![varappuzha sreejith murder](/wp-content/uploads/2018/04/sreejith-murder.png)
കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡി മരണത്തിനിരയായ ശ്രീജിത്തിന്റെ കേസില്‍ നിര്‍ണായകമായ വഴിത്തിരിവ്. കസ്റ്റഡി മരണത്തില്‍ പൊലീസുകാര്‍ പ്രതികളാകും. സിഐ മുതല്‍ ആര്‍ടിഎഫുകാര്‍ വരെ പ്രതികളാകുമെന്നാണ് സൂചന. സംഭവത്തില്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യുന്നു. പിടികൂടുമ്പോള്‍ മര്‍ദ്ദിച്ചതിന് അര്‍ടിഎഫിനെതിരെ കൊലക്കുറ്റം ചുമത്തും. റൂറല്‍ എസ്പിയെ കേസില്‍ ഉള്‍പ്പെടുത്തേണ്ടെന്നാണ് തീരുമാനം.
Also Read : ശ്രീജിത്തിന്റെ കസ്റ്റഡി മരണം; കേസില്‍ നിര്‍ണായക വഴിത്തിരിവ്
ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്തതിന്റെ ഉത്തരവാദിത്വം മുഴുവന്‍ സിഐയ്ക്കാണ്. വാരാപ്പുഴ സ്റ്റേഷനിലുള്ളവരും കേസില്‍ പ്രതികളാകും. മരണകാരണമായ മര്‍ദ്ദനം എവിടെ വെച്ചെന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. ആദ്യ അറസ്റ്റ് വൈകില്ലെന്നാണ് സൂചന. പോലീസ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആളുമാറിയാണെന്ന് പുതുതായി രൂപീകരിച്ച അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശ്രീജിത്തിനെ പൊലീസ് പിടിച്ചത്.
വാസുദേവന്റെ സഹോദരന്‍ ഗണേശനാണ് തെറ്റായ വിവരം നല്‍കിയത്. കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ക്ക് സ്ഥലപരിചയം ഉണ്ടായിരുന്നില്ല. ആക്രമണം നടക്കുമ്പോള്‍ ശ്രീജിത്ത് സ്വന്തം വീട്ടിലായിരുന്നെന്ന് സഹോദരനും മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചു. 5 ഡോക്ടര്‍മാരാണ് മെഡിക്കല്‍ സംഘത്തിലുള്ളത്. ശ്രീജിത്തിന് എങ്ങനെയൊക്കെ മര്‍ദ്ദനമേറ്റെന്ന് കണ്ടെത്താനാണ് ശ്രമം. അതേസമയം ശ്രീജിത്തിന്റെ കൂട്ടുപ്രതികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
Also Read : ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ഭാര്യ അഖിലയുടെ മൊഴിയും പോലീസിന് കുരുക്കായി
ഈ ആവശ്യമുന്നയിച്ചു പ്രത്യേകാന്വേഷണ സംഘം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് കത്തു നല്‍കിയിരുന്നു. ശ്രീജിത്തിന്റെ മൃതദേഹത്തിലും ആന്തരികാവയവങ്ങളിലും കണ്ടെത്തിയ ക്ഷതങ്ങളും പരിക്കുകളും വിശകലനം ചെയ്യാന്‍ വിവിധ വിഭാഗങ്ങളില്‍ വിദഗ്ധരായ അഞ്ചു ഡോക്ടര്‍മാരടങ്ങുന്ന ബോര്‍ഡ് രൂപീകരിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.
ശ്രീജിത്തിന്റെ അടിവയറ്റില്‍ കനത്ത ക്ഷതമേറ്റിരുന്നതായും ജനനേന്ദ്രിയത്തില്‍ രക്തം കട്ടിപിടിക്കുന്ന രീതിയിലുള്ള പരിക്കേറ്റുവെന്നും ചെറുകുടല്‍ മുറിഞ്ഞുവെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ മരണ കാരണമായ പരിക്കേതെന്നതാണു മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയില്‍ ആദ്യം അറിയേണ്ടത്. ഈ പരിക്കു സംഭവിച്ച സമയം, ഇതിന് ആധാരമായ മര്‍ദനം എന്നിവയും അറിയേണ്ടതുണ്ട്. പൊലീസിന്റെ മര്‍ദനമേറ്റാണു ശ്രീജിത്ത് മരിച്ചതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
Post Your Comments