Latest NewsKeralaNews

പ്രണയത്തെ എതിർത്തതിന് സഹപാഠികളുടെ ഭീഷണി: 18 കാരി ജീവനൊടുക്കി

തൃശൂര്‍: സഹപാഠികളുടെ പ്രണയത്തെ എതിര്‍ത്തതിന്റെ പേരിലുണ്ടായ നിരന്തര ഭീഷണിയെത്തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കി. മണ്ണുത്തി മുക്കാട്ടുകര പുത്തന്‍പുരയ്ക്കല്‍ പരേതനായ ബാലന്റെ മകള്‍ അനഘ(18)യാണ് തൂങ്ങിമരിച്ചത്. അമ്മയും അനുജത്തിയുമൊത്ത് വിഷു ആഘോഷിക്കാന്‍ അമ്മവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു അനഘ. അമ്മയും അനുജത്തിയും വിഷു കഴിഞ്ഞു മടങ്ങിയെങ്കിലും അനഘ അമ്മവീട്ടിൽ തന്നെ തുടരുകയായിരുന്നു. തുടർന്നായിരുന്നു പെൺകുട്ടിയുടെ ആത്മഹത്യ.

വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് മുക്കാട്ടുകരയിലെ വീട്ടില്‍നിന്നു കണ്ടെത്തി. തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്ന സഹപാഠികളായ രണ്ടു പെണ്‍കുട്ടികളുടെയും ഒരു ആണ്‍കുട്ടിയുടെയും പേര്‍ ഇതില്‍ സൂചിപ്പിച്ചിട്ടുണ്ട്. തനിക്ക് ഭീഷണി നേരിടുന്നുണ്ടെന്ന വിവരം മൊബൈല്‍ ഫോണിന്റെ വോയ്സ് റെക്കോഡറില്‍ രേഖപ്പെടുത്തുകയും ചെയ്തു.തൃശൂര്‍ ചെമ്പൂക്കാവില്‍ അക്കൗണ്ടന്‍സി കോഴ്സ് പഠിപ്പിക്കുന്ന സ്വകാര്യസ്ഥാപനത്തിലെ വിദ്യാര്‍ഥിനിയാണ് അനഘ. ഒപ്പം പഠിക്കുന്ന ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നു.

ഇത് എതിര്‍ത്തതും ആണ്‍കുട്ടിയുടെ സ്വഭാവത്തെക്കുറിച്ച് പെണ്‍കുട്ടിയോട് മോശമായി സംസാരിച്ചതുമാണ് അനഘയോട് വൈരാഗ്യമുണ്ടാകാന്‍ കാരണം. ഇതിന്റെ പേരില്‍ ഇവര്‍ നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു. പ്രണയത്തിലായിരുന്ന സഹപാഠികള്‍ രജിസ്റ്റര്‍ വിവാഹംചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിക്കുമെന്നും അനഘ സൂചിപ്പിച്ചിരുന്നു.

മൃതദേഹം തഹസില്‍ദാര്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷമാണ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയത്. ഇതിനിടെ, മരണത്തിന് ഉത്തരവാദികളായവരുടെ പേരില്‍ കേസെടുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്ന് ഉച്ചകഴിഞ്ഞ് വടൂക്കര ശ്മശാനത്തില്‍ സംസ്‌കരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button