.
നിലവിലുള്ള നിയമപ്രകാരം ഇദ്ദേഹത്തെ പിരിച്ചുവിടാന്‍ നിവൃത്തിയില്ല. നിയമം ഭേദഗതി ചെയ്യാന്‍ ഏഷ്യാനെറ്റിലെ വിനുവും മാതൃഭൂമിയിലെ വേണുവും സമ്മതിക്കില്ല; സന്നിഗ്ദ്ധഘട്ടത്തില്‍ ഷാനി സഖാവുപോലും പ്രതിഭാഗം ചേരും.
ഒറ്റവഴിയേ ബാക്കിയുള്ളൂ. നീതിമാനായ നമ്മുടെ ചീഫ് ജസ്റ്റിസ് മേയ് മാസമൊടുവില്‍ പെന്‍ഷനാകും. ഉടനടി നടപടിക്രമം പൂര്‍ത്തീകരിച്ച് ടിയാനെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കാം. അതോടെ മോഹനദാസ് വെറും മെമ്പറായി മാറും. ജനകീയ പോലീസിനു പിന്നെ ഒന്നും പേടിക്കണ്ട. ആരെയും തല്ലാം, തലോടാം, ഉരുട്ടാം; ലോക്കപ്പു മരണം ആത്മഹത്യയാക്കാം.
Post Your Comments