KeralaLatest NewsNews

കാലവര്‍ഷം നേരത്തെ എത്തും : കേരളത്തില്‍ സൂചനകള്‍ കണ്ടുതുടങ്ങി

തിരുവനന്തപുരം : കേരളത്തില്‍ ഇത്തവണ നേരത്തെ കാലവര്‍ഷം എത്തും. അതിനുള്ള സൂചനകള്‍ കണ്ടുതുടങ്ങി. ഈ വര്‍ഷം രാജ്യത്തു ശരാശരി മഴ കിട്ടുമെന്നു മാത്രമല്ല, കാലവര്‍ഷം ഒരാഴ്ചയെങ്കിലും മുന്‍പേ കേരളത്തിലെത്താന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍. ദീര്‍ഘകാല ശരാശരിയുടെ 97 മുതല്‍ 102 ശതമാനം വരെ മഴ ലഭിക്കുമെന്ന ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) പ്രവചനം കഴിഞ്ഞ ദിവസം പുറത്തു വന്നതിനു പുറമേയാണ് പ്രതീക്ഷ പകരുന്ന ഈ സൂചന.

കാലവര്‍ഷത്തിനു മുന്നോടിയായി ഏപ്രില്‍-മേയ് മാസങ്ങളില്‍ വേനല്‍മഴ ശക്തിപ്പെടുന്ന പതിവുണ്ട്. ജൂണ്‍ ഒന്നിനു കേരള തീരത്ത് കാലവര്‍ഷമെത്തണമെങ്കില്‍ ‘പ്രീ- മണ്‍സൂണ്‍ റെയിന്‍ഫോള്‍ പീക്ക് ‘ എന്ന് അറിയപ്പെടുന്ന വേനല്‍മഴയുടെ കരുത്തുറ്റ പ്രകടനം ഏപ്രില്‍ 21 മുതല്‍ അരങ്ങേറണം. എന്നാല്‍ ഈ മാസം എട്ടു മുതല്‍ 15 വരെ കേരളം മുതല്‍ ബംഗാള്‍ വരെയുള്ള വിശാലമായ ഭൂപ്രദേശത്തെ കുളിരണിയിച്ച മഴ മണ്‍സൂണ്‍ മുന്‍കൂട്ടി വരുന്നതിന്റെ സൂചനയാണെന്നു മുതിര്‍ന്ന കാലാവസ്ഥാ നിരീക്ഷകനും ഐഎംഡി മുന്‍ മേധാവിയുമായ ഡോ. പി.വി. ജോസഫ് പറഞ്ഞു.

ഭൂമധ്യരേഖയ്ക്കു താഴെ ഇന്ത്യന്‍ മഹാസമുദ്രം തണുത്തും മധ്യരേഖയ്ക്കു മുകളിലേക്കു ചൂടായും കിടക്കുന്നതുമൂലം മധ്യരേഖ കേന്ദ്രീകരിച്ചു വന്‍തോതില്‍ ഈര്‍പ്പം നിറഞ്ഞ മേഘപടലം രൂപപ്പെടുന്നുണ്ട്. ഇത് ദക്ഷിണാര്‍ധ ഗോളത്തില്‍ നിന്നെത്തുന്ന തണുത്ത കാറ്റുമായി ചേര്‍ന്നു മഴയ്ക്കു വഴിതുറക്കും.

എന്നാല്‍ കാലവര്‍ഷം നേരത്തെയെത്തിയതുകൊണ്ട് മെച്ചപ്പെട്ട മഴ ലഭിക്കണമെന്നില്ലെന്നും ജോസഫ് സൂചിപ്പിച്ചു. മഴ നേരത്തെയെത്താനുള്ള സാധ്യതകളാണ് കാണുന്നതെന്ന് കൊച്ചി സര്‍വകലാശാലയിലെ കാലാവസ്ഥാ ഗവേഷകനായ ഡോ. എം. ജി മനോജും പറഞ്ഞു.

ഇതനുസരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്ന് യുഎസിലെ ക്ലൈമറ്റ് പ്രെഡിക്ഷന്‍ സെന്റര്‍ എന്ന കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടുണ്ട്. ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലിലൂടെ ഒഡീഷ തീരത്തേക്കാവും. ചുഴലിക്കാറ്റിനുള്ള സാധ്യത കുറവാണ്. അതേ സമയം അറബിക്കടലിലും സമാന രീതിയിലുള്ള ന്യൂനമര്‍ദങ്ങള്‍ രൂപപ്പെട്ടാല്‍ കേരളത്തിലും വേനല്‍മഴ ലഭിച്ചേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button